Skip to main content
തിരുവനന്തപുരം

kerala assembly

 

പതിമൂന്നാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 17 വരെ നടക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ബജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് നിശ്ചയിച്ചിട്ടുളളത്. ആദ്യദിവസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച നടക്കും.

 

ഏഴ് ദിവസം നിയമനിര്‍മ്മാണ കാര്യത്തിനും അഞ്ച് ദിവസം അനൗദ്യോഗിക ബില്ലുകള്‍ക്കും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചക്കും ഒരു ദിവസം ബജറ്റിന്റെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കും വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണ് പരിഗണനക്ക് വരാനുള്ളത്.

 

ജൂണ്‍ ഒമ്പതിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച നടക്കും.

 

ജൂണ്‍ പത്തിന് 2014-ലെ സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ബില്ലിന്റെയും, 2014-ലെ സര്‍വകലാശാല നിയമങ്ങള്‍ (മൂന്നാം ഭേദഗതി) ബില്ലിന്റെയും അവതരണവും സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള 2013-ലെ കേരള സഹകരണ സംഘങ്ങള്‍ (മൂന്നാം ഭേദഗതി) ബില്ലും 2013-ലെ സര്‍വകലാശാല നിയമങ്ങള്‍ (രണ്ടാം ഭേദഗതി) ബില്ലും പരിഗണിക്കും.

 

ജൂണ്‍ 12, ജൂലൈ ഒമ്പത്, 14, 15, 17 ദിവസങ്ങളില്‍ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ജൂണ്‍ ഒമ്പതിന് കാര്യോപദേശക സമിതി യോഗം ചേരും.

 

ജൂണ്‍ 16-നാണ് ബജറ്റിന്റെ വകുപ്പുതിരിച്ചുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ച ആരംഭിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 17, 18, 19, 23, 24, 25, 26, 30, ജൂലൈ ഒന്ന്, രണ്ട്, ഏഴ്, എട്ട് തീയതികളില്‍ 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ജൂലൈ പത്തിന് 2014 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. 11-ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ മേശപ്പുറത്തുവെയ്ക്കും. 16-ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 17-ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും.

 

ജൂണ്‍ 13, 20, 27, ജൂലൈ നാല്, 11 തീയതികളാണ് അംഗങ്ങളുടെ അനൗദ്യോഗിക ബില്ലുകള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്.