Skip to main content

വാഷിംഗ്‌ടണ്‍ : ഗ്വാണ്ടാനാമോ ജയില്‍ അടച്ചുപൂട്ടുമെന്നും ഡ്രോണ്‍ ആക്രമണങ്ങള്‍ ചുരുക്കുമെന്നും യു എസ് പ്രസിഡന്റ്‌ ബരാക് ഒബാമ. ഭീകരതെക്കെതിരായ യുദ്ധത്തില്‍ രാജ്യം പുനര്‍ചിന്തനം നടത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു. വാഷിംഗ്‌ടണിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ തീവ്രവാദ വിരുദ്ധ നയം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഗ്വാണ്ടാനാമോ ജയിലില്‍ നടക്കുന്ന പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ പൂട്ടാന്‍ തീരുമാനിക്കുന്നതെന്ന് ഒബാമ പറഞ്ഞു. ജയിലില്‍ തടവില്‍ കഴിയുന്നവരെ യു.എസ്സിലേക്ക് മാറ്റാനുള്ള നിയന്ത്രങ്ങളില്‍ ഇളവ് വരുത്തണമെന്ന് അദ്ദേഹം കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

 

രാജ്യത്തിനെതിരെ തീവ്രവാദ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധം എന്ന നിലക്കാണ്  ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നത് എന്നും ഒബാമ വ്യക്തമാക്കി. ഡ്രോണ്‍ യുദ്ധത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഒബാമയുടെ വിശദീകരണം. ഒഴിവാക്കാനാവാത്ത  സാഹചര്യങ്ങളില്‍ മാത്രമേ ഡ്രോണ്‍ ആക്രമങ്ങള്‍ നടത്തുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

 

ഭീകരവാദ സംഘടനകള്‍ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എല്ലാ യുദ്ധങ്ങളേയും പോലെ ഈ യുദ്ധവും അവസാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2001-ല്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമം പിന്‍വലിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ആരംഭിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു.