Skip to main content

uhuru kenyatta wins in kenyaനൈറോബി: കെനിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉഹുരു കെനിയാട്ട നേരിയ ഭൂരിപക്ഷത്തിന് ജയിച്ചതായി ആദ്യഫലം. 50.03 ശതമാനം വോട്ടുകള്‍ കെനിയാട്ട നേടിയതായാണ് കണക്കുകള്‍. സ്ഥിരീകരിക്കപ്പെട്ടാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ആവശ്യമായി വരില്ല. ആര്‍ക്കും 50 ശതമാനം വോട്ട് കിട്ടിയില്ലെങ്കിലാണ് ആദ്യമെത്തുന്ന രണ്ടു സ്ഥാനാര്‍ഥികള്‍ തമ്മില്‍ രണ്ടാം ഘട്ടത്തിന് വ്യവസ്ഥയുള്ളത്.

 

എന്നാല്‍, കെനിയാട്ടയെ വിജയിയായി അംഗീകരിക്കില്ലെന്ന് എതിരാളി റെയില ഒഡിങ്ങയുടെ അനുയായികള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെനിയാട്ടയെ നിയുക്ത പ്രസിഡന്റായി പ്രഖ്യാപിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു. വോട്ടെണ്ണെല്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്ന് അവര്‍ ആരോപിച്ചു. 43.28 ശതമാനം വോട്ടുകളാണ് ഒഡിങ്ങക്ക് ലഭിച്ചത്.

 

കെനിയയുടെ ആദ്യ പ്രസിഡന്റ് ജോമോ കെനിയാട്ടയുടെ മകനായ ഉഹുരു 2007ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന കലാപത്തില്‍ ‘മാനവരാശിക്കെതിരായ കുറ്റങ്ങള്‍’ ചെയ്തതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു.