രണ്ടു ദിവസമായി രണ്ടുവയസ്സുകാരന്‍ മകന്‍ കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. കുഞ്ഞിന്റെ അമ്മയ്ക്ക് ആധി. രണ്ടാം ദിവസം അമ്മ പണിപ്പെട്ട് കുറച്ച് ഭക്ഷണം അവന് കൊടുത്തു. ആനേടേം പൂച്ചേടേയുമൊക്കെ കഥ പറഞ്ഞും മറ്റും. അങ്ങനെ കഴിച്ചു തീരാറായപ്പോള്‍ അമ്മയ്ക്ക് ചെറിയ ആശ്വാസം. ആ സമയം മകന്‍ ചെറുതായി ഒന്ന് ഓക്കാനിച്ചാലോ എന്ന് ചിന്തിക്കുന്നതു പോലെ അമ്മയ്ക്ക് തോന്നി. അപ്പോഴേക്ക് അമ്മയില്‍ പേടി രൂപമെടുത്തു. പേടി അമ്മയുടെ മുഖഭാവമായും സ്വരമായും പുറത്തു വന്നു. പേടി എന്താണെന്നറിയാത്ത മകന്‍ അമ്മയുടെ ഭാവം സസൂക്ഷ്മം വീക്ഷിച്ചു. എന്നിട്ട് ബോധപൂര്‍വ്വമെന്ന് അമ്മയ്ക്ക് തോന്നും വിധം കഷ്ടപ്പെട്ട് അവന്‍ ഓക്കാനിച്ചു. അവന്‍ കഴിച്ചതു മുഴുവന്‍ ഛര്‍ദ്ദിച്ചു. പിണക്കസ്വരത്തില്‍ സംസാരിക്കാന്‍ പോലുമിഷ്ടപ്പെടാത്ത അമ്മ അവനുമായി പിണങ്ങി. ശാസനാരൂപത്തില്‍ സംസാരിച്ചു. മകനു വിഷമമായി. അമ്മയ്ക്കും വിഷമമായി. പക്ഷേ അമ്മയ്ക്ക് ന്യായീകരണമുണ്ട്. കാരണം രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്. അവന്‍ കഴിച്ച ഭക്ഷണം മനപ്പൂര്‍വ്വം വേണമെന്നു വിചാരിച്ച് ഛര്‍ദ്ദിച്ചതാണ്. അത് അഹങ്കാരമാണ്. അമ്മയുടെ ന്യായീകരണം ഇങ്ങനെ നീണ്ടു.
കുഞ്ഞുങ്ങളോട് താന്‍ പെരുമാറിയ വിധം പെരുമാറാന്‍ പാടില്ലന്ന് അമ്മയ്ക്ക് നന്നായി അറിയാം. എന്നിട്ടു പോലും ആ അമ്മ സ്വയം ന്യായീകരണം കണ്ടെത്തുന്നത് തന്റെ നടപടിക്ക് തന്റെ തന്നെ അംഗീകാരം കിട്ടാത്തതുകൊണ്ടാണ്. കോടതിയിലൊക്കെ വാദിച്ചു ജയിച്ച് നീതി ഉറപ്പാക്കാമെങ്കിലും ദൈനംദിന ജീവിത വ്യാപാരങ്ങളില്‍ ആള്‍ക്കാര്‍ ന്യായീകരിക്കുന്നതിന് ഒറ്റ കാരണമേ ഉള്ളൂ. ചെയ്ത പ്രവൃത്തിക്ക് അല്ലെങ്കില്‍ പറഞ്ഞ വാക്കിന് എടുത്ത നിലപാടിന് സ്വയം അംഗീകാരം കിട്ടുന്നില്ല എന്നത്. അപ്പോഴാണ് അത് വാദിച്ച് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യക്ഷത്തില്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ന്യായീകരിച്ച് താന്‍ ശരിയാണെന്ന് ബോധ്യം വന്ന് സമാധാനിക്കാനുള്ള ശ്രമമാണ്. കുറേ കഴിയുമ്പോള്‍ മിക്കവര്‍ക്കും ഇത് ശീലമാകും. പിന്നെ അതു മാനദണ്ഡമാകും. മറ്റുള്ളവരും അതു മാനദണ്ഡമാക്കും. അങ്ങനെ അതൊരു സ്വഭാവരീതിയായി രൂപം പ്രാപിക്കുകയും ചെയ്യും. അതവടിരിക്കട്ടെ.
ഭക്ഷണം കഴിക്കാതെ വരുമ്പോള്‍ കുഞ്ഞിന്റെ അമ്മയ്ക്ക് വിഷമം തോന്നും. അപ്പോള്‍ ഒന്നാലോചിക്കാവുന്നതാണ്. വിഷമിച്ചതുകൊണ്ട് കുഞ്ഞിനു വല്ല ഗുണവും കിട്ടുമോ? അതോ ദോഷമാണോ ഉണ്ടാവുക. സംശയം വേണ്ടാ ദോഷം തന്നെയാണ് ഉണ്ടാവുക. താല്‍ക്കാലികമായുള്ളതും ദൂരവ്യാപകമായതും. ചിലപ്പോള്‍ ഒരു കുഞ്ഞിന്റ ജീവിതാവസാനം വരെ അതിനെ പിന്തുടരുന്ന ശാപസമാനമായ അവസ്ഥയായിപ്പോലും. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ പുറത്ത് വന്ന ഉടന്‍ തന്നെ കരയുന്നു. അതൊരു വേഗമാണ്. ഉള്ളില്‍ നിന്നു വരുന്നതിനെ പുറത്തേക്കു പ്രവഹിപ്പിക്കുന്നതിനെയാണ് വേഗം എന്നു പറയുന്നത്. മലമൂത്രവിസര്‍ജ്യമടക്കമുള്ള ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും മാലിന്യത്തെ പുറത്തേക്കു പ്രവഹിക്കുന്നതിനെയെല്ലാം ആയുര്‍വേദത്തില്‍ വേഗം എന്നാണ് പറയുക.
വേഗത്തെ ഒന്നിനും തടയാന്‍ പാടില്ല. മൂത്രമൊഴിക്കാന്‍ മുട്ടുമ്പോള്‍ അതൊഴിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അതേ ബുദ്ധിമുട്ടുകളാണ് ഏതു വേഗത്തെ തടഞ്ഞാലും ഉണ്ടാവുക. കുഞ്ഞുങ്ങള്‍ ജനിച്ചു വീഴുന്ന സമയം മുതല്‍ കരച്ചിലോടെ ചുറ്റുമുള്ള സമൂഹവുമായി സംവദിക്കുന്നു. പിന്നീടുള്ള ഓരോ ഞരക്കവും മുഖഭാവവുമൊക്കെ കുഞ്ഞിന്റെ സംവേദനക്രിയകളാണ്. കുഞ്ഞ് വളര്‍ന്ന് ഏകദേശവ്യവഹാരവിവേചനമുണ്ടാകുന്നതുവരെ ഈ നിഷ്‌കളങ്കമായ പ്രതികരണത്തിലൂടെ വേഗങ്ങളെ പുറത്തേക്കു വിട്ടുകൊണ്ടു സംവദിക്കും. അതവരുടെ ഭാഷയാണ്. ആ ഭാഷ മനസ്സിലാക്കുന്നിടത്താണ് കുഞ്ഞിന്റെ അമ്മയുടെയും അച്ഛന്റെയും മറ്റുള്ളവരുടെയും വിജയം. ആ ഭാഷ മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ ധൈര്യശാലികളായി അപാര സര്‍ഗ്ഗവാസനയും സ്വാതന്ത്ര്യബോധവും സ്വയം ബഹുമാനവുമുള്ളവരായി വളരും.
കുഞ്ഞുങ്ങള്‍ ഇവ്വിധം വേഗങ്ങളിലൂടെ സംവദിക്കുന്നത് അവരില്‍ പ്രവര്‍ത്തിക്കുന്നത് പ്രപഞ്ചബുദ്ധിയായതിനാലാണ്. അപ്പോള്‍ അവരുടെ ഏതെങ്കിലും വേഗത്തെ തടയുക എന്നത് പ്രപഞ്ച ബുദ്ധിയെ വെല്ലുവിളിക്കലാണ്. മുതിര്‍ന്നവരുടെ പരിമതികള്‍ക്കുള്ളില്‍ നിന്ന് കുഞ്ഞുങ്ങള്‍ പെരുമാറാതെ വരുമ്പോഴാണ് മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുടെ വേഗങ്ങളെ തടയുന്നത്. കുഞ്ഞുങ്ങളെ സംബന്ധിച്ച് ശരീരവേഗവും മനോവേഗവും ഒരേ പോലാണ്. അതുകൊണ്ടാണ് അവര്‍ തോന്നുമ്പോള്‍ തോന്നുന്നിടത്ത് മൂത്രമൊഴിക്കുന്നതും അപ്പിയിടുന്നതുമൊക്കെ. അതവരനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. ക്രമേണ വേഗങ്ങളെ തടയാതെ അത് ശീലത്തിലേക്ക് നയിക്കുകയാണെങ്കില്‍ രണ്ടു വയസ്സു കഴിയുമ്പോഴേക്കും അവര്‍ വിസര്‍ജ്യാവശ്യങ്ങള്‍ പറഞ്ഞു തുടങ്ങാം. അതും മുതിര്‍ന്നവരെ പ്രത്യേകിച്ച് അമ്മയെ ആശ്രയിച്ചിരിക്കുന്നു.
മൂന്നു വയസ്സു വരെ പ്രപഞ്ചബുദ്ധി പ്രാമാണ്യത്തില്‍ കുഞ്ഞുങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് നാലഞ്ചു വയസ്സുവരെ കുഞ്ഞുങ്ങളെ ദേവന്മാരെ പോലെ പരിഗണിക്കണമെന്ന് ശ്രീനാരായണഗുരു ഓര്‍മ്മിപ്പിച്ചിട്ടുള്ളത്. അതിനാല്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന ഓരോ ഭാവവും, ഞെരക്കവും, കരച്ചിലും, തുപ്പലും, മൂത്രമൊഴിക്കലും, ഛര്‍ദ്ദിയും എല്ലാം അവര്‍ വേഗത്തെ സ്വതന്ത്രമാക്കുന്നതാണ്. കുഞ്ഞുങ്ങള്‍ മുതിരുന്നതനുസരിച്ച് വേഗത്തിന്റെ രീതിയും മാറും. ഒറ്റ സംഭവം മതി കുഞ്ഞ് ആ അനുഭവത്തെ ഹാര്‍ഡ് ഡിസ്‌കിലേക്ക് എന്‍കോഡ് ചെയ്യുന്നതുപോലെ അതിനെ തന്റെ സ്മൃതിത്തറിയില്‍ അതു കുറിച്ചിടാന്‍. പിന്നീടുള്ള വേഗത്തില്‍ അതും ഘടകമായി പ്രവൃത്തിക്കും. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പ്രയോഗം നോക്കുക. കുഞ്ഞ് ഒരു തവണ കരഞ്ഞപ്പോള്‍ അതിനു പാലു കിട്ടി. ആ അറിവില്‍ അതു പാലു വേണ്ടപ്പോഴൊക്കെ കരയുന്നു. എന്നാല്‍ കുഞ്ഞിനെ മനസ്സിലാക്കി പാല് വേണ്ട സമയം അറിഞ്ഞ് കരയുന്നതിനു മുന്‍പ് പാലു കൊടുത്താല്‍, ആവശ്യം നേടിയെടുക്കാന്‍ കരയണം എന്ന തോന്നലില്‍ ആ കുഞ്ഞ് കുരുങ്ങില്ല. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിഷേധവുമായി ഇറങ്ങുന്നവരെ പോലും നയിക്കുന്നത് ഈ മനശ്ശാസ്ത്രമാണ്.
