Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടിയില്‍ ഒന്നിച്ചെത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കൊവിഡ് 19 വൈറസിനെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതയ്ക്കും ഇരുവരും ആഹ്വാനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനും യോഗത്തില്‍ പങ്കെടുത്തു. 

കൂട്ടായപ്രവര്‍ത്തനത്തിലൂടെ മാത്രമെ കൊവിഡിനെ നിയന്ത്രിക്കാനാവൂ എന്നും വലിയ വിപത്ത് മുന്നില്‍ കണ്ടുെകാണ്ടുള്ള തയ്യാറെടുപ്പാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. താനും മുഖ്യമന്ത്രിയും ഒന്നിച്ച് നിന്ന് സംസാരിക്കുന്നത് ജനങ്ങള്‍ക്ക് കൊവിഡിനെ നെരിടാന്‍ ആത്മവിശ്വാസം നല്‍കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ സാധാരണ ജീവിതം ഉറപ്പുവരുത്തണമെന്നും വിവാഹ മണ്ഡപങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി പണം തിരികെ നല്‍കുന്ന കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് നിലവില്‍ തൊഴിലില്ലാത്ത അവസ്ഥ ആയതിനാല്‍ കവലകളില്‍ കൂട്ടം കൂടുന്ന സാഹചര്യമുണ്ട്. രോഗവ്യാപനം തടയുന്നതിനായി അവരെ ബോധവല്‍ക്കരിക്കണം അതിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

കേരളത്തില്‍ തുടരുന്ന വിദേശികള്‍ക്ക് ആവശ്യസേവനങ്ങളും സൗകര്യങ്ങളും നിഷേധിക്കുന്ന പ്രവണതയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിദേശിയായതിന്റെ പേരില്‍ മാത്രം സേവനങ്ങള്‍ നിഷേധിക്കുന്നത് തെറ്റാണെന്നും ആരോഗ്യപ്രവര്‍ത്തകരെ ഒറ്റപ്പെടുത്തുന്ന രീതിയും ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യസാധനങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടാവാതിരിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

 

Tags