കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി തിങ്കളാഴ്ച റദ്ദാക്കി. നിരക്കുവര്‍ധന അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാണ് നഷ്ടം നികത്തേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാകാന്‍ കാരണം ദുര്‍ഭരണമാണെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍, യാത്രാനിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി ജനവരി 17-ന് കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തിനെതിരെ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുകൂല വിധി ലഭിച്ചിരുന്നു. എന്നാല്‍, വിവിധ സംസ്ഥാന കോര്‍പ്പറേഷനുകള്‍ അതത് ഹൈക്കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ ഒ.എന്‍.ജി.സിയുടെ ആവശ്യപ്രകാരം ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് വിധിയോട് പ്രതികരിച്ചു. എന്നാല്‍, ഡീസല്‍ സബ്‌സിഡി ലഭിക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് നിലനില്‍ക്കാനുമാകില്ല. വിഷയം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും കേസിന്റെ തുടര്‍നടപടികള്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി അറിയിച്ചു. സുപ്രീംകോടതി പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കാനാകില്ലെന്നും ക്ഷേമനടപടികളാണ് ദുര്‍ഭരണമെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചു.
സബ്‌സിഡി ലഭിച്ചില്ലെങ്കില്‍ യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി. അറിയിച്ചിരുന്നു. ഡീസലിന്റെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ ഇന്ധനച്ചെലവ് പതിന്മടങ്ങ് കൂടിയെന്നും ആ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സബ്‌സിഡി ലഭിച്ചില്ലെങ്കില്‍ രണ്ട് കോടിയില്‍പ്പരം രൂപയുടെ അധികബാധ്യതയാണ് ഒരു മാസം ഉണ്ടാകുക. ഡീസലിന്റെ നിരക്ക് കൂട്ടുന്നതിനനുസരിച്ച് യാത്രാനിരക്ക് വര്‍ധിപ്പിക്കാനും കഴിയില്ലെന്ന് കെ.എസ്.ആര്‍.ടി.സി. സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരുന്നു.