തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ഭുരിപക്ഷം പ്രീതം മുണ്ടെയ്ക്ക്‌

Mon, 20-10-2014 04:30:00 PM ;
മഹാരാഷ്ട്ര

pritam mundey ഉപതിരഞ്ഞെടുപ്പ് നടന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിൽ ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 6,92,245 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രീതം വിജയിച്ചത്. എതിർസ്ഥാനാർത്ഥി കോണ്‍ഗ്രസിന്റെ അശോക് റാവു ശങ്കര്‍ റാവു പാട്ടീലിന് 2,24,678 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പശ്ചിമബംഗാളിൽ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച അനിൽ ബസു നേടിയ 5,92,502 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ റെക്കോഡാണ് പ്രീതം മുണ്ടെയിലൂടെ തിരുത്തികുറിക്കപെട്ടത്. ശിവസേന ബീഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്നതും, ഗോപിനാഥ് മുണ്ഡെയുടെ മരണത്തിന്റെ സഹതാപ തരംഗം ആഞ്ഞടിച്ചതും പ്രീതം മുണ്ടെയ്ക്ക് സഹായകമായി. പ്രീതത്തിന്റെ സഹോദരി പങ്കജ മുണ്ടെ പര്‍ളി മണ്ഡലത്തില്‍ നിന്ന് 25,000 ത്തില്‍പ്പരം വോട്ടുകള്‍ക്ക് ജയിച്ച് നിയമസഭയിലെത്തി. ഗോപിനാഥ് മുണ്ടെയുടെ മരണത്തെ തുടർന്ന്‌ മക്കൾക്കു തന്നെ സീറ്റ് നൽകാൻ ബി ജെ പി തീരുമാനിക്കുകയായിരുന്നു. ദില്ലിയിലുണ്ടായ വാഹനാപകടത്തിലാണ് ഗോപിനാഥ് മുണ്ടെ മരണമടഞ്ഞത്.

 

Tags: