കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി (ചോഗം) ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു. മധുരയില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച എം.ഡി.എം.കെ നേതാവ് വൈകോയെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബന്ദിന്റെ ഭാഗമായിട്ടായിരുന്നു ട്രെയിന്‍ തടയല്‍. വൈകോയടക്കം 300 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വൈകോയുടെ എം.ഡി.എം.കെയും തമിഴ് അനുകൂല രാഷ്ട്രീയ സംഘടനകളുമാണ് സംസ്ഥാനവ്യാപകമായി ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തത്. ഇരുപതോളം സംഘടനകള്‍ സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ബന്ദ്. എന്നാല്‍ ഭരണ കക്ഷികളായ അണ്ണാ ഡി.എം.കെ, ഡി.എം.കെ എന്നിവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ നവംബര്‍ 15-16 തീയ്യതികളില്‍ കൊളംബോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.