Skip to main content
പാഠശാല
Dr. C.G. Geetha  

 

ഡ്വാണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.സി.ജി ഗീത തന്റെ വിദ്യാര്‍ഥികളെക്കുറിച്ച്.


ഡയാനയുടെ അമ്മയെ ഞാൻ ആദ്യമായി കണ്ടത് തായ്‌ലാന്‍ഡിലെ എക്‌സിബിഷൻ സ്റ്റാളിൽ വെച്ചായിരുന്നു. ഒരുപാട് ചോദ്യങ്ങളുമായിട്ടാണ് അവർ എത്തിയത്. അതിൽ പ്രധാനം കുട്ടിയുടെ സുരക്ഷാസംബന്ധിയായവ ആയിരുന്നു. അതായത് സ്‌കൂളിൽ നിന്നോ ഹോസ്റ്റലിൽ നിന്നോ കുട്ടികൾ ചാടിപ്പോകാൻ പഴുതുകളുണ്ടോ, സെക്യൂരിറ്റി ഉണ്ടോ എന്നിങ്ങനെ പലതും. എനിക്ക് ഒരസ്വാഭാവികതയും തോന്നിയില്ല. ഇത്രയും ദൂരേത്തേക്ക് മകളെ അയക്കുന്ന അമ്മയുടെ വേവലാതിയിൽ ഞാനും പങ്കുചേർന്നു. ഒരു കുഴപ്പവും ഇല്ല എന്ന് ഉറപ്പും നൽകി. ആ അമ്മ എന്റെ രണ്ടു കൈയും പിടിച്ച് ഞാൻ അവരുടെ മകളെ നന്നായി നോക്കാമെന്ന് ഉറപ്പുപറയണമെന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. അതുമാത്രമല്ല, എനിക്ക് വേറെ ഓപ്ഷനും ഉണ്ടായിരുന്നില്ല. ഞാൻ ജോലി ചെയ്യുന്നത് പുതിയതായി തുടങ്ങിയ ഒരു സ്‌കൂളിലാണ്. ആ സ്‌കൂൾ കുട്ടികളെകൊണ്ട് നിറക്കേണ്ടത് എന്റെ ആവശ്യമാണ്. അതാണെന്റെ പ്രധാന ജോലി. മാനേജ്‌മെന്റ് എപ്പോഴും അതിന് ഊന്നൽ കൊടുക്കുന്നുമുണ്ട്. ആ സ്‌കൂളിൽ ഹോസ്റ്റലിലും സ്‌കൂളിലും എ.സി. റൂമും കൊടുത്ത് കുറച്ച് ആഡംബരം കൂടിയ ഭക്ഷണവും നൽകി ഏറ്റവും കൂടിയ ഫീസ് ഈടാക്കുക എന്നതായിരുന്നു രീതി. എൻട്രൻസ് ടെസ്റ്റ്‌ പോലുമില്ലാതെ വരുന്നവരെ മുഴുവനും അഡ്മിറ്റ് ചെയ്യാനാണുത്തരവ്. ഫീസ് വളരെ കൂടുതലായതുകൊണ്ട് എന്തുചെയ്താലും കുട്ടികളെ കിട്ടുക വളരെ ബുദ്ധിമുട്ടുതന്നെ ആയിരുന്നു. ഞാൻ നൽകിയ ഉറപ്പിന്മേൽ ഡയാനയുടെ അമ്മ സന്തോഷവതിയായി. പാന്റും ഷർട്ടും വേഷം. ഷർട്ടിനുമേലെ മനോഹരമായ കറുത്ത കോട്ട്. ഷോർട്ട് ഹെയർ. ചുവന്നു തുടുത്ത മുഖം. കൈയിൽ ലാപ്‌ടോപ്പ് ബാഗ്. ആകർഷകത്വം തുളുമ്പുന്ന പുഞ്ചിരി. എനിക്കവരെ വളരെ ഇഷ്ടപ്പെട്ടു. എന്റെ വിസിറ്റിങ് കാർഡും സ്‌കൂളിന്റെ ബ്രോഷറും വാങ്ങി യാത്ര പറയാൻ എഴുന്നേറ്റു. ഞാൻ തായ് ഭാഷയിൽ എനിക്ക് ആകെ അറിയാവുന്ന രണ്ടു വാക്കുകളിലൊന്ന് സന്തോഷത്തോടെ പറഞ്ഞു. ''തപ്പുൻകാ'' (താങ്ക് യു). അതുകേട്ടപ്പോൾ അവരുടെ മുഖം ഒന്നുകൂടി വിടർന്നു. അല്ലെങ്കിലും അന്യദേശക്കാര് സ്വന്തം ഭാഷ പറയുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണല്ലോ. എനിക്ക് മെയിൽ അയക്കാം, ഫോൺ വിളിക്കാം എന്നൊക്കെ പറഞ്ഞ് ഡയാനയുടെ മമ്മി യാത്രയായി. ഞാൻ എന്റെ അടുത്ത കസ്റ്റമർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കായി ഒരുങ്ങിയിരുന്നു. പല രക്ഷിതാക്കളും വന്ന് ബ്രോഷറും വാങ്ങി നടന്നു നീങ്ങി.

 

ഞാൻ ജോലി ചെയ്ത സ്‌കൂളിന്റെ മാനേജർ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ്. എന്തു ബിസിനസ്സ് ചെയ്തും എങ്ങനെയും പണമുണ്ടാക്കണം എന്നു മാത്രം ചിന്തയുള്ള ഒരു വ്യക്തി. ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ ആരും ബഹുമാനിക്കില്ല എന്ന തോന്നലിൽ സമൂഹത്തിലൊരു അംഗീകാരവും പേരും സമ്പാദിക്കാൻ വേണ്ടി തുടങ്ങിയ ഒരു പ്രസ്ഥാനമായിരുന്നു ഈ സ്‌കൂൾ. സ്‌കൂളിനേയും അതേ കണ്ണുകളോടെയാണ് മാനേജർ കണ്ടിരുന്നത്.

 

 

ഫെബ്രുവരിയിലെ ആ എക്‌സിബിഷനുശേഷം പലപ്പോഴായി അഡ്മിഷൻ എടുക്കുന്നതിന്റെ വിശദാംശങ്ങൾ തിരക്കി ഡയാനയുടെ അമ്മ പല ഇമെയിലുകളും അയച്ചു. എല്ലാത്തിനും കൃത്യമായി മറുപടി ഒട്ടും താമസിയാതെ ഞാൻ കൊടുത്തുകൊണ്ടിരുന്നു. വിസ ലെറ്റർ ഒക്കെ ശരിയാക്കി സ്‌കൂൾ തുറക്കുന്നതിനു മൂന്നു ദിവസം മുമ്പ് എത്തും എന്നറിയിച്ചു. അങ്ങനെ ആ ദിവസവും വന്നുചേർന്നു. എട്ടു തായ് കുട്ടികളും നാലു രക്ഷിതാക്കളുമടങ്ങിയ സംഘം ഏകദേശം പത്തുമണിയോടെ എന്റെ റൂമിലെത്തി. ഫീസടക്കലും ബാക്കി ഫോർമാലിറ്റീസും തീർത്ത അവർ ഹോസ്റ്റലിൽ കുട്ടികളെ കബോർഡ് അടുക്കാനും ഒക്കെ സഹായിച്ചു. പിന്നെത്തെ രണ്ടു ദിവസം അമ്മമാരും കുട്ടികളുമായി കൊച്ചി നഗരത്തിലെ ഹോസ്റ്റൽ മുറിയിൽ താമസവും ഷോപ്പിങ്ങും ഒക്കെയായിരുന്നു. സ്‌കൂൾ തുറക്കുന്നതിന്റെ തലേന്ന് വൈകീട്ട് ഏകദേശം ഏഴരയോടുകൂടി ഈ പെൺസംഘം വീണ്ടുമെത്തി. മക്കളെ ഹോസ്റ്റലിലാക്കി രാത്രിയിലെ ഫ്‌ളൈറ്റിൽ അമ്മമാർ യാത്രയാകും. വാർഡൻ ഉണ്ടെങ്കിലും ഇവരു വരുന്നതുവരെയും ഓഫീസ് മുറിയിൽ ഞാനും കാത്തിരുന്നു. ഇവരില്‍ ഒരു കുട്ടിയുടെ പോലും അച്ഛൻ കൂടെ ഉണ്ടായിരുന്നില്ല. എക്‌സിബിഷൻ സ്റ്റാളിലും അച്ഛനും അമ്മയും കൂടി വന്നു നടത്തുന്ന അന്വേഷണങ്ങൾ എന്നും എണ്ണത്തിൽ കുറവായിരുന്നു. മിക്ക തായ് ആപ്ലിക്കേഷൻ ഫോമിലും അമ്മയുടെ പേരു മാത്രമേ കാണാറുള്ളൂ. ഒട്ടുമിക്ക അമ്മമാരും എന്തെങ്കിലും ബിസിനസ് നടത്തുന്നവരുമാണ്. ഡയാനയുടെ അമ്മ ഒരു ടെക്‌സ്റ്റൈൽ ഷോപ്പ് ഉടമയാണ്.

 

8-ാം ക്ലാസ്സുകാരി ഡയാനയുടെ ചിരി അമ്മയുടേതിനേക്കളും ഭംഗിയുള്ളതായിരുന്നു. നിഷ്‌കളങ്കത നിറഞ്ഞ ആ മുഖം ഒരു കൊച്ചുകുട്ടിയുടെ എല്ലാ ഓമനത്വവും അവൾക്ക് നൽകി. ഒരു കൈ കൊണ്ട് അമ്മയെ ചുറ്റിപ്പിടിച്ച് മറ്റേ കൈ അമ്മയുടെ പാന്റിന്റെ പോക്കറ്റിലുമിട്ട് തായ് ഭാഷയിൽ അവളെന്തൊക്കെയോ കൊഞ്ചിക്കൊഞ്ചി പറയുന്നുണ്ടായിരുന്നു. അവൾ അല്പം ഹൈപ്പറാക്ടീവ് ആണ്. മരുന്നു ദിവസവും കഴിച്ചോയെന്ന്‍ ശ്രദ്ധിക്കണം എന്നു പറഞ്ഞെന്നെ ഏല്പിച്ചിട്ട് അമ്മ പോകാനൊരുങ്ങുകയാണ്. കാര്യങ്ങളൊക്കെ വാർഡനെ ഒന്നുകൂടി പറഞ്ഞ് ഉറപ്പിച്ചിട്ട് അവരെ യാത്രയാക്കാൻ ഞാൻ റൂമിന് വെളിയിലെത്തി. ആദ്യമായി സ്‌കൂളിൽ വരുന്ന ഒരു എൽ.കെ.ജി കുട്ടി കരയുന്നതുപോലെ കരഞ്ഞുകരഞ്ഞു ഡയാനയുടെ മുഖം ചുവന്നുതുടുത്തിരുന്നു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. പെൺമക്കളില്ലാത്ത എന്റെ ഹൃദയം എന്നും ഒരു പെൺകുട്ടിക്കുവേണ്ടി കൊതിച്ചിരുന്നു. ഇവളുടെ സങ്കടം എനിക്ക് കണ്ടുനിൽക്കാനായില്ല. കൂടെയുള്ള ബാക്കി പെൺകുട്ടികൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും മമ്മിയുടെ ടാക്‌സി പോകുന്നതും നോക്കി ഡയാന ഉച്ചത്തിൽ കരയാൻ തുടങ്ങി. എന്നിലെ മാതൃത്വം അവളെ എന്റെ കരവലയത്തിലൊതുക്കി മാറോടണയ്ക്കാൻ നിർബന്ധിതയാക്കി. എന്നെ കെട്ടിപ്പിടിച്ച് എന്റെ തോളിൽ തല ചായ്ച്ചു ഡയാന ആശ്വാസം കൊണ്ടു. അവളുടെ മുടിയിഴകളിൽ വിരലോടിച്ച് അവളെ ചേർത്തുപിടിച്ച് അവളുടെ ദുഃഖം ഏറ്റുവാങ്ങുമ്പാൾ എന്നിലെ മാതൃത്വം സംതൃപ്തിയടയുകയായിരുന്നു.

 

ഡയാനയോടും ചുറ്റും കൂടിനിന്ന കുട്ടികളോടുമായി ഒന്നും വിഷമിക്കേണ്ടെന്നും നിങ്ങളുടെ എന്തുകാര്യത്തിനും എപ്പോഴും ഞാനുണ്ടാകുമെന്നും പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ ആശ്വാസം നിഴലിട്ടു. അപ്പോഴേക്കും ഡയാന കരച്ചിലൊക്കെ നിർത്തിയിരുന്നു. അവർ ഓരോരുത്തരായി എന്നെ വന്നു കെട്ടിപ്പിടിച്ച് ഗുഡ്‌നൈറ്റ് പറഞ്ഞു, ഹോസ്റ്റലിന്റെ സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നടന്നു. സാധാരണ ഗതിയിൽ ഒരു സ്റ്റുഡന്റും പ്രിൻസിപ്പലിനെ കെട്ടിപ്പിടിക്കാറില്ല. ഞാനെന്റെ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ആ സ്വാതന്ത്ര്യം കൊടുത്തു. വിദേശത്തുനിന്നു വന്ന പെൺകുട്ടികൾ ഒരവകാശം പോലെ അതെടുത്താശ്വസിച്ചു. അവസാനത്തെ ഊഴം ഡയാനയുടേതായിരുന്നു. അവൾ ഒരു സ്റ്റെപ്പും കൂടി കടന്ന് എന്നെ കെട്ടിപ്പിടിച്ച് എന്റെ രണ്ടു കവിളുകളിലും ഉമ്മവെച്ച് മാം, ഐ ലവ്യു സോ മച്ച് എന്നു പറഞ്ഞപ്പോൾ അവൾക്ക് പുത്രീനിർവിശേഷമായ രണ്ടു ചുംബനങ്ങൾ കൊടുക്കാൻ എനിക്ക് സന്തോഷമായിരുന്നു. മൃദുവായ ആ കവിളുകളിൽ കിട്ടിയ ചുംബനത്തോടെ അവൾ തീർത്തും സന്തോഷവതിയായി. ഒരു നാലു വയസ്സുകാരിയുടെ പ്രസരിപ്പോടെ അവൾ ഓടി മറഞ്ഞു. നേരം 9 മണി. ഞാൻ തിരക്കിട്ട് വീട്ടിലേക്ക് യാത്രയായി. ഇതൊരു തുടക്കം മാത്രമായിരുന്നു. ഇരുളടഞ്ഞ ആ റോഡിലൂടെ എത്രയോ രാത്രികളിൽ 9 മണിക്കുശേഷം എനിക്ക് വണ്ടിയോടിച്ചു വീടണയേണ്ടിവന്നിട്ടുണ്ട്. എനിക്ക് പിറക്കാത്ത എന്റെ ഈ മക്കൾക്കുവേണ്ടി.

 

പിറ്റേന്ന് സ്‌കൂളും തുറന്നു. തിരക്കേറിയ ഓരോ ദിനവും കടന്നുപോയി. ബ്രേക്ക്‌ടൈമിൽ ഞാൻ റൂമിന്റെ പുറത്തുനിൽക്കുമ്പോൾ ഡയാന എപ്പോഴും ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു. ചുംബനങ്ങൾ ചോദിച്ചുമേടിച്ചു. അമ്മ വിളിച്ച വിശേഷങ്ങൾ പറഞ്ഞു. അങ്ങനെ രണ്ടു മൂന്നുമാസം കഴിഞ്ഞു. ഇടയ്ക്ക് ചില ദിവസങ്ങളിൽ കരഞ്ഞുകൊണ്ട് എന്റെ റൂമിൽ വരും. കെട്ടിപ്പിടിച്ച് തോളിൽ തല ചായ്ക്കും. ഞാൻ ഉമ്മവെച്ച് ആശ്വസിപ്പിച്ച് ഐ ലൗവ് യു ബേബി പറയും. അവൾ വീണ്ടും ചിരിച്ച് യാത്രയാകും. ഇതൊക്കെ പതിവുസംഭവങ്ങൾ. വാർഡനോട് അവൾ മരുന്നു കഴിച്ചോ എന്നു ശ്രദ്ധിക്കാൻ ഞാൻ എന്നും പറഞ്ഞിരുന്നു. അവൾ വരെ അനുസരയുള്ള കുട്ടിയാണെന്നായിരുന്നു വാർഡന്റെ മറുപടി. അവൾ എല്ലാംകൊണ്ടും നല്ല കുട്ടിയായിരുന്നു. ഒരു വിധം നന്നായിട്ടു പഠിക്കും. വേഗം ഇംഗ്ലീഷ് പിക്ക്അപ്പ് ചെയ്തു. എല്ലാവരോടും കൂട്ടുകൂടും. അതിലുപരി എല്ലാവരെയും മനമറിഞ്ഞു സ്‌നേഹിക്കും. എന്നോടൊരല്പം കൂടുതലും. എന്നെയവൾ അവളുടെ ഇന്ത്യയിലെ മമ്മി എന്നുപറയുമായിരുന്നു. എനിക്കും അതൊക്കെ വളരെ സന്തോഷം. ജോലിയിലെ ടെൻഷന്റെ ഇടയ്ക്ക് വീണുകിട്ടിയ നല്ല മുഹൂർത്തങ്ങൾ. മറുവശത്ത് ഞാനും എന്റെ കാർക്കശ്യവും ഡിസിപ്ലിനും ഒക്കെയായിട്ട് മുന്നോട്ടുപോയി. കുസൃതി കൂടിയവരെയൊക്കെ മുറിയിൽ വിളിച്ച് കൗൺസിൽ ചെയ്തും റൗണ്ട്‌സിനു പോയും നോട്ട്ബുക്ക് കറക്ഷൻ ചെക്ക് ചെയ്യലും ഒക്കെയായിട്ട് ദിവസങ്ങൾ കുതിച്ചുപാഞ്ഞു. ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറന്നു. ഓണാവധിക്ക് തായ് കുട്ടികൾ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. ഇടയ്‌ക്കൊരു ഔട്ടിങ്ങും വീഗാലാൻഡ് ട്രിപ്പും ഞാനവർക്കുവേണ്ടി അറേഞ്ച് ചെയ്യുകയും ചെയ്തു. അവധി സമയത്ത് ഞാൻ സ്‌കൂളിൽ ചെല്ലാതിരുന്ന ദിവസങ്ങളിൽ ഡയാന അവളുടെ മൊബൈൽ ഫോണിൽ നിന്നും എനിക്ക് ''ഐ ലവ് യു മാം, മിസ് യു സോ മച്ച്' എന്ന് മെസേജ് അയക്കുമായിരുന്നു. ഞാനെല്ലാത്തിനും റെസ്‌പോണ്ട് ചെയ്തു. എനിക്കവളുടെ അമ്മയോട് അസൂയ തോന്നി. ഒപ്പം പരിഭവവും. ഇത്ര സ്‌നേഹമുള്ള കുട്ടിയെ അടുത്തുനിന്നും മാറ്റിനിർത്താൻ എങ്ങനെ തോന്നി! ഇവളെന്റെ സ്റ്റുഡന്റ് ആയി വന്നതിൽ ഞാൻ ഏറെ സന്തോഷിച്ചു. ഇന്നും അവളുടെ സ്‌നേഹം എനിക്ക് മറക്കാനാവുന്ന ഒന്നല്ല. ആറുമാസം കൊണ്ട് അവളെനിക്ക് ആറുജന്മത്തെ സ്‌നേഹം തന്നു. ഞാനും ഒരുപാധിയും ഇല്ലാതെ എന്റെ കുഞ്ഞിനെപ്പോലെ മതിമറന്നു സ്‌നേഹിച്ചു. അവധി ദിവസങ്ങൾ ഞാനും അവളെ വളരെ മിസ് ചെയ്തു. പിറ്റേന്നത്തെ അവളുടെ 'ഹഗി'ന് നീളം കൂടുതലും ഉമ്മകൾക്ക് എണ്ണം കൂടുതലുമാണ്. ബാക്കി കുട്ടികൾ ഇതൊക്കെ കണ്ടു രസിച്ച് ഗുഡ്‌മോർണിങ് പറഞ്ഞു കടന്നുപോകും. ഡയാന എല്ലാവരുടെയും ഹൃദയം കവർന്നിരുന്നു. ആർക്കും ഒരു പരാതിയും ഇല്ല.

 

രാവിലെ എട്ടുമണിക്ക് സ്‌കൂളിലെത്തിയാൽ സ്‌കൂൾ വിടുന്നതുവരെ ഭയങ്കര തിരക്കാണ്. കുട്ടികളുടേയും ടീച്ചേഴ്‌സിന്റെയും കാര്യങ്ങളും അഡ്മിഷൻ അന്വേഷണങ്ങളും രക്ഷിതാക്കളുടെ വിസിറ്റുമൊക്കെയായി. എന്റെ പേപ്പർ വർക്കുകൾ തീർക്കാൻ ഒരിക്കലും സമയം കിട്ടില്ല. മൂന്നരയ്ക്ക് കുട്ടികളൊക്കെ പോയശേഷം ഞാൻ പണി ആരംഭിക്കും. മിക്കദിവസവും ഡയാന വന്ന് എതിർ കസേരയിലിരിക്കും. ഞാൻ ഹോസ്റ്റൽ കുട്ടികൾക്ക് അങ്ങനെയും ഒരു സ്വാതന്ത്ര്യം കൊടുത്തിരുന്നു. ഇവരെല്ലാം അവരുടെ കുടുംബം വിട്ട് ഇത്രദൂരം വന്നു താമസിക്കുവാൻ മാനസികമായി പര്യാപ്തരല്ല എന്ന തോന്നലിൽ നിന്നുണ്ടായ ഒരു സഹാനുഭൂതി എന്നു വേണമെങ്കിൽ പറയാം. സത്യം പറഞ്ഞാൽ ഈ പെൺകുട്ടികളുടെ കൊഞ്ചൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ഡയാന ഒരു ചാറ്റർബോക്‌സ് ആണ്. മനോഹരമായ ഇംഗ്ലീഷിൽ തായ്‌ചുവയോടെ അവൾ നിർത്താതെ സംസാരിക്കും. എന്റെ ജോലിക്കിടെ ഞാനതൊക്കെ കേൾക്കും. അവളിലൂടെ ഞാൻ തായ്‌ലാൻഡിലെ ഒരുപാടു വിശേഷങ്ങൾ മനസ്സിലാക്കി.

 