കാര്യം സാധിക്കണമെങ്കില്‍ കരണയണമെന്ന തോന്നല്‍ കയറിക്കൂടിയാല്‍, അത് കുഞ്ഞിന്റെ വ്യക്തിത്വത്തിന്റെ ഒപ്പം വളരും. ചെറുതായിരിക്കുമ്പോള്‍ കാര്യസാധ്യത്തിനായി കുഞ്ഞുങ്ങള്‍ കരയുന്നത് മുതിര്‍ന്നവര്‍ക്ക് സൗകര്യമാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ കാര്യസാധ്യത്തിനായി കരയുന്നത് മുതിര്‍ന്നവര്‍ക്ക് ഇഷ്ടമാകില്ല. അതാണ് പിന്നീട് നിര്‍ബന്ധമായും അതു കഴിഞ്ഞ് വാശിയും പിടിവാശിയും ഒക്കെയായി പരിണമിക്കുന്നത്. ചില കുഞ്ഞുങ്ങള്‍ മുതിരുമ്പോള്‍ എന്തെങ്കിലും വിഷമം അനുഭവിക്കുകയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് നാം മൂത്രമൊഴിക്കരുതെന്ന് പറയുന്ന സ്ഥലങ്ങളില്‍ തന്നെ മൂത്രമൊഴിക്കും. അത് കുഞ്ഞ് വിപരീതാത്മകത വഴി, തന്റെ തടയപ്പെട്ട വേഗത്തിനുള്ള പ്രതിവിധിയിലൂടെ പരിഹാരസുഖം തേടലും ശ്രദ്ധ ഉറപ്പിക്കലുമാണ്.
രണ്ടു വയസ്സുള്ള കുഞ്ഞ് ഭക്ഷണം കഴിക്കാത്തതിന് വ്യക്തമായ കാരണങ്ങളുണ്ടാകും. ഒരു കാരണവശാലും അവര്‍ മനപ്പൂര്‍വ്വം തീരുമാനിച്ച് കഴിക്കാതിരിക്കുന്നതല്ല. നൈസര്‍ഗികമായി അതിന്റെ ശരീരം അതിനോട് സംവദിക്കുന്നത് പൂര്‍ണ്ണമായി അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. തളര്‍ന്നു വീഴാതിരിക്കുന്നിടത്തോളം ഭക്ഷണം കഴിക്കാത്തതുകൊണ്ട് കുഞ്ഞിന് അപകടമൊന്നുമുണ്ടാകില്ലെന്നുറപ്പാണ്. അത് അമ്മയ്ക്കും ഉറപ്പുണ്ട്. അതുകൊണ്ടാണ് അമ്മ അവനെ ശാസിക്കാന്‍ മുതിരുന്നത്. അവശനായ കുഞ്ഞിനെ ഒരിക്കലും അമ്മ ശാസിക്കില്ല. വാരിയെടുത്ത് ശുശ്രൂഷിക്കുകയോ ആശുപത്രിയില്‍ കൊണ്ടുപോവുകയോ ചെയ്യും.
വയറു നിറയെ കഴിച്ചതിനു ശേഷം കുഞ്ഞ് ഛര്‍ദ്ദിച്ചുവെങ്കില്‍ അത് ഏറ്റവും നല്ല ലക്ഷണമാണ്. കാരണം അവന്റെ വയറിന് അത് സ്വീകാര്യമല്ലാത്തതുകൊണ്ട് പ്രപഞ്ചബുദ്ധിയാല്‍ പ്രവര്‍ത്തിതമായ വേഗത്താലാണ് അവനത് ഛര്‍ദ്ദിച്ചത്. പ്രപഞ്ചബുദ്ധി താളം തെറ്റാതെ കുഞ്ഞുങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കുഞ്ഞ് ആരോഗ്യത്തോടെ നിലകൊള്ളുന്നത്. അത് മനസ്സിലാക്കിക്കൊണ്ട് കുഞ്ഞിനെ ശ്രദ്ധിച്ചാല്‍ അവന്‍ എന്തുകൊണ്ട് കഴിക്കുന്നില്ല, അവന് എന്തെങ്കിലും അസ്വസ്ഥതകളുണ്ടോ എന്നൊക്കെ അറിയാം. അത് കണ്ടെത്തണമെങ്കില്‍ ശ്രദ്ധ ഉണ്ടാകണം. വിഷമം വരുമ്പോള്‍ മറയുന്നത് ശ്രദ്ധയാണ്. ശ്രദ്ധ അകലുമ്പോഴുണ്ടാകുന്ന വൈകാരിക ഇരുട്ടില്‍ നിന്നാണ് ശാസനയെന്ന അമ്മയുടെ മനോവേഗം സംഭവിക്കുന്നത്. അവിടെ കുഞ്ഞിനോടുളള ഉത്കണ്ഠയേക്കാള്‍ അമ്മയും അമ്മയുടെ മനോവേഗത്തെ പുറത്തേക്കു വിടുകയാണ് ചെയ്തത്. അമ്മയുടെ മനോവേഗം തടയാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. തടഞ്ഞാല്‍ അമ്മയക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ട് സ്ഥതി ക്ലേശപൂര്‍ണ്ണമാകും. അപ്പോള്‍ ശരീരവേഗം നൈസര്‍ഗികമായി അനുവദിച്ച കുഞ്ഞിനെ ശാസിക്കുമ്പോള്‍ അവനിലുണ്ടാകുന്ന മാനസിക ആഘാതം എത്ര വലുതായിരിക്കും. അതുകൊണ്ടാണ് ആയുര്‍വേദത്തില്‍ വളരെ പ്രാധാന്യത്തോടെ പറയുന്നത് ശരീരവേഗത്തെ തടഞ്ഞാല്‍ അത് മനോരോഗങ്ങള്‍ക്കു പോലും കാരണമാകുമെന്ന്.
