representational image
സ്വപ്‌നത്തില്‍ നാം ഒരു പൂന്തോട്ടത്തില്‍. നിറയെ പൂക്കള്‍. അതും മണമുള്ളത്. അതില്‍ നിന്ന് ഒന്ന് നമ്മള്‍ ഇറുക്കുന്നു. പെട്ടെന്ന് ഉണര്‍ന്നപ്പോള്‍ ആ ഇറുത്ത പൂവ് നമ്മുടെ കൈയില്‍. എന്തായിരിക്കും അപ്പോഴുണ്ടാവുന്ന അനുഭവം. അവിടെ സ്വപ്‌നമേത് യാഥാര്‍ത്ഥ്യമേത്. സ്വപ്‌നത്തില്‍ നിന്ന് ഉണരുന്നതു വരെ സ്വപ്‌നം യാഥാര്‍ത്ഥ്യം തന്നെ. അതുപോലെ ഒരു ' നെടിയ കിനാവു' തന്നെയാണ് ഓരോരുത്തരുടെയും ജീവിതം. എന്നു മുതലാവും ഉറക്കത്തിലെ സ്വപ്‌നവും നെടിയ കിനാവും വേര്‍തിരിയുക. അത്യാവശ്യം അത് വേര്‍തിരിയണമെങ്കില്‍ മൂന്നു വയസ്സെങ്കിലും കഴിയണം. അതുവരെ കുട്ടികള്‍ സ്വപ്‌നം കാണില്ലെ? കാണും. ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കാറുണ്ട്. അത് സ്വപ്‌നം കണ്ടിട്ടാണെന്ന് ചിലര്‍ പറയും. അതെന്തുമാകട്ടെ. രണ്ടായാലും അവരുടെ ഉള്ളില്‍ എന്തോ രസകരമായ അനുഭൂതിയില്‍ നിന്നാവണം ചിരിയുണ്ടാവുക. ചില കുട്ടികള്‍ ഉറക്കത്തില്‍ കരഞ്ഞെന്നും വരാം. പേടിയോ വിഷമമോ ആയിക്കാം അതിന് കാരണം.
രണ്ടു വയസ്സിനോടടുക്കുന്ന മിടുക്കന്‍. ഒരുനാള്‍ ഉച്ചയ്ക്ക് മുന്‍പ് ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ അവന്‍ അമ്മയോട് ചോദിച്ചു, ' എന്ത്യേ അച്ഛന്‍ കൊണ്ടുവന്നത്?'. അമ്മ അതു കേട്ട് കൊഞ്ചിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. വിശദമായി വീണ്ടും ചോദിച്ചു എന്താണെന്ന്. അവന്‍ ഒട്ടും സംശയമില്ലാതെ അച്ഛന്‍ കൊണ്ടുവന്നത് എടുത്തു കൊടുക്കാന്‍ പറഞ്ഞു. അന്നേരം അവന്റെ അച്ഛന്‍ വീട്ടിലില്ല. അമ്മയ്ക്ക് മനസ്സിലായി തന്റെ കുട്ടി ഉറക്കത്തില്‍ സ്വപ്‌നം കണ്ടതാണെന്ന്. ആ സ്വപ്‌നത്തില്‍ അവന് അവന്റെയച്ഛന്‍ എന്തോ കൊടുത്തതായും സ്വപ്‌നം കണ്ടിട്ടുണ്ടാകണം. പക്ഷേ അവന്‍ വിടാന്‍ തയ്യാറല്ല. അവന് അവന്റെ അച്ഛന്‍ കൊണ്ടുവന്നത് കിട്ടിയേ തീരൂ.
ആ രണ്ടുവയസ്സിനോടടുക്കുന്ന കുട്ടിക്ക് സ്വപ്‌നമേത് യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാറായിട്ടില്ല. അവന് രണ്ടും ഒന്നുപോലെ തന്നെ. അതുകൊണ്ടവന്‍ സ്വപ്‌നത്തില്‍ കിട്ടിയതിനായി കൈ നീട്ടുന്നു. അവന്റെ മനസ്സില്‍ നിക്ഷിപ്തമായ സ്‌നേഹത്തില്‍ നിന്ന് പൊന്തിവന്നതാണ് ആ സ്വപ്നം. അതിനാല്‍ അവന് പരിചയമുള്ള വ്യക്തികളും വസ്തുക്കളും സ്വപ്‌നത്തിലെ യാഥാര്‍ത്ഥ്യങ്ങളാകുന്നു. ചിലപ്പോള്‍ അവന്‍ സ്വപ്‌നത്തില്‍ കണ്ടത് പൊതിയായിരിക്കും. ഏതെങ്കിലുമവസരത്തില്‍ അവന്റച്ഛന്‍ സമ്മാനിച്ച പൊതി അഴിച്ചു നോക്കിയപ്പോഴാകും അവനിഷ്ടമുള്ള വസ്തു അതിനുള്ളില്‍ കണ്ടത്. ആ അനുഭവമായിരിക്കാം അച്ഛന്‍ കൊണ്ടുവന്നത് എന്ത്യേ എന്ന ചോദ്യത്തിന് അവനെ പ്രേരിപ്പിച്ചത്.
തങ്ങള്‍ക്ക് പരിചിതമായ വ്യക്തികളും വസ്തുക്കളും സന്ദര്‍ഭങ്ങളും ചേര്‍ന്നു വരുന്ന വിധം നല്ലൊരു തിരക്കഥയുടെ അകമ്പടിയോടെന്ന പോലെ സംസാരിച്ചു തുടങ്ങുന്ന ഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ സ്വപ്‌നം കാണുന്നു. ഈ ഘട്ടത്തില്‍ വിഷമകരമായ സന്ദര്‍ഭങ്ങളോ ദൃശ്യങ്ങളോ ഒന്നും അവരുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കേണ്ടതാണ്. കാരണം അവരില്‍ വൈകാരിക ചിന്തകള്‍ രൂപം പ്രാപിക്കുന്ന സമയമാണിത്. ഈ ഘട്ടത്തില്‍ വേദനാജനകമാകുന്ന സന്ദര്‍ഭങ്ങള്‍ അവര്‍ കാണാനോ അനുഭവിക്കാനോ ഇടവന്നാല്‍ അവരില്‍ സന്തോഷത്തിനു പകരം വേദനയുണ്ടാക്കുന്ന സ്വപ്‌നങ്ങള്‍ അവര്‍ കാണും. ഇത് അവരുടെ വൈകാരികഘടനയുടെ അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കും.
ഇങ്ങനെ സ്വപ്‌നം കാണുന്ന സന്ദര്‍ഭങ്ങള്‍ അവസരവുമാക്കാവുന്നതാണ്. അച്ഛന്‍ കൊണ്ടുവന്നതെന്ത്യേ എന്നു ചോദിച്ചു കുഞ്ഞിന് വേണമെങ്കില്‍ അച്ഛന്‍ കൊണ്ടുവന്നതെന്നു പറഞ്ഞ് എന്തെങ്കിലും ചെറിയ സമ്മാനമോ മറ്റോ കൊടുക്കാവുന്നതാണ്. അപ്പോള്‍ അവന്റെയുള്ളില്‍ കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് പോലെ, ഉള്ളില്‍ കാണുന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന ബോധം നിക്ഷേപിക്കപ്പെടും.അതു കൂടുതല്‍ ഊര്‍ജ്ജം കുട്ടിയില്‍ നിറയ്ക്കും. ശുഭാപ്തിവിശ്വസം ശക്തമാകും. വളര്‍ന്നു വലുതാവുമ്പോള്‍ മനസ്സില്‍ കാണുന്ന സങ്കല്‍പ്പങ്ങളാണ് സ്വപ്‌നമെന്നും അതു യാഥാര്‍ത്ഥ്യമാക്കാന്‍ അനായാസമായി കഴിയുമെന്നും ആ കുട്ടിയുടെ ഉപബോധ മനസ്സില്‍ തെളിയും. ഇത് ആ കുട്ടിയുടെ സര്‍ഗ്ഗാത്മകതയെയും പ്രവര്‍ത്തനശേഷിയെയും ആത്മവിശ്വാസത്തെയും ഒക്കെ വര്‍ദ്ധിപ്പിച്ച് വ്യക്തിയെന്ന നിലയില്‍ ആ കുട്ടിയുടെ പരമാവധി കഴിവ് പുറത്തെടുക്കുന്നതിന് സഹായകമാകും.
