വിവര വിനിമയ, പരിശീലന മേഖലകളില്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യയുടെ സൗദി അറേബ്യയും ബുധനാഴ്ച ഒപ്പുവെച്ചു. ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍-സൌദിന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യയിലെത്തിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ഇന്നലെ തന്നെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി. 2006 ജനുവരിയില്‍ റിപ്പബ്ലിക്ക് ദിനാചരണത്തില്‍ അതിഥിയായെത്തിയ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍അസീസിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നത് സൗദി നേതാവാണ് ഉപപ്രധാനമന്ത്രി മന്ത്രി കൂടിയായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്. പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് എന്നിവരുമായി സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ഇന്ന്‍ കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുടെ ഏറ്റവും വലിയ പെട്രോളിയം ദാതാവാണ് സൗദി അറേബ്യ. 2012-13-ല്‍ ഇന്ത്യ ഇറക്കുമതി ചെയ്ത പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അഞ്ചിലൊന്നും സൗദി അറേബ്യയില്‍ നിന്നാണ്. 29 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരാണ് സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം.
എന്നാല്‍, സൗദിയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തില്‍ ഒരു നയതന്ത്ര ഞാണിന്മേല്‍ക്കളി കൂടി കാണാം. പാകിസ്താനുമായി സമാനമായ കരാറില്‍ ഒപ്പ് വെച്ചതിന് ശേഷമാണ് സൗദി കിരീടാവകാശി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സൗദി നിലപാടിന് പാകിസ്താന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ സൗദി സ്വാധീനത്തെ വെല്ലുവിളിക്കുന്ന ഇറാനില്‍ നിന്ന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് ഈയാഴ്ച തന്നെ ഇന്ത്യയില്‍ എത്തുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ തുല്യത പാലിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുമ്പോള്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ തുല്യത പുലര്‍ത്താന് ഇന്ത്യയും ശ്രമിക്കുന്ന കാഴ്ചയാണ് നയതന്ത്ര രംഗത്ത് കാണുന്നത്.