ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി അംഗത്വം വേണ്ടെന്ന് സൌദി അറേബ്യ. സമിതിയുടെ പുതിയ പത്ത് താല്‍ക്കാലിക അംഗങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സൌദി സമിതി അംഗത്വം തിരസ്കരിച്ച് പ്രസ്താവന ഇറക്കിയത്.
ലോകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രക്ഷാസമിതി പരാജയമാണെന്നും പ്രത്യേകിച്ച് സിറിയയിലെ പ്രശ്‌നങ്ങളില്‍ രക്ഷാസമിതി ശരിയായ ഇടപെടല്‍ നടത്തിയില്ലെന്നും സൗദി അറേബ്യ ആരോപിച്ചു. 15 അംഗ രക്ഷാസമിതിയില്‍ യു.എസ്, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് സ്ഥിര അംഗങ്ങള്‍. ബാക്കി 10 രാജ്യങ്ങളെ രണ്ട് വര്‍ഷം കൂടുമ്പോള്‍ ആണ് തിരഞ്ഞെടുക്കുക. കഴിഞ്ഞ മാസം സൗദി വിദേശ കാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ വിസമ്മതിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
സിറിയന്‍ പ്രശ്‌നം തന്നെയാണ് തങ്ങളുടെ അംഗത്വം നിരസിക്കുന്നതിനുള്ള പ്രധാന കാരണമായി സൗദി ഉയര്‍ത്തിക്കാട്ടുന്നത്. രാസായുധം ഉപയോഗിച്ച് ആക്രമണം നടത്തിയ സിറിയന്‍ ഭരണകൂടത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണു സൌദി ചൂണ്ടിക്കാട്ടുന്നത്. 65 വര്‍ഷമായി തുടരുന്ന പലസ്തീന്‍ പ്രശ്‌നം രക്ഷാ സമിതിക്ക് ഇതുവരേയും പരിഹരിക്കാനായിട്ടില്ലെന്നതും രക്ഷാ സമിതിയുടെ വീഴ്ചയാണെന്ന് സൌദിയുടെ നിലപാട്.