Skip to main content
തിരുവനന്തപുരം

cpimസി.പി.ഐ.എം ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്‌ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയിലെ 15 സീറ്റുകളില്‍ അഞ്ച്‌ സീറ്റുകളില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥികളെയാണ് ഇക്കുറി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കൊല്ലത്ത് മല്‍സരിക്കും. ഇടുക്കി സീറ്റില്‍ സി.പി.ഐ.എം സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി ഹൈറേഞ്ച്‌ സംരക്ഷണ സമിതി നേതാവ്‌ ജോയ്‌സ് ജോര്‍ജ്‌ മത്സരിക്കും.

 

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എം പതിനാറ്‌ സീറ്റുകളിലാണ്‌ മത്സരിച്ചിരുന്നതെങ്കിലും ഇക്കുറി പതിനഞ്ച്‌ സീറ്റുകളിലേ മത്സരത്തിനിറങ്ങുന്നുള്ളു. കോട്ടയം സീറ്റില്‍ ഇത്തവണ ഘടകകക്ഷിയായ ജനാതള്‍ (എസ്‌) ആണ്‌ മത്സരിക്കുക. പത്തനംതിട്ടയില്‍ ഫിലിപ്പോസ്‌ തോമസും എറണാകുളത്ത്‌ ക്രിസ്റ്റി ഫെര്‍ണാണ്ടസും പൊന്നാനിയില്‍ വി. അബ്‌ദുറഹ്‌മാനും സി.പി.ഐ.എം സ്വതന്ത്ര സ്‌ഥാനാര്‍ത്ഥികളായി മത്സരിക്കും. ചാലക്കുടിയില്‍ സിനിമാതാരം ഇന്നസെന്റ തന്നെയാണ് സ്‌ഥാനാര്‍ഥി.

 

സിറ്റിംഗ്‌ എം.പിമാരായ എ. സമ്പത്ത് ആറ്റിങ്ങലിലും എം.ബി രാജേഷ് പാലക്കാടും പി.കെ ബിജു ആലത്തുരിലും പി. കരുണാകരന്‍ കാസര്‍കോടും മത്സരത്തിനിറങ്ങും. ആലപ്പുഴയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു സ്ഥാനാര്‍ത്ഥിയാകും. കണ്ണൂരില്‍ മത്സരിക്കുന്ന പി.കെ ശ്രീമതിയും മലപ്പുറത്തെ പി.കെ സൈനബയുമാണ് പട്ടികയിലെ വനിതാ സ്ഥാനാര്‍ഥികള്‍. വടകരയില്‍ എ.എന്‍ ഷംസീറും കോഴിക്കോട്‌ എ. വിജയരാഘവനും സ്ഥാനാര്‍ഥികളാകും.