Skip to main content
മൊഗാദിഷു

somali al shabab

 

കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സോമാലിയയില്‍ പാര്‍ലിമെന്റ് കെട്ടിടത്തിന് നേരെ ചാവേര്‍ ആക്രമണം. പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍-ഖ്വൈദ ബന്ധമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

 

രണ്ട് ചാവേറുകളും ആറു തോക്കുധാരികളുമാണ് ആക്രമണം നടത്തിയത്. ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തിന് ശേഷം പാര്‍ലിമെന്റ് കെട്ടിടത്തില്‍ വെടിയൊച്ചകള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറിലാണ് ഒരു ചാവേര്‍ കെട്ടിടത്തില്‍ പ്രവേശിച്ചത്.  

 

ബോംബാക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ ഏതാനും പാര്‍ലിമെന്റ് അംഗങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കാര്‍ ബോംബ്‌ സ്ഫോടനത്തിന് പിന്നാലെ ഇവരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന് എതിരെയുള്ള മസ്ജിദില്‍ നിന്നാണ് തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടു.

 

2011-ല്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന്‍ തുരത്തപ്പെട്ടതിന് ശേഷം അല്‍-ഷബാബ് പ്രവര്‍ത്തകര്‍ സോമാലിയയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഫെബ്രുവരിയില്‍ പ്രസിഡന്റിന്റെ വസതിയ്ക്ക് നേരെ ഇവര്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.