സൗദി അറേബ്യയുടെ രാജാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ് (90) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ ഏതാനും നാളായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. 2005-ലാണ് സൗദി അറേബ്യയുടെ രാജാവായി അബ്ദുള്ള അധികാരമേറ്റത്. മുസ്ലിം വിശ്വാസികളുടെ രണ്ട് പുണ്യ ആരാധനാലയങ്ങളായ മെക്കയിലേയും മെദീനയിലേയും മസ്ജിദുകളുടെ സംരക്ഷകന്‍ കൂടിയാണ് സൗദി രാജാവ്.
കിരീടാവകാശിയായിരുന്ന രാജകുമാരന്‍ സല്‍മാന്‍ അബ്ദുല്‍അസീസ് അല്‍ സൗദ് പുതിയ രാജാവായതായി വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. 79-കാരനായ സല്‍മാന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍അസീസിന്റെ അര്‍ദ്ധസഹോദരനാണ്. മറ്റൊരു അര്‍ദ്ധസഹോദരനായ 69 വയസ്സുള്ള മുക്രിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ് പുതിയ കിരീടാവകാശിയാകും.
അബ്ദുള്ള അടക്കം ഈ മൂന്ന്‍ പേരും സമകാലീന സൗദിയുടെ ശില്‍പ്പിയായി കരുതപ്പെടുന്ന അബ്ദുല്‍അസീസ് രാജാവിന്റെ മക്കളാണ്. അബ്ദുല്‍അസീസിന്റെ 37 മക്കളില്‍ 13-ാമാനാണ് അബ്ദുള്ള. 1924 ആഗസ്തിലാണ് അബ്ദുള്ള ജനിച്ചതെന്ന് കരുതപ്പെടുന്നതെങ്കിലും കൃത്യമായ ജനനത്തിയതി സംബന്ധിച്ച് തര്‍ക്കമുണ്ട്. അതീവ രഹസ്യമായ രീതികള്‍ക്ക് പേരുകേട്ട അല്‍ സൗദ് രാജകുടുംബത്തില്‍ കൊട്ടാരവഴക്കുകളും അപരിചിതമല്ല.
അര്‍ദ്ധസഹോദരനായ ഫഹദ് രാജാവിന്റെ പിന്‍ഗാമിയായാണ് അബ്ദുള്ള 2005-ല്‍ സ്ഥാനമേറ്റത്. എന്നാല്‍, അതിന് പത്ത് വര്‍ഷം മുന്‍പ് ഫഹദ് രാജാവിന് പക്ഷാഘാതം ഉണ്ടായത് മുതല്‍ അബ്ദുള്ളയായിരുന്നു സൗദിയുടെ ഭരണം നിയന്ത്രിച്ചിരുന്നത്.