![]() |
ഉത്തര്‍പ്രദേശിലെ തോല്‍വിയെ തുടര്‍ന്നു ആരാകണം കോണ്‍ഗ്രസിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നു. നരേന്ദ്ര മോദി തന്നെ ആകും അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രി എന്നാണ് പൊതുവേ വിലയിരുത്തല്‍ എങ്കിലും മാറി ചിന്തിക്കുന്ന കേരളത്തില്‍ ആരോ ഒരാള്‍ ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന് വേണ്ടി ശശി തരൂരിനെയാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാം കളഞ്ഞു കുളിച്ച രാഹുല്‍ ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ തരൂരിന് കഴിയില്ല എന്ന് മാത്രമല്ല അദ്ദേഹം ചില നേട്ടങ്ങള്‍ ഉണ്ടാക്കിക്കൂടെന്നുമില്ല. നല്ല വാഗ്മി, പഠന മികവ്, ആഗോള സ്വാധീനം, നല്ല എഴുത്തുകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം വളരെ ഉയര്‍ന്ന വ്യക്തിയാണ്. രാഷ്ട്രീയമായും അദ്ദേഹം നല്ല സ്ഥാനത്തു തന്നെ. ഇത്ര വലിയ വ്യക്തിത്വത്തെ എന്തേ പാര്‍ട്ടി കാണാതെ പോയി എന്നൊരു സംശയമേ ഉള്ളൂ. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് പോലും അദ്ദേഹത്തെ ആരും പരിഗണിക്കുന്നില്ല. സംവരണത്തില്‍ വിശ്വസിക്കാത്ത അദ്ദേഹത്തിനു അതൊന്നും പ്രശ്നമല്ല. ഡല്‍ഹിയാണ് അദ്ദേഹത്തിന്‍റെ കളരി.
കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിനു തീറെഴുതി വെച്ചിരിക്കുന്ന പ്രധാനമന്ത്രി പദം മന്‍മോഹന്‍ സിംഗ് എന്ന ടെക്നോക്രാറ്റിന് നല്‍കി സോണിയ വഴികാട്ടിയിട്ടും ഉണ്ട്. ആ നിലക്കും ഈ വാദം കൊള്ളാം. ഭരിക്കുന്നവരെ ഭരിക്കുന്നതില്‍ ആഹ്ലാദിക്കുന്ന നെഹ്‌റു കുടുബം ബലിയാട് ആകാനുള്ള വാഗ്ദാനം സസന്തോഷം സ്വീകരിക്കാന്‍ ഇടയുണ്ട്. അന്ധമായ പുത്രസ്നേഹത്താല്‍ ബന്ധിതയെങ്കിലും കോണ്‍ഗ്രസിന്റെ സാധ്യത ഉയര്‍ത്തുന്ന ഈ തീരുമാനം അവര്‍ സ്വീകരിച്ചേക്കാം.
പക്ഷെ, പൊതുവില്‍ ഒരു രാജ്യസഭാംഗം മാത്രം ആകാന്‍ കഴിയുന്ന ഒരാള്‍ക്കാണ് ഈ പദവി അങ്ങനെ കല്‍പ്പിച്ചു നല്‍കുന്നത്. അതും ആസാമില്‍ നിന്ന് ആയാല്‍ ഏറെ നല്ലത്. അവിടെയൊക്കെ പോയി തരൂര്‍ താമസ്സിക്കുമോ! തിരുവനന്തപുരത്ത് ബി.ജെ.പി ഒരു മണ്ഡലം പിടിച്ചെടുത്ത നിലയ്ക്ക് നിലവില്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത പരിമിതമെന്നു ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും പാര്‍ടിക്ക് അത് പോര. മറ്റൊരു സാംഗ്മയെ നേതൃത്വം ഇപ്പോഴും എം.പിയില്‍ കാണുന്നുണ്ട്
ആ നിലയ്ക്ക് നെഹ്‌റു കുടുംബം ഇത്തരമൊരു പ്രചാരണത്തില്‍ വീഴാന്‍ ഇടയില്ല. പ്രിയങ്ക ഗാന്ധിയെ പോലും ഉത്തര്‍ പ്രദേശിലേക്ക് അയച്ച പാര്‍ട്ടി നേതൃത്വത്തിന് തരൂര്‍ ആ പരാജയത്തില്‍ പങ്കു പറ്റാത്തതിന്റെ വിഷമം തെല്ലൊന്നുമല്ല. കോണ്‍ഗ്രസ് അങ്ങനെയാണ്. അധികാരമുണ്ടെങ്കില്‍ പാര്‍ട്ടിയേയും നേതാവിനേയും സംരക്ഷിക്കാന്‍ വലിയൊരു വലയം ഉണ്ടാകും. ഇല്ലെങ്കിലോ അടുത്ത പാര്‍ട്ടിയുടെ പിന്നാമ്പുറത്താണ് നേതാക്കളില്‍ ഭൂരിഭാഗവും. പ്രത്യേകിച്ച് അഴിമതി ആരോപണങ്ങള്‍ക്ക് ഇരയാകുന്നവര്‍.
