കടല്‍ വളരെ ഇഷ്ടമുള്ള കുഞ്ഞ്. ആറ് മാസം പ്രായം മുതലേ കടലിനോടുള്ള ഇഷ്ടം അവന്‍ പ്രകടമാക്കുന്നുണ്ട്. അതറിഞ്ഞ് അവന്റെ രക്ഷിതാക്കള്‍ ഇടയ്ക്കിടെ അവനെ കടല് കാണിക്കാന്‍ കൊണ്ടുപോകാറുണ്ട്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ തിരയില്‍ അവനെ കുളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നേകാല്‍ വയസ്സുള്ളപ്പോള്‍ തിരയിലിറക്കി കുളിപ്പിച്ചതിന്റെ അനുഭവത്തില്‍ അവന്റെ അച്ഛനുമമ്മയും രണ്ടു വയസ്സാകാറായപ്പോള്‍ അവനെ വീണ്ടും കടപ്പുറത്തുകൊണ്ടുപോയി. തയ്യാറെടുപ്പുകളോടെ ഒരു പ്രഭാതത്തില്‍. തിരയില്‍ കുളിക്കാന്‍ തന്നെ.
തിര കരയില്‍ വന്ന് പിന്‍വാങ്ങുന്ന സ്ഥലത്ത് അവര്‍ മകനുമായി നിന്നു. കടലിനെ അവന്‍ പരിചയമില്ലാത്തതു പോലെ നോക്കി കുറേ നേരം അച്ഛന്റെ കൈയിലിരുന്നു. പിന്നെ മെല്ലെ അമ്മയുടെ കൈയിലേക്ക് ചെന്നു. കാരണം അമ്മയും ചെറിയ ഭയപ്പാടില്‍ തിരയിലേക്കിറങ്ങാതെ നില്‍ക്കുകയാണ്. അച്ഛന് തിരയില്‍ കുളിക്കുന്നത് വലിയ ആവേശവും. കുഞ്ഞിനെ നിര്‍ബന്ധിച്ച് തിരയില്‍ ഇറക്കുന്നത് ശരിയല്ല എന്ന ബോധ്യത്തില്‍ അവര്‍ അവനുമേല്‍ബലം പ്രയോഗിച്ചില്ല. തിര കരയിലേക്ക് അടിച്ചുകയറുമ്പോള്‍ അവന്‍ അമ്മയുടെ കൈയിലിരുന്നു വിറച്ചു. ശരീരമാസകലം. എന്നിട്ട് അച്ഛന്‍ തിരിയില്‍ കുളിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു.
അച്ഛനുമമ്മയ്ക്കും പ്രയാസമായി. കാരണം കുട്ടിക്കു വേണ്ടിയാണ് തയ്യാറെടുപ്പുകളോടെ അവര്‍ കടപ്പുറത്തെത്തിയത്. അവര്‍ തങ്ങളുടെ ആശങ്ക പരസ്പരം പങ്കു വച്ചു. എന്താണ് തന്റെ കുഞ്ഞിന് ആറേഴു മാസത്തിനിടയില്‍ പറ്റിയത്. അവനില്‍ പേടി കയറിക്കൂടിയോ? ഇങ്ങനെയായിരുന്നില്ലല്ലോ അവന്‍, എന്നൊക്കെ അവര്‍ ചിന്തിച്ചു. ഈ ആറേഴു മാസത്തിനുള്ളില്‍ അവന്‍ ഈ ലോകത്തു നിന്നു ഒട്ടേറ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാകും. ഉറപ്പാണ് ഓരോ നിമിഷവും അവന്‍ പ്രപഞ്ചരഹസ്യങ്ങള്‍ ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ വളര്‍ച്ചയാണ് അതിലൂടെ കാണിക്കുന്നത്. സ്വാഭാവികമായും ജീവിക്കുന്ന സമൂഹത്തില്‍ നിന്ന് കുറച്ച് പേടിയൊക്കെ അവനില്‍ കയറിക്കൂടിയിട്ടുണ്ടാകും. ഒന്നേകാല്‍ വയസ്സിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവന്‍ മനസ്സിലാക്കുന്നു. അതിനുപരി കടലിന്റെ അപാരതയെ അവന്‍ സ്വന്തം നിലയില്‍ അറിയുന്നുണ്ടാകും. മുതിര്‍ന്നവര്‍ കാണുന്ന അറിയുന്ന അനുഭവത്തിലാകില്ല അവന്‍ കടലിനെ കാണുന്നത്. അത് അവന്റെ ലോകമാണ്. രണ്ടാം വയസ്സില്‍ കടലിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു ലോകത്തെ അവന്‍ ഉള്ളിലേക്കു പ്രവേശിപ്പിക്കുകയാണ്. തണുത്തിട്ടല്ല മീനമാസ പ്രഭാതത്തില്‍ ചൂടുള്ള കടല്‍വെള്ളത്തിനു സമീപം അവന്‍ വിറച്ചത്.
