റിയൊ പാരലിമ്പിക്സില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ സ്വന്തം റെക്കോഡ് ദൂരം തിരുത്തി സ്വര്‍ണ്ണം നേടി. 2004-ല്‍ ആതന്‍സ് പാരലിമ്പിക്സിലും ജജാരിയ സ്വര്‍ണ്ണം നേടിയിരുന്നു. അന്നത്തെ 62.15 മീറ്റര്‍ എന്ന റെക്കോഡ് 63.97 ആയി മെച്ചപ്പെടുത്തിയാണ് ചൊവ്വാഴ്ച റിയൊവില്‍ ജജാരിയ സ്വര്‍ണ്ണം നേടിയത്.
36-കാരനായ ജജാരിയയുടെ ഇടതുകൈ നഷ്ടപ്പെട്ടതാണ്. ഇന്ത്യയുടെ രണ്ടാമത്തെ പാരലിമ്പിക്സ് സ്വര്‍ണ്ണമായിരുന്നു ആതന്‍സില്‍ ജജാരിയ നേടിയത്. 2004-ല്‍ അര്‍ജുന പുരസ്കാരവും 2012-ല്‍ പദ്മശ്രീ ബഹുമതിയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. പദ്മശ്രീ നേടുന്ന ആദ്യ പാരലിമ്പ്യനുമാണ്.
ഇതോടെ റിയൊ പാരലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. നേരത്തെ ദീപ മാലിക് ഷോട്ട് പുട്ട് മത്സരത്തില്‍ വെള്ളി നേടിയിരുന്നു. ഇന്ത്യയുടെ ആദ്യ വനിതാ പാരലിമ്പിക് മെഡല്‍ ജേതാവാണ് ദീപ. ഹൈ ജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണ്ണവും വരുണ്‍ ഭട്ടി വെങ്കലവും നേടിയാണ് ഇന്ത്യയുടെ മെഡല്‍ പട്ടിക തുറന്നത്.
1968 മുതല്‍ പാരലിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യ നാല് വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും ഇതുവരെ നേടിയിട്ടുണ്ട്.