Skip to main content

സൗദി അറേബ്യയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 11 മലയാളി സ്ത്രീകള്‍ സഹായം അഭ്യര്‍ഥിച്ച് കഴിഞ്ഞ ഞായറാഴ്ച മുതല്‍ പണിമുടക്ക് നടത്തി. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ശമ്പളം നിഷേധിക്കുന്നതെന്ന് തൊഴിലാളികള്‍ അറബ് ന്യൂസ് പത്രത്തോട് പറഞ്ഞു. പണിമുടക്കിനെ തുടര്‍ന്ന്‍ ഭാവിയില്‍ യഥാസമയം ശമ്പളം നല്‍കുമെന്ന വാഗ്ദാനം ലഭിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

എം.ആര്‍. വിലാസിനി, ഫാത്തിമ ബീവി, സുമംഗല, സെല്‍വ നടരാജന്‍, സുനിത സലീം, സുഹ്റ അഷറഫ്, സുമ, ലക്ഷ്മി, ബീവി ബഷീര്‍, കെ.എസ് വിജയലക്ഷ്മി, കെ. ഖൌമ എന്നിവരാണ് ശമ്പളം നിഷേധിക്കപ്പെട്ട തൊഴിലാളികള്‍. റിയാദില്‍ ആശുപത്രി ശുചീകരണത്തിന് കരാര്‍ എടുത്ത കമ്പനിയുടെ തൊഴിലാളികള്‍ ആണിവര്‍. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഇവര്‍ രണ്ടര വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ലീവിലോ രണ്ടു വര്‍ഷ കരാര്‍ കഴിഞ്ഞതിന് ശേഷമോ നാട്ടില്‍ പോകാന്‍ കമ്പനി അനുവദിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

 

ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നുണ്ടെന്ന് വിലാസിനി അറബ് ന്യൂസിനെ അറിയിച്ചു. കടം വാങ്ങിയാണ് ഭക്ഷണം കഴിക്കുന്നതെന്ന് വിലാസിനി പറഞ്ഞു. ഇഖാമ (താമസിക്കുന്നതിനുള്ള അനുമതിപത്രം) നല്‍കുന്നതിന് പണം വാങ്ങിയ കമ്പനി ഇതുവരെ ഇഖാമ നല്‍കിയില്ലെന്നും വിലാസിനി ആരോപിക്കുന്നു.

 

കരാര്‍ കമ്പനിയുമായും സൗദി അധികാരികളുമായും വിഷയം ഉന്നയിച്ചതായി റിയാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. തൊഴിലാളികളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കാര്യാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം, തൊഴിലാളികളുടെ പണിമുടക്ക് സൗദി തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നടപടികള്‍ക്ക്പ്രേരിപ്പിക്കുന്നത് സ്വയം-പ്രഖ്യാപിത സാമൂഹ്യ പ്രവര്‍ത്തകരും നിയമവിരുദ്ധ ഏജന്റുമാരുമാണെന്ന്‍ വാര്‍ത്താകുറിപ്പില്‍ കാര്യാലയം പറയുന്നു.