തായ്‌ലാൻഡിൽ ആരും അറ്റൻഡൻസ് ഒന്നും അത്ര ശ്രദ്ധിക്കില്ല. ക്ലാസ് കട്ട് ചെയ്ത് പുറത്തുപോയാലും ആരും അറിയില്ല. അവളുടെ അഭിപ്രായത്തിൽ അവിടെ ബോയ് ഫ്രണ്ടുമായി ചുറ്റിത്തിരിയുവാൻ ധാരാളം പാർക്കുകളും മാളുകളും ഒക്കെ ഉണ്ട്. ഇവിടുത്തെപ്പോലെ സ്‌കൂളിന് സെക്യൂരിറ്റി ഒന്നും ഇല്ല. രാവിലെ അസംബ്ലി തുടങ്ങിയാൽ സ്‌കൂൾ ഗേറ്റ് രണ്ടും ഞാൻ തന്നെ പൂട്ടിക്കുന്നത് അവൾ കാണാറുണ്ട്. സെക്യൂരിറ്റിയുടെ അറിവില്ലാതെ ആർക്കും അകത്തുകടക്കാനും പുറത്തുപോകാനും കഴിയില്ല. അവളുടെ വാക്കുകളിൽ ഇത്രയൊക്കെ വേണോ എന്നൊരു ധ്വനി ഉണ്ടായിരുന്നു. ഞാനതു കേട്ടില്ലെന്നു നടിച്ചു. 8-ാം ക്ലാസ്സുകാരിക്ക് തായ്‌ലാൻഡിൽ വെച്ച് 6-ാം ക്ലാസ്സുമുതൽ ബോയ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു എന്നും അവരുമായി മാളിലൊക്കെ ചുറ്റിത്തിരിഞ്ഞ് സിഗരറ്റ് വലിക്കുകയും മദ്യം രുചിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെന്ന സത്യം എന്നെ ഞെട്ടിച്ചു. എന്റെ തായ്‌ലാൻഡ് യാത്രയിൽ സൂപ്പർമാർക്കറ്റുകളിൽ ഉള്ളിയും മുളകും സോപ്പും ഷാംമ്പുവും പോലെ മദ്യക്കുപ്പികളും സിഗരറ്റും ഇരിക്കുന്നതു ഞാൻ കണ്ടിരുന്നു. വലിയ അക്ഷരത്തില്‍ 18 വയസ്സിനു താഴെയുള്ളവർക്കു വിൽക്കില്ല എന്ന ബോർഡുള്ളപ്പോൾ തന്നെ ചെറിയ കുട്ടികൾ ഇതൊക്കെ എടുത്ത് ബില്ലും കൊടുത്ത് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. കടക്കാരൻ ഇതൊന്നും ശ്രദ്ധിക്കില്ല. പോലീസിനും അലംഭാവമായിരിക്കാം. സെക്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ ഒരിക്കലും ഒരാൺകുട്ടിയും പെൺകുട്ടിയും കൂടി ചുറ്റിത്തിരിയുന്നതു കണ്ടാല്‍ ഒരു അച്ചടക്ക നടപടിയും എടുക്കില്ലല്ലോ. എന്റെ സ്‌നേഹം മുതലെടുത്ത് എന്റെ കൊച്ചു സുന്ദരി ഞനെപ്പോഴും കുട്ടികളെ പഠിക്കാൻ നിർബന്ധിക്കുന്നതും നല്ല പെരുമാറ്റത്തിനും സ്വഭാവത്തിനും ഊന്നൽ കൊടുക്കുന്നതും വഴക്കുപറയുന്നതുമൊക്കെ ഒന്നൊഴിവാക്കിക്കൂടെ എന്നു ചോദിക്കാൻ വരെ സ്വാതന്ത്ര്യം കാണിച്ചു. കുട്ടികളുടെ നന്മയ്ക്കു വേണ്ടിയുള്ള ഈ വക കാര്യങ്ങളിൽ ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അതുവഴിയുള്ള ഒരു സ്‌നേഹവും എനിക്ക് വേണ്ട, ഇതെന്റെ ഡ്യൂട്ടി ആണെന്നും ഒരൽപ്പം കർക്കശമായി എനിക്കവളോട് പറയേണ്ടിവന്നു. അവൾക്ക് എന്നോട് സ്‌നേഹമുള്ളതുപോലെ എന്നെ പേടിയുമായിരുന്നു. പതിവുപോലെ അന്നും റൂമിൽ നിന്നു പോകുമ്പോൾ ഏതൊക്കെയോ കുട്ടികൾ ബർത്ത്‌ഡേയ്ക്ക് എനിക്ക് തന്ന ചോക്കലേറ്റുകൾ ഞാനവൾക്ക് നൽകി. ഇടക്കെപ്പോഴോ നീ നിന്റെ അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു നിറപുഞ്ചിരിയോടെ എനിക്കിവിടെ മാം ഉണ്ടല്ലോ, പിന്നെന്തിന് ഞാൻ മമ്മിയെ മിസ് ചെയ്യണം എന്നു പറഞ്ഞത് എന്റെ ചെവിയിൽ ഇന്നും മുഴങ്ങുന്നു.

 

ആദ്യലക്കം വായിക്കാം:

അധ്യാപനത്തിന്റെ മധുരനൊമ്പരങ്ങളിലൂടെ