Skip to main content
തിരുവനന്തപുരം

 

കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമായി. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമായതിനാല്‍ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്. എന്നാല്‍, ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.

 

ഗവര്‍ണറായി ചുമതലയേറ്റ ശേഷം പി. സദാശിവത്തിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്. എന്നാല്‍, പ്രസംഗം ആരംഭിച്ച ഉടന്‍ മാണിയുടെ രാജി ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഒപ്പം, സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.   

 

മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള എല്‍.ഡി.എഫ് സമര പരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന്‍ യോഗം ചേരുന്നുണ്ട്. എല്‍.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും പുതിയ സംസ്ഥാന സെക്രട്ടറിമാരെ തെരഞ്ഞെടുത്ത ശേഷം നടക്കുന്ന ആദ്യ എല്‍.ഡി.എഫ് യോഗമാണിത്.

 

മാര്‍ച്ച് 13-നാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരണം.