Skip to main content

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയ ഇന്ത്യക്കാരോട് ശമ്പള കുടിശ്ശിക ലഭിക്കുന്നതും കാത്തുനില്‍ക്കാതെ തിരികെവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ സൗദി അധികൃതരുമായി ചര്‍ച്ച നടക്കവേയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്. ചര്‍ച്ച ഫലപ്രദമായില്ലെന്ന സൂചനയാണ് മന്ത്രിയുടെ നടപടി നല്‍കുന്നത്.

 

അനിശ്ചിത കാലം കാത്തിരിക്കാതെ മടങ്ങിവരാനും അടച്ചുപൂട്ടിയ കമ്പനികളുമായി സൗദി സര്‍ക്കാറിന്റെ ചര്‍ച്ചയില്‍ തീരുമാനമാകുന്ന മുറയ്ക്ക് ശമ്പള കുടിശ്ശിക ലഭിക്കുമെന്നും സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. മൂന്ന്‍ പ്രധാന കമ്പനികളിലെ ചുരുങ്ങിയത് 3172 ഇന്ത്യന്‍ തൊഴിലാളികളാണ് ഏതാനും മാസങ്ങളിലെ ശമ്പളവും മറ്റും ലഭിക്കാതെ കുടുങ്ങിയിട്ടുള്ളത്. ഇവരുടെ മടക്കയാത്രയുടെ ചിലവ് വഹിക്കാമെന്ന് സ്വരാജ് പറഞ്ഞിട്ടുണ്ട്.