Skip to main content

കോവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. ഫോണ്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് മാറ്റം അറിയിച്ചത്. ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെങ്കില്‍ പ്രശ്നമില്ലെന്നും മറ്റ് രേഖകള്‍ വേണമെങ്കില്‍ വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കോവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ ഭരണഘടന അവകാശങ്ങളുടെ മേലുള്ള ലംഘനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇത്തരത്തില്‍ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനുള്ള യാതൊരു അവകാശവും പോലീസിനില്ല. പ്രതികളല്ല, രോഗികള്‍ മാത്രമാണ് അവരെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Tags