സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധം തന്നെയെന്ന് സുപ്രീം കോടതി

Wed, 11-12-2013 11:35:00 AM ;
ന്യൂഡല്‍ഹി

homo sexualityപ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന് സുപ്രീം കോടതി. ഡെല്‍ഹി ഹൈക്കോടതി 2009-ല്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച വിധി ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് പരമോന്നത കോടതി ബുധനാഴ്ച ഉത്തരവിട്ടു.

 

സ്വവര്‍ഗ്ഗ രതി നിരോധിക്കുന്ന നിയമം ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡെല്‍ഹി ഹൈക്കോടതി 2009 ജൂലൈ 2-ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയത്. എന്നാല്‍, ഇത് നിയമനിര്‍മ്മാണ സഭയായ പാര്‍ലിമെന്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്ന് സുപ്രീം കോടതി വിധിച്ചു.

 

ഹൈക്കോടതി വിധിക്കെതിരെ വിവിധ മതസംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജി.എസ് സിന്ഘ്വി, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. സ്വവര്‍ഗ്ഗ രതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി നിര്‍വചിക്കുന്ന 377-ാം വകുപ്പില്‍ ഭരണഘടനാ പ്രശ്നമില്ലെന്നും ബെഞ്ച്‌ വിധിച്ചു. നാളെ വിരമിക്കുന്ന ജി.എസ് സിന്ഘ്വിയാണ് വിധിന്യായം വായിച്ചത്.

 

ഇതോടെ, ഡെല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. ഇനി അപ്പീലിലൂടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിഷയം പരിഗണിക്കുന്നില്ലെങ്കില്‍ പാര്‍ലിമെന്റില്‍ നിയമ ഭേദഗതിയിലൂടെയുള്ള നടപടിയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കാം എന്ന നിലപാടാണ് കേന്ദ്രം കേസില്‍ വാദം കേള്‍ക്കുന്ന സമയത്ത് സ്വീകരിച്ചത്.

 

ഇത്തരം പ്രധാന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവ സമീപനത്തെയും വിധിയില്‍ വിമര്‍ശിക്കുന്നു. പാര്‍ലിമെന്റ് ഇവയൊന്നും ചര്‍ച്ച ചെയ്യാതെ ജുഡീഷ്യറി അതിര് കടക്കുന്നതായി കുറ്റപ്പെടുത്തുകയാണെന്ന് കോടതി പറയുന്നു.

 

കഴിഞ്ഞ ഒക്ടോബറില്‍ അന്തരിച്ച ബി.ജെ.പി നേതാവ് ബി.പി സിംഗാള്‍, അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ഉത്കല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, അപ്പസ്തോലിക് ചര്‍ച്ചസ് അലയന്‍സ് എന്നിവരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Tags: