Skip to main content

boy-parent

അമ്മയ്ക്കും അച്ഛനുമൊപ്പം നടക്കാന്‍ ശാഠ്യം പിടിക്കുന്ന രണ്ടു വയസ്സുകാരന്‍. നടത്തത്തിന്റെയും ഓട്ടത്തിന്റെയും നൂതനാനുഭവം ആസ്വദിക്കുന്ന കാലം. പുത്തന്‍ അനുഭൂതിയാണ്  ഇത്തരം പ്രേരണകള്‍ക്ക് പിന്നില്‍ കുട്ടികളില്‍ പ്രവര്‍ത്തിക്കുന്നത്. കുഞ്ഞുങ്ങള്‍ ഒറ്റയ്ക്ക് നടക്കാനോ ഓടാനോ തുടങ്ങുമ്പോള്‍ തന്നെ മുതിര്‍ന്നവര്‍ ഓര്‍മ്മിപ്പിക്കും മോനേ , അല്ലങ്കില്‍ മോളേ ഓടരുത്. വീഴും. ഒറ്റയ്ക്ക് നടന്നാല്‍ അല്ലെങ്കില്‍ ഓടിയാല്‍ വീഴും എന്ന ചിന്ത കുട്ടികളില്‍ അതോടെ അടിച്ചേല്‍പ്പിക്കുന്നു. അതുവഴി താന്‍ സ്വയം നീങ്ങുന്നത് അപകടം വരുത്തുമെന്നുള്ള സന്ദേശമാണ് ആ കുഞ്ഞു കുട്ടിയുടെ മനസ്സിന്റെ അടിത്തട്ടിലേക്കു പോകുന്നത്.

 

എന്നിട്ടും അതിനെ അവഗണിച്ചുകൊണ്ട് കുട്ടി കുതറി മാറി ഓടാനും ചാടാനുമൊക്കെ ശ്രമിക്കുന്നു. കുട്ടി വീഴുന്നു. ചിലപ്പോള്‍ വല്ലാതെ മുറിവേല്‍ക്കുന്നു. നടത്തവും ഓട്ടവുമൊക്കെ പഠിച്ചു കഴിയുമ്പോഴേക്കും  കുട്ടി മനസ്സിലാക്കുന്നു മുതിര്‍ന്നവര്‍ ഓര്‍മ്മിപ്പിച്ചത് ശരിയാണെന്ന്. അവന്‍ അല്ലെങ്കില്‍ അവള്‍ മുതിര്‍ന്നതിന് ശേഷം ജൈവപരമായ പ്രത്യേകതകളാല്‍ വീഴാതെ ഓടിയെന്നിരിക്കും. എന്നാല്‍ സ്വന്തമായി എന്തിനെങ്കിലും മുന്നിട്ടിറങ്ങുമ്പോള്‍ ഉള്ളില്‍  എപ്പോഴും ഒരു ബ്രേക്കിടീല്‍ അനുഭവപ്പെടും. അത് ആ കുട്ടിയുടെ മുന്നോട്ട് നീങ്ങാനുള്ള ഊര്‍ജ്ജത്തില്‍ വീഴുന്ന തടയാണ്. ആ കുട്ടി അതിന്റെ ആദ്യ പ്രപഞ്ചാനുഭവങ്ങളിലേക്കാണ് സ്വന്തമായി നടക്കുന്നതും ഓടുന്നതും. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ കാണുന്നത് അവരുടെ മുന്നിലുളള വെറും പ്രതലവും. അതോടെ ആ കുട്ടി സംശയാലുവാകും. സംശയം വന്നാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. തുടര്‍ന്ന്‌ ആ കുട്ടി തന്റെ അച്ഛനമ്മമാരുടെ ഉപദേശം തേടുന്നു. അപ്പോള്‍ അച്ഛനമ്മമാര്‍ പുളകിതരാകുന്നു. തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ തങ്ങളോട് ചോദിക്കാതെ ഒന്നിനും മുതിരില്ല എന്നോര്‍ത്ത്.
        

 

മൂന്നര വയസ്സുള്ള ചേച്ചിയും ഒന്നര വയസ്സുള്ള തന്റെ അനുജന്‍ സ്വന്തമായി നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍, അതിന്റെ അമ്മ പെരുമാറുമ്പോലെ അനുജന്റെ അടുത്തെത്തി കവചം തീര്‍ത്ത് ഓടല്ലേ എന്നു പറയുന്നത് കാണാം. ആ മൂന്നര വയസ്സുകാരിയില്‍ അതിന്റെ അമ്മ പൂര്‍ണ്ണരൂപത്തില്‍ പ്രവേശിച്ചുകഴിഞ്ഞെന്നാണ് ആ കാഴ്ച വ്യക്തമാക്കുന്നത്. ചേച്ചി അനുജനെ വീഴാതെ നോക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ ആ കുട്ടിയെ കേള്‍ക്കെ പ്രശംസിക്കും, അനുജന്റെ കാര്യത്തിലെ ശ്രദ്ധയെ പറ്റി. സമൂഹം അതിന്റെ എല്ലാ ജീര്‍ണ്ണതകളെയും നാലു വയസ്സിന് മുമ്പ് ഒരു കുഞ്ഞില്‍ നിക്ഷേപിക്കുകയാണിവിടെ. അതിനാല്‍ രക്ഷിതാക്കള്‍ക്ക് രണ്ടുത്തരവാദിത്വമാണുള്ളത്. തന്റെ കുഞ്ഞിലേക്ക് തങ്ങളിലൂടെ സാമൂഹ്യജീര്‍ണ്ണത കടന്നു ചെല്ലരുത്, അതേ സമയം മറ്റുള്ളവരിലൂടെ കടന്നു ചെല്ലുന്നതിനെ കുട്ടിയറിയാതെ പിഴുതെറിയാനുള്ള വൈദഗ്ധ്യവും വേണം.
          

 

' ഓടല്ലേ, വീഴും' കേട്ടു വളരുന്ന കുട്ടികള്‍ സ്വന്തമായി തീരുമാനങ്ങളെടുത്ത്, ജീവിതത്തിലായാലും തൊഴിലിലായാലും മുന്നോട്ട് പോകാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, അവര്‍ക്ക് അതിന് കഴിയാതെ വരുന്നു. ചിലരില്‍ ഇത് സമ്മര്‍ദ്ദവും പിന്നീട് അത് രോഗാവസ്ഥപോലെയും കയറിക്കൂടുന്നു. അതിനാല്‍ പലരും ജീവിതത്തിലും തൊഴിലിലും പരാജയപ്പെടുന്നു. പരാജയത്തിന്റെ കാരണം അവര്‍ ആരിലെങ്കിലും കെട്ടിവയ്ക്കാനും ശ്രമിച്ചെന്നിരിക്കും. അപ്പോഴും അവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മുഖം തിരിക്കുകയാണ്. ആ ഘട്ടത്തിലെങ്കിലും യാഥാര്‍ത്ഥ്യത്തെ മുഖാമുഖം കാണാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.
       

 

അച്ഛന്റെയും അമ്മയുടെയും കൂടെ നടക്കുന്ന കുട്ടി കുതറി മാറി ഓടാന്‍ ശ്രമിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓടണ്ടാ വീഴും. കുട്ടി ഓടുന്നു. മറിഞ്ഞടിച്ചു വീഴുന്നു. ശരീരഭാഗങ്ങള്‍ മുറിയുന്നു. കുട്ടി ഉച്ചത്തില്‍ വേദനകൊണ്ട് കരയുന്നു. അപ്പോള്‍ കുഞ്ഞിനെ ആശ്വസിപ്പിച്ച് ഇതൊക്കെ സംഭവിക്കുന്നതാണെന്നും കുറച്ചു കഴിയുമ്പോള്‍ വേദന മാറുമെന്നും പറഞ്ഞ്, ഓടിയത് കുറ്റമായി ആ കുഞ്ഞിന് തോന്നാത്ത വിധത്തില്‍ പെരുമാറേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമണ്. പക്ഷേ സംഭവിക്കുന്നത് നേരെ മറിച്ചും. കുട്ടി വീഴുമ്പോള്‍ തന്നെ അതിന്റെ അടുത്തേക്ക് ഓടിയെത്തുന്നത്' അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ ഓടരുത് വീഴുമെന്ന്. ഇപ്പോ എന്തായി. പറഞ്ഞപോലെ സംഭവിച്ചില്ലേ' എന്ന് പറഞ്ഞുകൊണ്ടായിരിക്കും. നിഷ്‌കളങ്കരായ കുട്ടികള്‍ നോവുന്നതിനാല്‍ സത്യസന്ധമായി കരയും. മുതിര്‍ന്നവര്‍ ആ സമയം ആ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പറഞ്ഞത് കേള്‍ക്കാതെ ഓടി വീണതുകൊണ്ട് കരയാന്‍ പാടില്ല എന്നാണ്. കാരണം വീണത് കുട്ടിയുടെ കുറ്റം കൊണ്ടാണ്. കുട്ടിയുടെ മുറിവിനെ ശുശ്രൂഷിച്ചുകൊണ്ടും അച്ഛനമ്മമാര്‍ ഇതായിരിക്കും പറയുക. എന്നാല്‍ കുട്ടിയെ സംബന്ധിച്ചിടത്തോളം നോവ് മാത്രമേ ഉള്ളൂ. ക്രമേണ കുട്ടിയുടെ ബുദ്ധിയും മനസ്സും വികസിച്ചു വരുമ്പോള്‍ കുറ്റബോധം അവനില്‍ കയറിക്കൂടിക്കൊണ്ടിരിക്കും. അങ്ങനെ ആ കുട്ടിയിലെ നിഷ്‌കളങ്കത അഥവാ സത്യസന്ധത കഴുത്ത് ഞെരിക്കപ്പെടുന്നു. കൊച്ചുകുട്ടികളില്‍ സത്യസന്ധതയും നിഷ്‌ക്കളങ്കതയും ഒന്നാണ്.
           

 

സ്വയം കുറ്റപ്പെടുത്തി ശീലിക്കുന്ന കുട്ടി മുതിരുമ്പോള്‍ തെറ്റു ചെയ്യുന്നത് വലിയ പാതകമാണെന്ന് തിരിച്ചറിയുന്നു. അപ്പോള്‍ ആ കുട്ടി തെറ്റുകള്‍ ചെയ്യുന്നുവെങ്കില്‍ അത് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ കള്ളത്തരങ്ങള്‍ കാട്ടി മറ്റുള്ളവരുടെ മുന്നില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിക്കുന്നു. ഇതാണ് ക്രമേണ എന്തെങ്കിലും അസുഖകരമായ സംഗതി സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരില്‍ ചാരാനും സ്വയം രക്ഷപെടാനും ശ്രമിക്കുന്നത്. ഈ സ്വഭാവം തന്നെയാണ് മുതിരുമ്പോള്‍ അവരെ ആരും കാണാതെ കൈക്കൂലി വാങ്ങുന്നതിനും  കൊടുക്കുന്നതിനും  പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് അഴിമതിക്കെതിരെ യുദ്ധം നടത്തുന്തോറും അത് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ചുട്ടയിലേ ഉള്ളത് ചുടലവരെ നീളും ; സ്വയം മനസ്സിലാക്കി തിരുത്താന്‍ തയ്യാറാകാത്ത പക്ഷം. അപൂര്‍വ്വം പേരില്‍ മാത്രമേ അത് സാധ്യമാവുകയുളളു. ഇതിനര്‍ത്ഥം കൈക്കൂലി വാങ്ങാത്തവര്‍ എല്ലാവരും ഈ സാമൂഹ്യസ്വഭാവത്തില്‍ നിന്ന് പുറത്തു വന്നവരാണ് എന്നല്ല. അവരില്‍ മിക്കവരും തങ്ങള്‍ കൈക്കൂലിക്കാരല്ല എന്നറിയപ്പെടാന്‍ വേണ്ടി കൈക്കൂലി വാങ്ങാത്തവരാണ്. അത് അവരുടെ മഹത്വമായി സ്വയം ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ആ സ്വഭാവമാണ് അവരില്‍ തെല്ലും നേതൃത്വപരമായ ശേഷി അവശേഷിപ്പിക്കാതെ, മറ്റുള്ളവരെ കൈക്കൂലി വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കാതെയും ഇരിക്കുന്നത്. കൈക്കൂലിക്കാര്‍ കാശുണ്ടാക്കി സന്തോഷം നേടാന്‍  ശ്രമിക്കുന്നു, കൈക്കൂലി വാങ്ങാത്തവര്‍ ആ വ്യക്തിത്വത്തെ വീര്‍പ്പിച്ചു കാട്ടി സന്തോഷം ആസ്വദിക്കാന്‍ ശ്രമിക്കുന്നു.
        