കുഞ്ഞുങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ അടുത്ത ഉറക്കം വരെ അവര്‍ ഓരോന്ന് ചെയ്തുകൊണ്ടിരിക്കും. അതവരുടെ മനോവേഗത്തെ സ്വതന്ത്രമാക്കലാണ്. അപ്പോഴാണ് മുതിര്‍ന്നവര്‍ കയറി അതു പാടില്ല, അങ്ങനെ ചെയ്യരുത്, ഇങ്ങനെ വേണം എന്നൊക്കെ പറയുന്നത്. നാം അങ്ങനെ പറയുമ്പോള്‍ നമ്മളെ പോലെ ഭാഷ ഉപയോഗിക്കാന്‍ അറിയാത്ത അവര്‍ അതിനെ തങ്ങളുടെ വേഗനിരോധമാണ് അറിയുക. എന്നുവെച്ചാല്‍ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യല്‍. ഇതാണ് കുട്ടികള്‍ ചെറുതിലെ വിപരീതാത്മക സ്വഭാവം പ്രകടിപ്പിക്കാന്‍ കാരണം.കുഞ്ഞുങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുഞ്ഞു പ്രായത്തില്‍ അവരുടെ ശരീരവേഗങ്ങള്‍ തടയപ്പെടുന്നതാണ്. അവരിലത് മനോവേഗ തടയലായിട്ടാണ് അനുഭവപ്പെടുന്നത്. എന്തെന്നാല്‍ അവരുടെ മനോവേഗ സ്വാതന്ത്ര്യത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതു മുഴുവന്‍ ശരീരവേഗങ്ങളെയായതിനാല്‍.
ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേഗങ്ങളിലൂടെ പുറത്തേക്കു പോകുന്നതു പോലെ മനസ്സിലും മാലിന്യങ്ങള്‍ അടിഞ്ഞു കൂടും. അവയും വേഗങ്ങളായി പുറത്തേക്കു പോയേ മതിയാകൂ. മനോവേഗങ്ങളെ വിപരീതാത്മകമായോ മനോമാലിന്യമായോ പുറത്തേക്കു വിടുന്നതിനു പകരമാണ് അവയെ സര്‍ഗ്ഗാത്മകമാക്കി പരിവര്‍ത്തനം ചെയ്യുന്നത്. അവിടെയാണ് കളിയും കലകളുമൊക്കെ വരുന്നത്. അതിലൂടെ സംഭവിക്കുന്നതും മനോവേഗ സ്വാതന്ത്ര്യമാണ്. കുഞ്ഞുങ്ങളുടെ ഓരോ ചലനത്തെയും ഇത്തരം വേഗബോധാവബോധത്തോടെ നോക്കുകയാണെങ്കില്‍ എന്തു പ്രതികരണം കുഞ്ഞുങ്ങള്‍ കാണിച്ചാലും അമ്മയ്ക്കോ അച്ഛനോ മുതിര്‍ന്നവര്‍ക്കോ ആര്‍ക്കും ദേഷ്യം വരില്ല. മറിച്ച് ഓരോ നിമിഷവും പുത്തനറിവുകളും കുഞ്ഞുങ്ങളുടെ ഭാഷ പഠിക്കുന്നതിലുള്ള വൈദഗ്ധ്യവും വര്‍ദ്ധിക്കും.