Skip to main content

ന്യൂഡല്‍ഹി: നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പേ പാര്‍ലിമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏപ്രില്‍ 22ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മെയ്‌ 10ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

 

പ്രതിപക്ഷ ബഹളം മൂലം ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചതിനു ശേഷം പാര്‍ലിമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ലയാണ് പാര്‍ലിമെന്റ് പിരിയുന്നതായി അറിയിച്ചത്. കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട്, സി.ബി.ഐ. റിപ്പോര്‍ട്ട് തിരുത്തല്‍, റെയില്‍വേ ബോര്‍ഡ് നിയമനത്തിലെ കൈക്കൂലി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, നിയമ മന്ത്രി അശ്വിനി കുമാര്‍, റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിപക്ഷം സമ്മേളന കാലയളവില്‍ ഉടനീളം സഭ സ്തംഭിപ്പിച്ചിരുന്നു.

 

ഈ സമ്മേളനത്തില്‍ നിയമമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്ന ഭക്ഷ്യസുരക്ഷാ ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ എന്നിവ പാസ്സാക്കാനാവാതെയാണ് സഭ പിരിയുന്നത്. ധനബില്‍ മാത്രമാണ് സമ്മേളനത്തില്‍ പൂര്‍ത്തിയായ ഏക നടപടിക്രമം. ഇതുപോലും ചര്‍ച്ച കൂടാതെയും പ്രതിപക്ഷ ബഹിഷ്കരണത്തിനിടയിലുമാണ് പാസ്സാക്കിയത്.