Skip to main content

ചെറിയ ടാങ്കും ആണികളും മരത്തടിയും ഉപയോഗിച്ച് സെമി ഓട്ടോമാറ്റിക് കൈകഴുകല്‍ യന്ത്രം നിര്‍മിച്ച 9 വയസുകാരന് കെനിയയിലെ പ്രസിഡന്റിന്റെ പുരസ്‌ക്കാരം. പശ്ചിമ കെനിയയിലെ ബംഗോമയിലാണ് സ്റ്റീഫന്‍ വാമുകോട്ട എന്ന ഈ മിടുക്കന്‍ താമസിക്കുന്നത്. രാജ്യത്ത് കൊറോണ വ്യാപനം തടയാനാണ് കൈകഴുകുന്നതിനുള്ള ഈ യന്ത്രമെന്നാണ് സ്റ്റീഫന്‍ വാമുകോട്ട പറയുന്നത്. 

രണ്ട് പെഡലുകള്‍ ഉപയോഗിച്ചാണ് കൈകഴുകല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം. കരസ്പര്‍ശമുണ്ടാവാതെ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. ഭാവിയില്‍ ഒരു എന്‍ജിനീയര്‍ ആകണമെന്നുള്ള തന്റെ സ്വപ്‌നത്തിന് ചിറക് നല്‍കുന്നതാണ് പ്രസിഡന്റിന്റെ പുരസ്‌ക്കാരമെന്ന് ഈ മിടുക്കന്‍ പറയുന്നു. സ്റ്റീഫന്‍ അടക്കം 68 പേര്‍ക്കാണ് കെനിയന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചത്. 

മകന്റെ ചിന്ത അത്ഭുതപ്പെടുത്തി എന്ന് പിതാവ് ജെയിംസ് പറയുന്നു. പ്രാദേശിക ചാനലുകളില്‍ കൊറോണ വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ച് അറിയിപ്പുകള്‍ വന്നതോടെയാണ് മകന്‍ ഇത്തരമൊരു ആശയവുമായി എത്തിയതെന്ന് സ്റ്റീഫന്റെ പിതാവ് സി.എന്‍.എന്നിനോട് പ്രതികരിച്ചു. പാഴായി കിടന്ന മരത്തടികള്‍ ഉപയോഗിച്ച് മകന്‍ ഉണ്ടാക്കിയ മോഡലിന് ചെറിയ ഒരു സ്ഥിരതക്കുറവ് ഉണ്ടായിരുന്നു എന്നും അത് മാറ്റാനുള്ള സഹായം താന്‍ നല്‍കിയെന്നും സ്റ്റീഫന്റെ പിതാവ് പറഞ്ഞു.