 

ഇതെല്ലാം നാലഞ്ച് വയസ്സിനുള്ളില്‍ സമൂഹം തന്റെ രക്ഷിതാക്കളിലൂടെ കുട്ടിയില്‍ പ്രവേശിക്കുന്നതിനാലാണ്. ഓടാന്‍ ശ്രമിക്കുന്ന രണ്ടു വയസ്സുകാരന്‍ വീഴുമെന്നുള്ളത് ഉറപ്പാണ്. അപ്പോള്‍ അവനൊടോപ്പം ഓടി വീഴാന്‍ നേരം പിടിക്കുകയോ അല്ലെങ്കില്‍ വീഴ്ചയുടെ ആഘാതം കുറയ്ക്കുകയോ ചെയ്തിട്ട് പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ആ കുട്ടി സന്തോഷത്തിലും വര്‍ദ്ധിതമായ ആത്മവിശ്വാസത്തിലും വളര്‍ന്ന് വരും. ആന്തരികമായ ശക്തിയുള്ള കുട്ടിയായി മാറും. സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുത്ത് മുന്നേറും. തെറ്റുകുറ്റങ്ങള്‍ വന്നാല്‍ തളരുകയുമില്ല. അത് ആവേശമാക്കി പരിണമിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ആ കുട്ടി സ്വയം കുറ്റപ്പെടുത്തകയുമില്ല, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ അത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കാനും ശ്രമിക്കും. അങ്ങനെയുള്ള കുട്ടികള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസവുമുണ്ടാകും. അങ്ങനെയുള്ളവര്‍ മറ്റുള്ളവരിലേക്കു നോക്കി തങ്ങളുടെ രക്ഷ പ്രതീക്ഷിക്കില്ല. അവര്‍ക്ക് വ്യക്തിത്വവും ഉണ്ടാകും. അതിനാല്‍ അവര്‍ കൈക്കൂലി വാങ്ങുകയുമില്ല. കൈക്കൂലിക്കാര്‍ക്കെതിരെ നിലപാടെടുത്തില്ലെങ്കിലും കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമാവുകയും ചെയ്യും. അവരുടെ ജോലി ആസ്വാദ്യതയിലായിരിക്കും. സ്വാഭാവികമായും കൂടെയുള്ളവരും ജോലി ആസ്വദിച്ചു തുടങ്ങും. കൈക്കൂലിയേക്കാള്‍ ആസ്വാദനം തൊഴില്‍ നല്‍കുമ്പോള്‍ ആരും കൈക്കൂലി വാങ്ങില്ല. അങ്ങനെയുള്ള അപൂര്‍വ്വം ഓഫീസുകള്‍ കേരളത്തില്‍ തന്നെയുണ്ട്.
          

 

ചില മൃഗങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ സ്വയം പര്യാപ്തമാക്കുന്ന സമീപനം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടാതാണ്.കാണ്ടാമൃഗത്തിന്റെ കാര്യം എടുത്ത് നോക്കിയാല്‍ മതി. ഒരു ഘട്ടം എത്തുന്നതുവരെ തങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതില്‍ അവര്‍ സദാ ജാഗരൂകരായിരിക്കും.ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ അതുണ്ടാകില്ല. കോഴിക്കും ആ സ്വഭാവമുണ്ട്. മുതിര്‍ന്ന മനുഷ്യര്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്ന പക്ഷം യുവതലമുറക്കാര്‍ സ്വതന്ത്രമായി ജീവിക്കും. അല്ലെങ്കില്‍ മദ്യത്തിലും മയക്കുമരുന്നിലും വിവാഹമോചനത്തിലും വിഷാദരോഗത്തിനും അടിമകളായി അവര്‍  മാറും. അല്‍പ്പം സര്‍ഗ്ഗ ശേഷിയുളളവരായിരിക്കും ഇങ്ങനെ പരണമിക്കുക. ശരാശരിക്കാര്‍ സമൂഹം നിശ്ചയിച്ചിട്ടുള്ള വിധം എത്ര വലിയ പദവിയിലെത്തിയാലും ശരാശരിത്വവും കൈക്കൂലിയും തട്ടിപ്പും വെട്ടിപ്പുമായൊക്കെ മുന്നോട്ട് പോകും. അവര്‍ക്കുമുള്ള അഭയമാണ് മദ്യം.

 

Tags