ചിദംബരത്തെ വേട്ടയാടുന്ന പോലെ തരൂരിനെ സുബ്രഹ്മണ്യന്‍ സ്വാമി വേട്ടയാടിയിട്ടില്ല. എങ്കിലും സുനന്ദ പുഷ്കര്‍ കേസിലെ പരിണാമ ഗുപ്തി സമൃദ്ധമായി എല്ലാവരും ആഘോഷിക്കുകയാണ്. ഷെര്‍ലക് ഹോംസ് വന്നാലും ആ കടംകഥ അവസാനിക്കുമെന്ന് തോന്നുന്നില്ല.
ഒരു പ്രസംഗത്തിന് വന്‍തുക കിട്ടുന്ന മുന്‍ യു.എന്‍ ഉദ്യോഗസ്ഥന് പണം ഒരു പ്രശ്നമല്ല. പക്ഷെ, രാഹുല്‍ ഗാന്ധി ദളിത് കുടിലില്‍ അന്തിയുറങ്ങുമ്പോള്‍ അദ്ദേഹം ഭരണത്തിന്റെ ആദ്യനാളുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉറങ്ങാനായിരുന്നു താല്പര്യം കാട്ടിയത്. മന്‍മോഹന്‍ മന്ത്രിസഭയില്‍ നല്ലൊരു സഹമന്ത്രി സ്ഥാനം ലഭിച്ചിട്ടും ഐ.പി.എല്ലില്‍ നിന്ന് വിയര്‍പ്പോഹരിക്ക് ശ്രമിക്കുക ആയിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ സെമിഫൈനല്‍ എന്നൊക്കെ പറയുന്ന നിയമസഭാ തെരഞ്ഞെടുപ് കാലത്ത് അദ്ദേഹം ഗാന്ധിജിയുടെ കാലടികളെ പിന്‍പറ്റി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ബ്രിട്ടനില്‍ നിന്ന് കിട്ടുന്ന നഷ്ടപരിഹാരവുമായി അദ്ദേഹം മോഡിയെ പോലെ അടുത്ത തെരഞ്ഞെടുപ്പു നേരിടുമെന്ന് കരുതാം. അസാധാരണ വാഗ്മിയാണ് അദ്ദേഹം. മോദി നാട്ടുഭാഷയില്‍ കസറുമ്പോള്‍, രാഹുല്‍ ഉള്ള ഭാഷയില്‍ പ്രതിരോധിക്കുമ്പോള്‍, ഇലയ്ക്കും മുള്ളിനും കേടില്ലാതെ അദ്ദേഹം ഇംഗ്ലീഷില്‍ പ്രസംഗിച്ചു കൈയ്യടി നേടും.
ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനെ മഥിക്കുന്ന വലിയ ചോദ്യമാണ് തരൂര്‍ നിവേദനം മുന്നോട്ടു വെയ്ക്കുന്നത്. രാഹുല്‍ പരാജയപ്പെടുന്നു, കുടുംബം കോണ്‍ഗ്രസിന് ബാധ്യതയാകുന്നു. ഒരു വലിയ വിലയിരുത്തലിന്, ഒരു ചിന്തയ്ക്കുള്ള അവസരമാണ് ശശി തരൂരിനെ പ്രധാനമന്ത്രിയാക്കുക എന്ന സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍, ഇതിന് സമാനമായ ഒരു മുദ്രാവാക്യം വിളിച്ച എം.എ ജോണ്‍ ചരിത്രത്തില്‍ ഒരു അടികുറിപ്പായി അവശേക്കുന്നു. കാരണം ഇത് കോണ്‍ഗ്രസ് ആണ്. നിങ്ങളാര്‍ക്കും ഇതെന്തെന്ന്‍ ഇനിയും മനസ്സിലായിട്ടില്ല!