Skip to main content
തിരുവനന്തപുരം

 

ബജറ്റ് അവതരണ ദിവസം സ്പീക്കറുടെ ഡയസ് തകർത്തതിന് അഞ്ച് എം.എൽ.എമാർക്ക് സസ്‌പെൻഷൻ. ഇ.പി.ജയരാജൻ, വി.ശിവൻകുട്ടി, കെ.അജിത്, കെ. കുഞ്ഞമ്മദ് മാസ്റ്റർ, കെ.ടി. ജലീൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ബജറ്റ് ചര്‍ച്ച വേണ്ടെന്ന് വെച്ച് സഭ പിരിയുകയും ചെയ്തു.

 

സഭാ സമ്മേളനം തീരും വരെ അഞ്ച് എം.എല്‍.എമാരെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപടി പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സന്തോഷത്തോടെയല്ല, വേദനയോടെയാണ് നടപടിയെടുക്കുന്നതെന്ന്‍ മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അപമാനകരമായ നടപടിയാണ് വെള്ളിയാഴ്ച ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

സ്പീക്കറുടെ നടപടി ഏകപക്ഷീയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഇന്നു രാവിലെ സ്പീക്കറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തപക്ഷം സഭാനടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.

 

നാളെ മുതല്‍ മാര്‍ച്ച് 20 വരെയുള്ള സഭാനടപടികള്‍ റദ്ദാക്കിയിട്ടുണ്ട്. ബജറ്റ് ചര്‍ച്ച ഉണ്ടാകില്ല. മാര്‍ച്ച് 23 തിങ്കളാഴ്ചയേ ഇനി സഭ ചേരൂ.