Skip to main content
കൊച്ചി

kochi metroകൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവശേഷിക്കുന്ന സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വൈദ്യുതി, റവന്യൂ വകുപ്പു മന്ത്രിമാരുടെ നേതൃത്തിലുളള സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

 

സെന്റ് ആല്‍ബര്‍ട്ട്‌സ് കോണ്‍വന്റിന്റെ ഉടമസ്ഥതയിലുളള 98 സെന്റ് സ്ഥലമാണ് ഉടന്‍ ഏറ്റെടുക്കേണ്ടത്. മെട്രോ നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടിയെടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

 

മെട്രോയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള നടപടികള്‍ 15 ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കണം. ഇതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമിതിയ്ക്ക് രൂപം നല്‍കി. കളമശ്ശേരി എച്ച്.എം.ടി.റോഡിലെ തടസ്സങ്ങള്‍ 10 ദിവസത്തിനകം പരിഹരിക്കാനും നടപടി സ്വീകരിക്കും.

 

വൈറ്റില പേട്ട റോഡിലെ ഭൂമിയേറ്റെടുക്കല്‍ പൊതുമരാമത്ത് വകുപ്പ് വേഗത്തിലാക്കണം. ഇതിനായനുവദിച്ച തുക സര്‍ക്കാര്‍ ഉടന്‍ കൈമാറും. ഇടപ്പളളി ഫ്‌ളൈഓവര്‍, പാച്ചാളം റയില്‍വേ മേല്‍പ്പാലം എന്നിവ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിക്കും. വൈറ്റില തമ്മനം പുല്ലപ്പേടി റോഡിനായുളള ഭൂമി കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറും.

 

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.ബാബു, ഡെല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കൊച്ചി മേയര്‍ ടോണി ചമ്മിണി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags