Skip to main content
തിരുവനന്തപുരം

 

 

ബജറ്റ് അവതരണ ദിവസം നിയമസഭയിൽ ഉണ്ടായ ബഹളത്തിനിടെ തന്നെ അപമാനിച്ചെന്ന ഇ.എസ്.ബിജിമോള്‍ എം.എല്‍.എയുടെ പരാതിയിൽ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുളവര്‍ക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം. സർക്കാർ പ്ലീഡറാണ് നിയമോപദേശം നൽകിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. അസഫ് അലിയുടെ കൂടി നിയമോപദേശം കിട്ടിയ ശേഷമേ പോലീസ് അന്തിമ തീരുമാനമെടുക്കൂ.

 

നിയമസഭയില്‍ നടന്ന സംഭവങ്ങളെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ എം.എ വാഹിദും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവും നടത്തിയ പരസ്യ അഭിപ്രായ പ്രകടനങ്ങള്‍ അപകീര്‍ത്തിപരമാണെന്ന് കാണിച്ചാണ് ബിജിമോള്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയത്. അബുവിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെതിരെ ലൈംഗിക അതിക്രമത്തിനു കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ ബഹളത്തില്‍ മന്ത്രി തന്നെ തടഞ്ഞതാണെന്നാണ് കരുതിയിരുന്നതെങ്കിലും അബുവിന്റെ പ്രസ്താവന അതിന് വേറൊരു അര്‍ഥം നല്‍കിയതായി ബിജിമോള്‍ ആരോപിച്ചു.

 

താന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് അബു നടത്തിയ പ്രസ്താവനകളില്‍ മന്ത്രി ഷിബു ബേബി ജോണ് അബുവിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും അബുവിന്റെ പ്രസ്താവനകളെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന്‍ പ്രസ്താവന പിന്‍വലിക്കുന്നതായും നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും അബു അറിയിച്ചിരുന്നു.  

 

ബിജിമോളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസിന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന്‍ സര്‍ക്കാര്‍ പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ആറുമാസം വരെ തടവു ശിക്ഷ ലഭിക്കാം. കേസെടുത്ത ശേഷം സ്പീക്കറുമായി കൂടിയാലോചിച്ച് ബാക്കി നടപടികൾ സ്വീകരിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.

 

ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമത്തില്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കുമെന്ന് പ്രതിപക്ഷത്തെ അഞ്ച് വനിതാ എം.എല്‍.എമാര്‍ പ്രഖ്യാപിച്ചിരുന്നു. നിസംഭവത്തില്‍ ഇതിനകം ഒരു പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം നേതാവ് എ.എച്ച് ഹഫീസ് നല്‍കിയ പരാതി  സഭക്കുള്ളില്‍ നടന്ന സംഭവമായതിനാല്‍ പോലീസ് സ്പീക്കര്‍ക്ക് കൈമാറിയിരിക്കുകയാണ്.