ഇത്തരുണത്തില്‍ മറ്റൊരു ചോദ്യം വേണമെങ്കില്‍ ഉയര്‍ന്നേക്കാം. ഉറക്കത്തിലെ സ്വപ്‌നവും ഉണര്‍വിലെ യാഥാര്‍ത്ഥ്യവും തമ്മില്‍ വേര്‍തിരിവില്ലാതെ പോകില്ലേ എന്ന്. അക്കാര്യത്തില്‍ സംശയിക്കുകയേ വേണ്ട. കാരണം അല്‍പ്പം കൂടി മുതിരുമ്പോള്‍ ഈ രണ്ട് അവസ്ഥകള്‍ ഏത് വ്യക്തിയിലും വേര്‍തിരിഞ്ഞുകൊള്ളും. അപ്പോള്‍ ആ കുട്ടി പോലുമറിയാതെ അതിന്റെ വൈകാരിക അടിത്തറയില്‍ രണ്ടും ഒന്നുപോലെയെന്നുള്ള ധാരണ അബോധമായി വര്‍ത്തിക്കും. ഒരു മനുഷ്യന്‍ അവന്റെയോ അവളുടെയോ പൂര്‍ണ്ണതയിലെത്തുമ്പോള്‍ ഈ രണ്ടു സ്വപ്‌നവും തമ്മില്‍ താത്വികമായി വ്യത്യാസമില്ലാത്ത ബോധത്തിലേക്കു തന്നെയാണ് ഉയരുന്നത്. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴും മാറ്റമില്ലാത്ത ബോധാവസ്ഥയാണത്. (ആ അറിവിനെ സാക്ഷാത്ക്കരിക്കലാണ് പൂര്‍ണ്ണതയുടെ പ്രാപ്യം) അതിന്റെ തൊട്ടു മുകളിലാണ് അടിസ്ഥാനം നിര്‍മ്മിക്കപ്പെടുന്നത്. ആ അടിസ്ഥാനം രണ്ടു മൂന്നു വയസ്സിനു മുന്‍പ് തന്നെ രൂപപ്പെടും. ഈ കാലഘട്ടത്തില്‍ കുഞ്ഞുങ്ങളെ ദേവന്മാരെപ്പോലെ കാണണമെന്ന് പറയുന്നത് അതുകൊണ്ടാണ്. ഉണ്ണിക്കണ്ണന്‍ വേഷം കുഞ്ഞുങ്ങളെക്കൊണ്ട് കെട്ടിക്കുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രവുമിതാണ്. കൃഷ്ണനെ ആരാധിക്കുന്ന രക്ഷിതാക്കള്‍ക്ക് ക്ഷേത്രത്തില്‍ പോകാതെ തന്നെ തങ്ങളുടെ കുഞ്ഞിനെ കൃഷ്ണനായി കാണാവുന്നതാണ്. അവനോ അവളോ കാണിക്കുന്ന കുസൃതികള്‍ക്ക് വിലക്കിടാതെ ആസ്വദിക്കാനും പറ്റും അപ്പോള്‍.