Skip to main content
തിരുവനന്തപുരം

 

ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമത്തില്‍ പ്രതിപക്ഷത്തെ അഞ്ച് വനിതാ എം.എല്‍.എമാര്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കും. സ്പീക്കറില്‍ നിന്ന്‍ നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പൊലീസിന് നേരിട്ടു പരാതി നല്‍കുന്നതെന്ന് വനിതാ എം.എല്‍.എമാര്‍ പറഞ്ഞു. ജമീല പ്രകാശം, ഇ.എസ് ബിജിമോള്‍, കെ.കെ ലതിക, ഗീത ഗോപി, കെ.എസ് സലീഖ എന്നിവരാണ് തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കുക.

 

അഞ്ചു പേരും വെവ്വേറെ പരാതികളായിരിക്കും നല്‍കുക. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടും. സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കും. ഇടത് എം.പിമാര്‍ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു.

 

നിയമസഭയിലുണ്ടായ ബഹളത്തിനിടെ ലൈംഗികാതിക്രമം നടന്നതായി ജമീലാ പ്രകാശം 13-ന് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഉടന്‍ നടപടിയെടുക്കണമെന്ന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

 

നിയമസഭക്കുള്ളില്‍ വനിതാ എം.എല്‍.എ.മാരെ കൈയ്യേറ്റം ചെയ്തെന്ന് പരാതിപ്പെട്ട് കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം നേതാവ് എ.എച്ച് ഹഫീസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സഭക്കുള്ളില്‍ നടന്ന സംഭവമായതിനാല്‍ പരാതി പോലീസ് സ്പീക്കര്‍ക്ക് കൈമാറിയിരിക്കുകയാണ്.