Skip to main content
തിരുവനന്തപുരം

governor nikhil kumar കേരള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ചാനിരക്കാണ് ലക്ഷ്യമെന്ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പ്രസംഗത്തില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ്, പാചകവാതക വിലവര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു നയപ്രഖ്യാപന പ്രസംഗം. സമ്മേളനം ബജറ്റ് അവതരണമുള്‍പ്പെടെ ഒന്നര മാസത്തോളം നീണ്ടുനില്‍ക്കും.

 

പ്രധാന പ്രഖ്യപനങ്ങള്‍

 

കൊച്ചിയില്‍ നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്ന സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തുടങ്ങും. ഇവിടെ 12,000 പേര്‍ക്ക് ജോലി നല്‍കും.രണ്ട് ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററുകളും കൊച്ചിയില്‍ ആരംഭിക്കും. ഈ വര്‍ഷം കൊച്ചിയില്‍ ബിസിനസ് ടു ബിസിനസ് മീറ്റും നടത്തുന്നുണ്ട്. കളമശ്ശേരിയില്‍ തുടങ്ങിയ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സെന്റര്‍ 5000 പേര്‍ക്ക് തൊഴില്‍ നല്‍കും. യുവാക്കളുടെ പുതുസംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കും.

 

500 സേവനങ്ങള്‍ കൂടി ഇ ഗവേര്‍ണന്‍സ് രീതിയിലേക്ക് മാറ്റും. താലൂക്കുകള്‍ തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രൊഫഷണലുകളെ നിയമിക്കും.

 

പാരമ്പര്യ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തുവില്‍ക്കും.  കാര്‍ഷിക മേഖലയില്‍ നെതര്‍ലാന്റിന്റെ സഹായത്തോടെ ടെക്‌നോളജി സെന്ററുകള്‍ സ്ഥാപിക്കും. പോളിഹൗസ് ഫാമിങ്ങിന് ധനസഹായം നല്‍കും. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.

 

സാമൂഹ്യസേനവരംഗത്തെ മികച്ച മാതൃകയാണ് കാരുണ്യ ലോട്ടറി. അട്ടപ്പാടിയിലെ പോഷകാഹാരക്കുറവിന് പ്രത്യേക പദ്ധതി കൊണ്ടുവരും. ആദിവാസി കോളനികളിലേക്ക് റോഡ് സൗകര്യമൊരുക്കാന്‍ 100 കോടിയുടെ ഫണ്ട് അനുവദിക്കും. ദരിദ്രര്‍ക്ക് ഭവനനിര്‍മ്മാണത്തിനായി സ്റ്റേറ്റ് റിസ്‌ക് ഫണ്ട് നടപ്പാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യു.ഐ.ഡി നമ്പര്‍ നല്കും. ഇവരുടെ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരും.

 

എല്ലാ താലൂക്ക് ആശുപത്രികളിലും പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും മിനി ആര്‍.സി.സികള്‍ തുടങ്ങും. എല്ലാ മെഡിക്കല്‍ കോളേജുകളിലും വന്ധ്യതാ ചികിത്സ ഉറപ്പുവരുത്തും.

കോളേജുകള്‍ ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ കോളേജുകള്‍ തുടങ്ങും. മികച്ച വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് പ്രൈമറി തലത്തില്‍ ടാലന്റ് ഹണ്ട് നടത്തും. പാഠ്യപദ്ധതിയില്‍ അടുത്ത വര്‍ഷം മുതല്‍ സമഗ്ര പരിഷ്‌കരണം കൊണ്ടുവരും.