Skip to main content
ന്യൂഡൽഹി

ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവിലായിരുന്ന മലയാളി നാവികന്‍ ആലപ്പുഴ ചമ്പക്കുളം സ്വദേശി ക്യാപ്റ്റന്‍ സുനില്‍ ജയിംസ്‌ (28) മോചിതനായി. ഒപ്പം തടവിലായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയച്ചിട്ടുണ്ട്.

 

sunil jamesമുംബൈ നിവാസിയായ സുനിലിന്റെ 11 മാസം പ്രായമുള്ള മകന്‍ വിവാന്‍ ഡിസംബര്‍ ആദ്യം അസുഖബാധിതനായി മരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാതെ സുനില്‍ എത്തുന്നതിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സുനിലിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ അദിതിയും സഹോദരി ആൻവിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ടോഗോ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകളിലാണ് മോചനം ഉണ്ടായത്. ഇരുവരും വ്യാഴാഴ്ച വൈകിട്ടോടെ ഇന്ത്യയിലേക്ക് തിരിക്കുമെന്ന്‌ വിദേശകാര്യ വക്താവ് സയ്യിദ്‌ അക്ബറുദ്ദീന്‍ അറിയിച്ചു. 
 

ബ്രിട്ടിഷ് കമ്പനി യൂനിയന്‍ മാരിടൈമിന്റെ ചരക്കുകപ്പലായ എ.ടി ഓഷ്യന്‍ സെഞ്ചൂറിയനിലെ ക്യാപ്റ്റനായ സുനില്‍ ഉള്‍പ്പെടെ 38 ജീവനക്കാരെ കഴിഞ്ഞ ജൂലൈയിലാണ് ടോഗോ നാവിക സേന കസ്റ്റഡിയിലെടുത്ത്‌ ജയിലിടച്ചത്‌. കടല്‍ക്കൊള്ളക്കാരുടെ അക്രമം സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കപ്പല്‍ തീരത്ത്‌ അടുപ്പിച്ചപ്പോഴായിരുന്നു അറസ്റ്റ്‌. കടൽക്കൊള്ളക്കാര്‍ക്ക് സഹായം നല്‍കിയെന്നായിരുന്നു ടോഗോ സേനയുടെ ആരോപണം.