Skip to main content

madi and manik sarkar

 

ഇന്ത്യയിൽ സി.പി.ഐ.എമ്മിന് ഭരണമുള്ള ഏക സംസ്ഥാനമാണ് ത്രിപുര. സംഘടനയുടെ ശേഷിയേക്കാൾ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാറിന്റെ മികവാകാനാണ് ത്രിപുരയിൽ പാർട്ടിക്ക് പശ്ചിമ ബംഗാളിലേയും ഒരു പരിധിവരെ കേരളത്തിലേയും ഗതി ഉണ്ടാകാത്തതെന്ന് വിശ്വസിക്കാനുള്ള ഘടകങ്ങളാണ് കൂടുതലും. ബി.ജെ.പിക്കും അതിന്റെ നേതാക്കൾക്കും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, സി.പി.ഐ.എം കൽപ്പിച്ചിരിക്കുന്നത് തൊട്ടുകൂടായ്മയും തീണ്ടലുമാണ്. ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും അടുത്തിടവരെ ഉഗ്രൻ മോദി വിരോധി തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ തന്റെ മന്ത്രിസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മണിക് സർക്കാർ ക്ഷണിച്ചതും മോദി മന്ത്രിസഭാംഗങ്ങൾക്ക് ക്ലാസ്സെടുത്തതുമൊക്കെ വിസ്മയം പോലെ നോക്കിക്കാണപ്പെടുകയാണ്. ഏറ്റവും കൂടുതൽ വിസ്മയവും ആശ്ചര്യവുമുണ്ടായിരിക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനാണ്. ലോകത്തിന്റെ ഏതു കോണിൽ എന്തു സംഭവുമുണ്ടായാലും പ്രതികരിക്കുന്ന അദ്ദേഹം ഇതേപ്പറ്റി തനിക്കൊന്നുമറിയില്ലെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പ്രതികരിച്ചത്. അതൊരുപക്ഷേ ശരിയായ പ്രതികരണമാകാനാണ് സാധ്യത. പ്രകാശ് കാരാട്ടിന് അറിയാത്ത വഴിയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടുമാകും സി.പി.ഐ.എം ത്രിപുരയിൽ അധികാരത്തിൽ തുടരുന്നതും.

 

ജനായത്ത സംവിധാനത്തിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ സവിശേഷതകളെ മുഴുവൻ ജനായത്ത സത്തയെ മുൻനിർത്തി സ്വീകരിക്കാൻ അതിൽ പങ്കെടുക്കുന്ന ഏവർക്കും ഉത്തരവാദിത്വമുണ്ട്. എന്നാൽ ഇന്ത്യയിൽ നിലനിൽക്കുന്ന അന്തരീക്ഷം ജനവിധിയെ മാനിക്കാതെ, തങ്ങളുടെ നിലപാടുകളിൽ നിന്നുകൊണ്ട് അധികാരത്തിൽ തുടരുന്നവരെ എതിർക്കുക എന്ന സമീപനമാണ്. ആ സംസ്കാരത്തിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാറ്റമാണ് മണിക് സർക്കാർ മോദിയെ തന്റെ മന്ത്രിസഭയെ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചതുവഴി തുടങ്ങിവച്ചിരിക്കുന്നത്. ഇന്ത്യയിൽ ബി.ജെ.പിയും മോദിയുമായി ഏറ്റവും കൂടുതൽ ദൂരമുള്ള പാർട്ടിയാണ് സി.പി.ഐ.എം. ആ പാർട്ടിയുടെ മുഖ്യമന്ത്രിയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത് എന്നതാണ് ഇത് പുതിയ തുടക്കത്തിന്റെ വലിയ കാഹളമായി മാറുന്നത്. വികസനത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയും അതിൽ കക്ഷിരാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നുമില്ലെന്ന് നരേന്ദ്രമോദി ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. അതിന്റെ ചുവടുപിടിച്ചായിരിക്കണം മണിക് സർക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്. വികസനം സംബന്ധിച്ച് ഇപ്പോഴും പൂർണ്ണമായ വ്യക്തത എൻ.ഡി.എ സർക്കാറിനും മോദിക്കുമുണ്ടോ അതോ തന്റെ മുൻപിലുള്ള ചില  വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ മോദിയും വികസനത്തെ കാണുകയും അത് നടപ്പാക്കുകയും ചെയ്യുകയാണോ എന്നുള്ളത് രാജ്യത്ത് അതിജാഗ്രതയോടെ ചർച്ചചെയ്യപ്പെടുന്ന സമയമാണിത്. വികസനം മുഖ്യ അജണ്ടയായി മാറി എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണിത്. ഈ ഘട്ടത്തിൽ വികസനം ഏതു വിധമാണെന്നുള്ളതിന് രൂപവും ഭാവവും നൽകുന്നതിൽ ക്രിയാത്മകമായ പങ്ക് വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വഹിക്കാനുണ്ട്. ആ നിലയ്ക്ക് രാഷ്ട്രീയപാർട്ടികളുടെ ഉത്തരവാദിത്വം വളരെ കൂടുതലാണ്. രാജ്യത്തിനു യോജിച്ച വികസനത്തിലേക്ക് കേന്ദ്ര സർക്കാരിന്റെയും നയരൂപീകരണം നടത്തുന്നവരുടേയും ശ്രദ്ധയെ തിരിക്കാനുള്ള അവസരം ജനായത്ത സംവിധാനത്തില്‍ ഇന്ത്യയിൽ ഇപ്പോഴും യഥേഷ്ടം ലഭ്യമാണ്. എന്നാൽ നിർദ്ദേശങ്ങൾക്കോ പുത്തൻ മാതൃകകൾ മുന്നോട്ടു വയ്ക്കുന്നതിനോ ഒന്നും തുനിയാതെ കണ്ണടച്ച് എതിർക്കുകയും ആ എതിർപ്പുകൾ തങ്ങളുടെ നേട്ടത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭങ്ങളിലുമാണ് പലപ്പോഴും പ്രതിപക്ഷത്തുള്ള പാർട്ടികൾ ഏർപ്പെടുന്നത്. അത് പലപ്പോഴും വികലമായ വികസന മാതൃകകൾ വികലമായി നടപ്പിലാക്കപ്പെടുന്നതിനും അതു മുഴുമിക്കപ്പെടാതിരിക്കുന്നതിനും കാരണമായി മാറുന്നു. രാജ്യവും ജനങ്ങളും അവിടെ വിസ്മരിക്കപ്പെടുന്നു. പിന്നീട് വരുന്ന സർക്കാരുകൾ ചിലപ്പോൾ അത്തരം വികസനമാതൃകകൾ തുടരുന്നു. ചിലവ ഉപേക്ഷിക്കുന്നു. ഇത്തരത്തിൽ മുട്ടിലിഴയാൻപോലും പര്യാപ്തമല്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുകയാണ് ആറ് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യാ മഹാരാജ്യമെന്ന് കാണാവുന്നതാണ്.

