Skip to main content
ന്യൂഡല്‍ഹി

modi meets military commanders

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സൈനിക കമാന്‍ഡര്‍മാരുടെ സംയുക്ത കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പ്രതിരോധ മന്ത്രാലയത്തിലെ യുദ്ധമുറിയില്‍ നടന്ന ചടങ്ങ് മൂന്ന്‍ സേനാമേധാവികള്‍ അടക്കമുള്ള ഉന്നത സൈനിക കമാന്‍ഡര്‍മാരുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണ്. പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രധാനമായ ഈ വാര്‍ഷിക യോഗം നടക്കുന്നത്.

 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂന്ന്‍ സേനാമേധാവികളും പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ വിശദമായ അവതരണങ്ങള്‍ നടത്തും. ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ അധ്യക്ഷനായ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരുപ് രാഹ ആദ്യവും തുടര്‍ന്ന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ ധൊവാന്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് എന്നിവരും സംസാരിക്കും.

 

പ്രതിരോധ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ദോവല്‍, പ്രതിരോധ വകുപ്പ് സെക്രട്ടറി ആര്‍.കെ മാത്തൂര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.   

 

ജമ്മു കശ്മീരില്‍ ഈയിടെ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ചൈനയുടെ അതിര്‍ത്തി ലംഘനങ്ങളുമായിരിക്കും വാര്‍ഷിക യോഗത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയമാകുകയെന്ന്‍ കരുതുന്നു. സേനകളുടെ യുദ്ധസന്നദ്ധതയും തീവ്രവാദമടക്കമുള്ള രാജ്യത്തിന്റെ സുരക്ഷാ ഭീഷണികളും ചര്‍ച്ചയാകും.