Skip to main content
ഇസ്ലാമാബാദ്

Nawas Sherifപാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന്‍ തീവ്രവാദ വിഭാഗവുമായി നവാസ് ഷെരിഫ് സര്‍ക്കാര്‍ നടത്താനിരിക്കുന്ന ചര്‍ച്ചകളുടെ ഒരുക്കം “അവസാന ഘട്ട”ത്തിലാണെന്ന് പാക് സര്‍ക്കാര്‍. വിവരകാര്യ മന്ത്രി പര്‍വേസ് റഷീദിനെ ഉദ്ധരിച്ച് പാക് പത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഈ വാര്‍ത്ത നല്‍കിയത്.

 

പാക് താലിബാന്‍ വിഭാഗമായ തെഹരീക് ഇ താലിബാന്‍ പാകിസ്താനു (ടി.ടി.പി) മായി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നവാസ് ഷെരിഫ് പ്രസ്താവിച്ചിരുന്നു.

 

ആഭ്യന്തരകാര്യ മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വിരമിച്ച സൈനിക മേധാവി അഷ്ഫാക് പര്‍വേസ് കയാനിയുമായി ഇത് സംബന്ധിച്ച് ഞായറാഴ്ച ചര്‍ച്ച നടത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം അവസാനത്തോടെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നിസാര്‍ പ്രഖ്യാപിക്കുമെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

 

ടി.ടി.പി തലവനായിരുന്ന ഹകിമുള്ള മെഹ്സൂദ് കഴിഞ്ഞ മാസം യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുള്ള ആദ്യ നീക്കങ്ങള്‍ തടസ്സപ്പെട്ടിരുന്നു. ഹകിമുള്ളയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട മുല്ല ഫസലുള്ള സംഭാഷണങ്ങള്‍ക്കുള്ള സാധ്യത തള്ളിയിരുന്നു.

 

ഇതിനെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ യു.എസ് ആക്രമണത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. യു.എസ് പാകിസ്താനില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നും ഡ്രോണ്‍ ആക്രമണം സമാധാന പ്രക്രിയയുടെ കൊലപാതകമാണ് എന്നുമായിരുന്നു ആഭ്യന്തര മന്ത്രി നിസാറിന്റെ പ്രതികരണം.

 

ചര്‍ച്ച ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പായി പാകിസ്താനിലെ ഗോത്രവര്‍ഗ മേഖലയില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് യു.എസ്സില്‍ നിന്ന് ലഭിക്കുമെന്നാണ് പാക് സര്‍ക്കാര്‍ കരുതുന്നത്.