Skip to main content
റിയാദ്

driving ban on women in saudi arabia

 

അതിയാഥാസ്ഥിതിക രാജാധിപത്യമായ സൗദി അറേബ്യയില്‍ നടന്ന അപൂര്‍വ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഡ്രൈവിംഗ് വിലക്ക് ലംഘിച്ച് 60-ല്‍ അധികം സ്ത്രീകള്‍ ശനിയാഴ്ച വളയവും നിയമവും കൈയിലെടുത്തു. വിലക്ക് ലംഘിക്കുന്നതിനെതിരെ അധികാരികള്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഈ പ്രതിഷേധം.

 

സ്ത്രീകള്‍ വാഹനം ഓടിക്കുന്ന 13 വീഡിയോ സന്ദേശങ്ങളും പ്രതിഷേധത്തില്‍ തങ്ങള്‍ പങ്കെടുത്തതായി 50 ഫോണ്‍ സന്ദേശങ്ങളും ലഭിച്ചതായി ഡ്രൈവിംഗ് വിലക്കിനെതിരെയുള്ള പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന പ്രൊഫസര്‍ അസീസ യൂസഫ്‌ അറിയിച്ചു. എന്നാല്‍, ഈ സന്ദേശങ്ങള്‍ സ്ഥിരീകരിക്കാന്‍ തങ്ങള്‍ക്ക് മാര്‍ഗ്ഗങ്ങളില്ലെന്ന് അവര്‍ പറഞ്ഞു.

 

സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ പിഴ ചുമത്തപ്പെടുകയോ ആയ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് അസീസ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്ത്രീകള്‍ പ്രതിഷേധ ദിനമായി ആചരിച്ച ശനിയാഴ്ച പോലീസ് വാഹനം ഓടിച്ച സ്ത്രീകള്‍ക്ക് നേരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

സൗദി നിയമം സ്ത്രീകള്‍ വാഹനമോടിക്കുന്നത് തടയുന്നില്ലെങ്കിലും അധികാരികള്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കാറില്ല. രാജകുടുംബത്തിന് മേല്‍ മതമേധാവികള്‍ക്കുള്ള സ്വാധീനമാണിതിന് പിന്നിലെന്ന് കരുതപ്പെടുന്നു.