Skip to main content
Pinarayi Vijayan

മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയം

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്.മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ അടുത്ത പ്രാസംഗികനെ വിളിക്കുന്നതിന് ഒരു ഒഴുക്കിനു വേണ്ടി അവതാരക പറഞ്ഞ ഭംഗി വാക്ക് മുഖ്യമന്ത്രിയെ അവിടെ വെച്ച് തന്നെ ചൊടിപ്പിച്ചു. പ്രസംഗം കഴിഞ്ഞ് സീറ്റിലേക്ക് നടക്കാൻ ഒരുങ്ങിയ മുഖ്യമന്ത്രി തിരിഞ്ഞുനിന്നു മൈക്കിലൂടെ തന്നെ ആ അവതാരകയെ ശാസിച്ചു. " കമന്റൊന്നും വേണ്ട അടുത്ത ആളിനെ വിളിച്ചാൽ മതി ". എന്തായാലും ആ യുവതി അവിടെയുള്ള സദസിന്റെ കാഴ്ചാപരിധിയിൽ ആയിരുന്നുവെങ്കിലും ചാനലുകളിൽ ആമുഖം കാണിക്കപ്പെടുകയുണ്ടായില്ല. ആ അവതാരകയ്ക്ക് എത്രമാത്രം മനോവിഷമം ഉണ്ടായിക്കാണും എന്നുള്ളത് കുഞ്ഞു കുട്ടികൾക്ക് ഉൾപ്പെടെ മനസ്സിലാകുന്നതാണ് .എന്നാൽ അതിനേക്കാൾ ഗൗരവമായ വിഷയം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അതീവ ഗുരുതരാവസ്ഥയിൽ അസ്വസ്ഥനായിരുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ ഗതിയെ നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കേണ്ട മനസ്സാണ് ഇത്തരത്തിൽ അസ്വസ്ഥമായിരിക്കുന്നത് .ഇത് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിൻറെ തീരുമാനങ്ങളെ സ്വാധീനിക്കും. കേരളത്തെ സംബന്ധിച്ച് ആ വിഷയമാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. ഭരണകക്ഷിയും മുന്നണിയും ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ട രാഷ്ട്രീയ കാര്യം.