Skip to main content
തിരുവനന്തപുരം

urmiladeviവിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ അര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മ്മിളാ ദേവിയെ സ്ഥലം മാറ്റിയ സംഭവം തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍. അധ്യാപികയെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രത്യേക സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍, വിഷയം സഭ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ റൂളിങ്ങില്‍ പ്രതിഷേധിച്ച് ഇന്നത്തെ സഭാനടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു.

 

സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ  പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ റൂളിങ്ങ്. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചതിനാലാണ് പ്രത്യേക സബ് മിഷന്‍ അനുവദിച്ചതെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. ഭരണപരമായ നടപടി മാത്രമാണ് സ്ഥലംമാറ്റമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ അധ്യാപികയോട് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സ്ഥലം മാറ്റത്തിനെതിരെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി നല്‍കിയ പരാതി ഇന്നലെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഫയലിൽ സ്വീകരിച്ചു. എന്നാൽ സ്ഥലംമാറ്റിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. കേസ് ജൂലായ് നാലിനാണ് ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കുക.

 

ബുധനാഴ്ച പ്രതിപക്ഷം ശ്രദ്ധ ക്ഷണിക്കലിലൂടെ വിഷയം നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ സ്തംഭിച്ചിരുന്നു. സഭ സമ്മേളിക്കുമ്പോൾ മന്ത്രിമാർ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നത് ശരിയാണോയെന്ന ക്രമപ്രശ്നമായി പ്രതിപക്ഷ നേതാവ് ഇന്നലെ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു.

 

ഊര്‍മ്മിളാദേവിക്കെതിരേയുള്ള നടപടി ഓർമ്മപ്പെടുത്തുന്നത്

 

സഭയുടെ സമ്മേളനത്തിനിടെ ഈ മാസം 16-നാണ് വിവാദമായ ചടങ്ങ് നടന്നത്. സ്കൂളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടന ചടങ്ങില്‍ അധ്യയന സമയത്ത് ഇത്തരം പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍ മന്ത്രി സദസ്സിലിരിക്കെ ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡി.പി.ഐ ഇറക്കിയ ഇത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

അതേസമയം, ചടങ്ങ് കാരണം ക്ലാസ് മുടങ്ങിയെന്ന അധ്യാപികയുടെ പ്രചാരണം തെറ്റാണെന്ന് ഇന്നലെ മന്ത്രി പി.കെ അബ്ദുറബ്ബ് ആരോപിച്ചു.