Skip to main content
റോം

pope francis

 

കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ബാല്യകാലത്ത് പീഡനത്തിനിരയായവരുടെ ആറംഗ സംഘവുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സഭ ചെയ്ത ‘പാപ’ത്തില്‍ സഭയുടെ ആത്മീയാചാര്യന്‍ ഖേദപ്രകടനം നടത്തിയത്. ആദ്യമായാണ്‌ പീഡനത്തിനിരയായവര്‍ക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിക്കുന്നത്.

 

ദൗത്യത്തില്‍ നിന്ന്‍ വ്യതിചലിച്ച് നിഷ്കളങ്കരെ പീഡിപ്പിച്ച തങ്ങളുടെ മക്കള്‍ക്ക് വേണ്ടി കരഞ്ഞ് പ്രായശ്ചിത്തം ചെയ്യാന്‍ സഭയ്ക്ക് കഴിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ദൈവത്തിലുള്ള വിശ്വാസവും പ്രതീക്ഷയും നശിപ്പിക്കുന്ന പുരോഹിതരുടെ ലൈംഗിക പീഡനം ദൈവനിന്ദ കൂടിയാണെന്ന് മാര്‍പാപ്പ പറഞ്ഞു.

 

അയര്‍ലണ്ട്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി തിങ്കളാഴ്ച കൂടിക്കാഴ്ചയിലും കുര്‍ബാനയിലും പങ്കെടുത്തത്. ഞായറാഴ്ച വൈകുന്നേരം മാര്‍പാപ്പ ഇവര്‍ക്ക് വിരുന്ന് നല്‍കിയിരുന്നു. പീഡനത്തെ കുറിച്ച് വെളിപ്പെടുത്താന്‍ ഇവര്‍ കാണിച്ച ധൈര്യത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞു. സഭാജീവിതത്തിലെ ഭയാനകമായ അന്ധകാരത്തിലേക്ക് അതുവഴി ഇവര്‍ വെളിച്ചം വീശിയതായി മാര്‍പാപ്പ പറഞ്ഞു.   

 

കഴിഞ്ഞ കാലങ്ങളില്‍ പീഡനത്തിനിരയായവരുടെ കുടുംബാംഗങ്ങളോ പീഡനത്തിരയായവര്‍ തന്നെയോ പരാതി ഉയര്‍ത്തിയപ്പോള്‍ സഭ മതിയായ നടപടികള്‍ സ്വീകരിക്കാതിരുന്നതിനും ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷമാപണം നടത്തി. ഈ വിഷയത്തില്‍ സഭാനേതാക്കള്‍ നടത്തിയ മറച്ചുവെക്കല്‍ ശ്രമം വിശദീകരിക്കാന്‍ കഴിയുന്നതല്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.  

 

എന്നാല്‍, ലൈംഗിക പീഡനം മറച്ചുവെക്കാന്‍ ശ്രമിച്ച പുരോഹിതരെ ശിക്ഷിക്കാന്‍ സഭ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ച കേവലം ഔപചാരികമല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഉതകുന്ന തുടര്‍നടപടികളും മാര്‍പാപ്പയില്‍ നിന്ന്‍ പ്രതീക്ഷിക്കുന്നതായി യു.എസിലെ ബിഷപ്സ് അക്കൌണ്ടബിലിറ്റി എന്ന സംഘടന പ്രതികരിച്ചു. പീഡനത്തിനിരയായവരുടെ പല സംഘടനകളും കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തെങ്കിലും ഇത് നാളുകള്‍ക്ക് മുന്‍പേ നടക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ ബാലവകാശ സമിതിയും കഴിഞ്ഞ ഫെബ്രുവരിയില്‍ വിഷയത്തില്‍ സഭ സ്വീകരിക്കുന്ന നിലപാടുകളെ വിമര്‍ശിച്ചിരുന്നു.      

 

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമി ബനഡിക്ട് പതിനാറാമന്‍ 2008 മുതല്‍ പലതവണ പുരോഹിത പീഡനത്തിരയായവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇവരാരും വത്തിക്കാനിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല.    

 

വളരെ നാളുകളായി സഭയെ വേട്ടയാടുന്ന വിവാദമാണ് പുരോഹിത ലൈംഗിക പീഡനം. ഒരു ദശകക്കാലം മുന്‍പ് യു.എസില്‍ ഇത് പ്രധാന വിഷയമായി മാറുകയും 250 കോടി ഡോളറോളം സഭ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ 3,420 വിശ്വസനീയമായ പരാതികള്‍ ലഭിക്കുകയും 824 പുരോഹിതരെ പുറത്താക്കുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

 

അതേസമയം, പുരോഹിതരുടെ ഭാഗത്ത് നിന്നുള്ള ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ ഇപ്പോഴും ഉയരുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പുരോഹിതന്‍ രാജു കൊക്കനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോളണ്ടില്‍ മെത്രാപ്പോലീത്തയായ ജോസഫ് വെസോലോവ്സ്കിയ്ക്കെതിരെ പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വത്തിക്കാന്‍ സ്ഥാനപതിയായിരിക്കെ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പരാതി.