Skip to main content

പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യവകുപ്പിലക്ക് ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. പ്രവാസികളുടെ ക്ഷേമത്തിനേക്കാള്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ വയലാര്‍ രവിക്ക് കേന്ദ്രക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായിരുന്നു പ്രാഥമികമായും ഈ വകുപ്പ് രൂപീകരിക്കപ്പെട്ടത്. ഇപ്പോള്‍ ആ മന്ത്രാലയം നിര്‍ത്തലാക്കി വിദേശകാര്യവകുപ്പില്‍ ലയിപ്പിച്ചത് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നു. പ്രവാസികാര്യം വിദേശകാര്യത്തിന്റെ ഭാഗമാണ്. പരിപൂര്‍ണ്ണമായും പ്രവാസിമന്ത്രാലയത്തിന്റെ സ്വതന്ത്രതയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. കാരണം അത് പ്രധാനമായും വിദേശവകുപ്പിന്റെ പരിധിയില്‍ വരുന്നതാണ്. വിദേശനയങ്ങളും വിദേശമന്ത്രാലയത്തിന്റെ തീരുമാനങ്ങളും നിലപാടുകളുമെല്ലാം പ്രവാസികളെ ബാധിക്കുന്നതാണ്. ആ നിലയക്ക് ഒരേ വിഷയം കൈകാര്യം ചെയ്യാന്‍ രണ്ടു മന്ത്രാലയങ്ങളെക്കാള്‍ ഒരു മന്ത്രാലയം തന്നെയാണ് കൂടുതല്‍ പ്രായോഗികം. വിദേശത്തുളള നയതന്ത്രകാര്യാലയങ്ങളുമെല്ലാം നേരിട്ട് വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലാണ് വരുന്നത്. 

പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ സമയമെടുക്കാതെ പരിഹരിക്കാന്‍ പറ്റുന്നതും വിദേശമന്ത്രാലയത്തിന്റെ കീഴില്‍ അവരുടെ പ്രശ്‌നങ്ങള്‍ നിക്ഷിപ്തമാകുമ്പോഴാണ്. ഇക്കാര്യത്തില്‍ പ്രവാസികളോ , പ്രവാസി സംഘടനകളോ കടുത്ത അതൃപ്തി ഇതുവരെ വെളിവാക്കിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഇതിനകം തന്നെ പ്രവാസികളെ ബാധിക്കുന്ന ഒട്ടേറെ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അവയുടെയെല്ലാം കൈകാര്യവും വിദേശവകുപ്പിനാണ്.ആ നിലയക്ക് അധികഭരണച്ചെലവുണ്ടാകുമെന്നാതെ പ്രവാസികാര്യവുകുപ്പുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകാനിടയില്ല. 
രണ്ടു മന്ത്രാലയങ്ങള്‍ ഒരേ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുഖ്യ പ്രശ്‌നമാണ് മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം. വര്‍ത്തമാനകാലത്തില്‍ അത്യധികം പ്രയാസമുള്ള ഒരു വിഷയമാണ് ഏകോപനം. ഏതു രാഷ്ട്രീയ പാര്‍ട്ടിയെടുത്തു നോക്കിയാലും പലപ്പോഴും മിക്ക നേതാക്കന്മാരും ഒറ്റപ്പെട്ട തുരുത്തുകളായോ ഗ്രൂപ്പ് നേതാക്കന്മാരായോ ആണ് കാണപ്പെടുക. അതില്‍ നിന്ന് എന്‍ ഡി എ മുന്നണിയും വിമുക്തമല്ല. ആ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയവും പ്രവാസികാര്യ മന്ത്രാലയവും തമ്മിലുള്ള ഏകോപന കടമ്പകളില്‍ തട്ടി പല പ്രവാസി പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്ന അവസ്ഥയും ഈ സംയോജനം കൊണ്ട് സാധ്യമാകും.

Tags