 

prakash karatഇന്ത്യൻ ഭരണഘടനയുടെ കീഴിൽ ജനങ്ങളുടെ അംഗീകാരത്തോടെ അധികാരത്തിൽ വന്ന വ്യക്തിയാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർടി നയിക്കുന്ന മുന്നണിയും. ആ നിലയ്ക്ക് ഭരണഘടനയോടും ജനായത്ത മര്യാദകളോടും ചേർന്നുനിൽക്കുന്ന, രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായ നടപടിയാണ് മണിക് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ജാതിയുടെയും മതത്തിന്റേയും പേരിൽ മനുഷ്യരോടുള്ള തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെ ഏറ്റവും ശക്തമായി പൊരുതുന്ന സി.പി.ഐ.എം മറ്റൊരു കാരണത്തിന്റേയും പേരിൽ മനുഷ്യർ തമ്മിലുള്ള തൊട്ടുകൂടായ്മയെ അംഗീകരിക്കാൻ പാടുള്ളതല്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി വ്യത്യസ്തമായ കാഴ്ചപ്പാട് പിന്തുടരുന്നതോടൊപ്പം തൊട്ടുകൂടായ്മയുടെ സംസ്കാരം വെടിഞ്ഞ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും ജനക്ഷേമത്തെ മുഖ്യ അജണ്ടയിലേക്കും കൊണ്ടുവരണമെന്ന സന്ദേശമാണ് മണിക് സർക്കാർ സി.പി.ഐ.എം നേതൃത്വത്തിന് തന്റെ നടപടിയിലൂടെ നൽകുന്നത്. പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെയാണ് മണിക് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന് പ്രകാശ് കാരാട്ടിന്റെ പ്രതികരണവും  സാക്ഷ്യപ്പെടുത്തുന്നു. അതിനർഥം വളരെ സുചിന്തിതമായാണ് മണിക് സർക്കാർ ഈ നിലപാട് സ്വീകരിച്ചതെന്നാണ്. അത് പുതിയ സംസ്കാരത്തിന്റെ തുടക്കത്തിനു കാരണമായതിനൊപ്പം തന്റെ പാർട്ടിക്കുള്ള ഉച്ചത്തിലുള്ള സന്ദേശം കൂടിയാണ്. പുതിയ യുഗത്തിലേക്കു പ്രവേശിക്കുമ്പോൾ മനുഷ്യൻ ഗോത്രസംസ്കാരത്തിന്റെ വിപരീത സ്വാധീനങ്ങളിൽ നിന്ന് അകന്ന് പരിഷ്കൃത സമൂഹത്തിന്റെ യോജിപ്പിന്റേയും ഒന്നാകലിന്റേയും തലങ്ങളിലേക്ക് നീങ്ങണമെന്നുള്ള നിശബ്ദ ആഹ്വാനവും മണിക് സർക്കാരിന്റെ നടപടിയിൽ കാണാവുന്നതാണ്.