Skip to main content
ബാഗ്ദാദ്

ഇറാഖില്‍ രൂക്ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന് സൗദി അറേബ്യയാണ് ഉത്തരവാദിയെന്ന്‍ ഇറാഖ് സര്‍ക്കാര്‍. വടക്കന്‍ മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്ത സുന്നി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് വഴി വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയാണ് സൗദി അറേബ്യ ചെയ്യുന്നതെന്നും ഇറാഖ് കുറ്റപ്പെടുത്തി.

 

Nouri al-Malikiപ്രധാനമന്ത്രി നൌറി അല്‍-മാലിക്കിയുടെ ഓഫീസ് പുറത്തിറക്കിയ മന്ത്രിസഭയുടെ പ്രസ്താവനയിലാണ് സൗദി അറേബ്യയ്ക്ക് രൂക്ഷ വിമര്‍ശനം ഉള്ളത്. സുന്നി തീവ്രവാദ സംഘങ്ങള്‍ക്ക് സാമ്പത്തികമായും ധാര്‍മികമായും പിന്തുണ നല്‍കുന്നതിനും അതുവഴി ഉണ്ടാകുന്ന വംശഹത്യ എന്ന്‍ വിശേഷിപ്പിക്കാവുന്ന കുറ്റങ്ങള്‍ക്കും ഇറാഖികളുടെ രക്തച്ചൊരിച്ചിലിനും ഇറാഖിലെ ഭരണകൂട സ്ഥാപനങ്ങളുടേയും മതപരമായ സ്ഥലങ്ങളുടേയും തകര്‍ച്ചയ്ക്കും സൗദി അറേബ്യയെ തങ്ങള്‍ ഉത്തരവാദിയായി കരുതുന്നു എന്ന് പ്രസ്താവനയില്‍ പറയുന്നു. റിയാദില്‍ നിന്ന്‍ ഈയാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തീവ്രവാദത്തിന്റെ ഒപ്പം സൗദി അറേബ്യ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായും ഷിയാ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.  

 

സൗദി അറേബ്യയും ഖത്തറും ഇറാഖില്‍ തീവ്രവാദത്തെ പിന്തുണക്കുന്നതായി മാര്‍ച്ചില്‍ മാലിക്കി ആരോപിച്ചിരുന്നു. സുന്നി തീവ്രവാദ സംഘം ഐ.എസ്.ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ ദ ലെവാന്റ്) ജൂണ്‍ ആദ്യം വടക്കന്‍ മേഖലയിലെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ സുന്നി-ഷിയാ സംഘര്‍ഷം ആഭ്യന്തര യുദ്ധത്തിന്റെ സ്വഭാവം കൈവരിച്ചത്. തീവ്രവാദി സംഘം തലസ്ഥാനമായ ബാഗ്ദാദിന് നേരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.