തിരഞ്ഞെടുപ്പ് ഉത്സവം കൊടിയേറിയപ്പോള്‍ ഉള്ളിലെ രാഷ്ട്രീയം പയറ്റാനൊരുങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി എച്ച്.ആര്‍. വിഭാഗം മേധാവിക്ക് കസേര തെറിച്ചു. ദീര്‍ഘകാലമായി എന്‍.എസ്.എസ്. എച്ച്.ആര്‍. വിഭാഗം തലവനായി ശോഭിച്ച കെ.ആര്‍. രാജന്‍ കഴിഞ്ഞ ദിവസം രാജി വച്ചൊഴിഞ്ഞു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്‍.എസ്.എസ്. സജീവ രാഷ്ട്രീയത്തില്‍ ഇല്ലാതിരിക്കെ അതിലെ പ്രധാനി രാഷ്ട്രീയത്തിലിടപെടുന്നതിലെ അനൗചിത്യമാണ് ഇതിനുള്ള പ്രേരണ.
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയെ സമീപിച്ച് കെ.ആര്‍. രാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമറിയിച്ചതാണ് സംഭവ വികാസങ്ങളുടെ തുടക്കം. എന്‍.എസ് എസ് . ന് താല്പര്യമുണ്ടെങ്കില്‍ സീറ്റു നല്‍കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. വിവരമറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയോട് ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞു. അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ടു. എന്‍.എസ്.എസ്. പ്രതിനിധിയായ കെ.ആര്‍. രാജന്‍ സീറ്റിനായി ബന്ധപ്പെട്ട കാര്യം ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചു . കെ.ആര്‍. രാജനെ ബന്ധപ്പെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയത് അദ്ദേഹവും സമ്മതിച്ചു. തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി രാജി ആവശ്യപ്പെട്ടതത്രേ. ജനറല്‍ സെക്രട്ടറി യോ നേതൃത്വമോ അറിയാതെയായിരുന്നു കെ.ആര്‍. രാജന്റെ നീക്കങ്ങള്‍.
എന്‍.എസ്. എസ്. രാഷ്ട്രീയത്തില്‍ സമദൂര നിലപാട് സ്വീകരിച്ചിരിക്കെ അതിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നയാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണത്താലാണ് ഇത്തരമൊരു നടപടിയെന്നാണ് എന്‍.എസ്.എസ്. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് സമാന നിലപാട് സ്വീകരിച്ച അന്നത്തെ രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥനും കസേര തെറിച്ചിരുന്നു. അന്നും സമാന രീതിയില്‍ ജനറല്‍ സെക്രട്ടറി രാജി ആവശ്യപ്പെടുകയായിരുന്നു.