Skip to main content
റോം

pope francis

 

സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികള്‍ക്ക് സഭയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമത്തിന് തിരിച്ചടി. റോമന്‍ കത്തോലിക്കാ സഭയുടെ സൂനഹദോസില്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.

 

സൂനഹദോസ് നടന്നുകൊണ്ടിരിക്കെ പുറപ്പെടുവിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികളോടും വിവാഹമോചനത്തിന് ശേഷം പുനര്‍വിവാഹം നടത്തിയവരോടും കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കാന്‍ ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍, ഈ ഖണ്ഡികകള്‍ സൂനഹദോസ് വോട്ടെടുപ്പില്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‍ അവസാന റിപ്പോര്‍ട്ടില്‍ നിന്ന്‍ ഒഴിവാക്കി.

 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഭയില്‍ കൂടുതല്‍ സംവാദം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും സൂനഹദോസ് ചേരും. ഒഴിവാക്കിയ ഖണ്ഡികകള്‍ ഉള്‍പ്പെടെയുള്ള കരട് റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച നീണ്ടുനിന്ന സൂനഹദോസില്‍ ഏകദേശം 200 മെത്രാന്മാര്‍ പങ്കെടുത്തു.  

 

വോട്ടെടുപ്പിന് ശേഷം സംസാരിക്കവേ സഭയിലെ അഭിപ്രായ വ്യത്യാസങ്ങളേ ഫ്രാന്‍സിസ് പാപ്പ സ്വാഗതം ചെയ്തു. സൂനഹദോസില്‍ രൂക്ഷമായ ചര്‍ച്ചകള്‍ ഇല്ലാതിരിക്കുകയോ കപടമായ സമാധാനത്തിന് വേണ്ടി എല്ലാവരും യോജിപ്പ് പ്രകടിപ്പികുകയോ നിശബ്ദത പാലിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ താന്‍ ആശങ്കാകുലനും ദു:ഖിതനും ആയേനെ എന്ന്‍ പാപ്പ പറഞ്ഞു. അതേസമയം, എഴുതപ്പെട്ട വാക്കുകളില്‍ അയവില്ലാതെ അടഞ്ഞ സമീപനം സ്വീകരിച്ച് ദൈവത്തിന്റെ ആശ്ചര്യങ്ങളില്‍ നിന്ന്‍ മാറിനില്‍ക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ക്ക് ക്രിസ്ത്യന്‍ സമൂഹത്തിന് നല്‍കാന്‍ കഴിവുകളും ഗുണങ്ങളും ഉണ്ടെന്നായിരുന്നു ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സമാനമായ നിലപാട് ഫ്രാന്‍സിസ് പാപ്പയും മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യമുള്ളവരോടുള്ള വിവേചനം ഒഴിവാക്കണം എന്ന് മാത്രമാണ് അവസാന റിപ്പോര്‍ട്ടില്‍ പറയുന്നത്.