Skip to main content
ഹൈദരാബാദ്

തെലങ്കാന സംസ്ഥാന രൂപീകരണത്തില് പ്രതിഷേധം തുടരുന്ന ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. സംസ്ഥാനത്ത് പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

 

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയൊന്നും നടന്നില്ലെന്നും ഷിന്‍ഡെ മാധ്യപ്രവര്ത്തകരോട് പറഞ്ഞു. എന്നാല്‍ അവശ്യ സേവനങ്ങള്‍ നില നിര്‍ത്തുന്നതിനായി എസ്മ (Essential Services Maintenance Act) പ്രയോഗിക്കുമെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. സംസ്ഥാന വിഭജനത്തിനു ശേഷം വരാന്‍ പോവുന്ന ജോലിസാധ്യതകളെക്കുറിച്ചും നദീജലം പങ്കു വക്കുന്നതിനെക്കുറിച്ചും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ആന്ധ്രപ്രദേശ്‌ വൈദ്യുതി ജീവനക്കാരുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജപ്പെട്ടു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സീമാന്ധ്രയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇരു കൂട്ടര്‍ക്കും യോജിക്കാവുന്ന തരത്തിലുള്ള പരിഹാരം ഉണ്ടാക്കുന്നതിനായി പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആന്ദ്രപ്രദേശ്‌ വൈദ്യുതി  ജീവനക്കാരുടെ സമരം ഇനിയും തുടര്‍ന്നാല്‍ സംസ്ഥാനം ഇരുട്ടിലാകുമെന്നു സംസ്ഥാന വൈദ്യതോല്‍പ്പാദന കോര്‍പ്പറേഷന്‍ പറഞ്ഞു. ഏകദേശം 30000 ജീവനക്കാരാണ് മൂന്നു ദിവസമായി സമരം നടത്തുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

 

വൈദ്യുതി മുടങ്ങിയതോടെ വിശാഖപട്ടണം, ഭുവനേശ്വര്‍, സെക്കന്ദരാബാദ് റൂട്ടിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. 11000 മെഗാവാട്ട് വൈദ്യുതി വേണ്ടിടത്ത് 6000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കുടിവെള്ള വിതരണത്തെയും ആശുപത്രികളെയും വൈദ്യുതി മുടക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ആന്ധ്രാ മേഖലയില്‍ ചൊവ്വാഴ്ച ഒരു മണിക്കൂര്‍ നേരം നിരോധനാജ്ഞ പിന്‍വലിച്ചു. അക്രമ സംഭവങ്ങളുണ്ടാവുകയാണെങ്കില്‍ വെടിവെക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ നല്‍കിയിരുന്നു.