അച്ഛന്റെ തിരക്കുളിയും കളിയും കുറേ നേരം നോക്കി നിന്നപ്പോള്‍ അവനു കൗതുകം വന്നു. അവന്‍ തിരയേയും അതിന്റെ വരവില്‍ അച്ഛന്റെ മുങ്ങലിനെയുമൊക്കെ കൗതുകത്തോടെ നോക്കാന്‍ തുടങ്ങി. കുറേ കഴിഞ്ഞപ്പോള്‍ അച്ഛന്‍ അവന്റെ അടുത്തേക്കു വന്നു. അപ്പോള്‍ അവന്റമ്മ ഒരു തിരയുടെ നാവിന്റെയറ്റത്ത് അവനെയൊന്നല്‍പ്പനേരം നിര്‍ത്തി. അത് അവനെ ഉല്ലാസവാനാക്കി. മെല്ലെ അച്ഛന്‍ കൈ നീട്ടിയപ്പോള്‍ അവന്‍ പോകാന്‍ തയ്യാറായി. തിരയുടെ നാമ്പണയുന്ന സ്ഥലത്ത് കുറച്ചു നേരം അച്ഛന്‍ അവനുമായി ഇരുന്നു. മെല്ലെ അല്‍പ്പം താഴേക്കിറങ്ങി. താമസിയാതെ അവനും തിരയില്‍ മുങ്ങുന്നതുവരെയെത്തി. എങ്കിലും അവന്റെ തല മുങ്ങാന്‍ അച്ഛന്‍ ആദ്യം അനുവദിച്ചില്ല. അപ്പോഴേക്കും ഓരോ തിരയേയും അവന്‍ ആവേശത്തോടെ വരവേറ്റു. അവന്റെ കാലുകള്‍ അച്ഛന്‍ മണ്ണുകൊണ്ടു മൂടി. അടുത്ത തിര വന്നപ്പോള്‍ ആ മണ്ണെല്ലാം എടുത്തുകൊണ്ടുപോയി. അവന്‍ അത്യാവേശത്തിലായി. ഇടയ്ക്ക് അവന്റെ വായില്‍ കടല്‍ വെള്ളം വീണു. ഉടന്‍ അവന്‍ പറഞ്ഞു,' പുളീ' . ഉടന്‍ അച്ഛന്‍ തിരുത്തി. പുളിയല്ല, ഉപ്പാണ്. പിന്നീടവന്‍ വായില്‍ വെള്ളം വീഴുമ്പോഴൊക്കെ ' ഉപ്പ്്്്.....' എന്ന് കൂകി വിളിച്ചുകൊണ്ടിരുന്നു. ആ സമയം പുളിയും ഉപ്പും തമ്മിലുള്ള വ്യക്തമായ വേര്‍തിരിവും കടല്‍ വെള്ളത്തിനു ഉപ്പുണ്ടാകുമെന്നുമുള്ള അറിവ് അവന്റെ പ്രപഞ്ചജ്ഞാനശേഖരത്തിലേക്ക് കയറിപ്പറ്റി.
അവന്റെ പ്രപഞ്ചവും അനുഭവും ഓരോ തിരയ്ക്കനുസരിച്ച് വികസിച്ചിട്ടുണ്ടാകണം. അല്‍പ്പം മുന്‍പ് വരെ അവനില്‍ പേടി സൃഷ്ടിച്ചിരുന്ന കടല്‍ത്തിര അവനില്‍ ആവേശമായി മാറി. വിറ മാറി. പകരം കുതിപ്പായി. ഒടുവില്‍ തിരയില്‍ നിന്നു കയറാന്‍ മടിയായി. കടലിനെ ഇഷ്ടമായിരുന്ന തന്റെ കുട്ടിക്ക് എന്തു പറ്റി എന്ന ചിന്തയില്‍ ബലം പ്രയോഗിച്ച് അവനെ കടല്‍ത്തിരയില്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഒരുപേക്ഷേ അവന്‍ ആ ഒറ്റ സംഭവം കൊണ്ട് ആജീവനാന്തം കടലിനെ പേടിക്കുന്ന അവസ്ഥയുണ്ടാകുമായിരുന്നു. മാത്രമല്ല ഒപ്പം പേടിയെന്ന വൈകാരികത കുട്ടിയില്‍ പന്തലിക്കുകയും ചെയ്യുമായിരുന്നു. കുട്ടികളെക്കൊണ്ട് മുതിര്‍ന്നവര്‍ ഒരു കാര്യവും ബലം പ്രയോഗിച്ചോ സമ്മര്‍ദം ചെലുത്തിയോ ചെയ്യിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഏതാനും മിനിട്ടുകളിലൂടെ ഈ കുട്ടിക്ക് സംഭവിച്ച പരിണാമം. അന്നു രാവിലെ വരെയുണ്ടായിരുന്ന അറിവോടു കൂടിയുള്ള കുട്ടിയല്ല ആ കടപ്പുറത്തു നിന്നു മടങ്ങിയപ്പോഴുള്ള കുട്ടി. പിന്നീട് കടല്‍ വെള്ളത്തിന്റെ രുചിയെന്താണെന്നു ചോദിക്കുമ്പോള്‍ കടപ്പുറത്തു വച്ച് ഉപ്പുവെള്ളം വായില്‍ കയറിയ ഭാവം പ്രകടിപ്പിച്ചുകൊണ്ട് ഉപ്പ് എന്ന് ആ കുട്ടി പറഞ്ഞു. ഈ ഉപ്പിന്റെ വേര്‍തിരിഞ്ഞു വന്ന അറിവ് അവന്റെ ജീവിതാവസാനം വരെ അവനോടൊപ്പമുണ്ടാകും.
ഉപ്പെന്നു കേള്‍ക്കുമ്പോള്‍ അവന്റെ ഉള്ളില്‍ കടല്‍വരും. കടലുമായി ചേര്‍ത്തായിരിക്കും അവന്‍ ഉപ്പിനെ അറിയുക തന്നെ. ഒടിച്ചാടിക്കളിക്കുന്ന പ്രായമെത്തി വിയര്‍ത്ത് വിയര്‍പ്പുതുള്ളി വായിലിറങ്ങുമ്പോഴും അവന്റെയുള്ളില്‍ കടല്‍ വരും. ചെറുക്ലാസ്സുകളില്‍ ഉപ്പിനെക്കുറിച്ച് പഠിക്കുമ്പോഴും കടല്‍ വരും. കടലിന്റെ അപാരത കണ്ട് വിറകൊണ്ട അവന്‍ കടല്‍ത്തിരയിലിറങ്ങി ആവേശംകൊണ്ടതുപോലെ, അവനെ മുതിര്‍ന്നവരും സമൂഹവും മലിനപ്പെടുത്താതിരിക്കുകയാണെങ്കില്‍ അവന്‍ ഒന്നിന്റെ മുന്നിലും പിന്നോട്ടു പോകില്ല. ഏതു പ്രതിസന്ധിയെയും ഏതു വന്‍ സംഭവങ്ങളെയും അവന്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങും. മുതിര്‍ന്നവര്‍ കുട്ടികളെ പഠിക്കാന്‍ വിടുമ്പോള്‍ ഇതാണ് ശ്രദ്ധിക്കേണ്ടത്. കടലിലിറങ്ങി ഉപ്പു നുണയാത്ത കുട്ടി പുസ്തകത്തിലൂടെ ഉപ്പിനെപ്പറ്റി പഠിക്കുന്നതും, കടലിലിറങ്ങി ഉപ്പും പുളിയും വേര്‍തിരിഞ്ഞറിഞ്ഞ കുട്ടി പഠിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടാകും. ഉപ്പിനെ അറിഞ്ഞ കുട്ടി തന്റെ അനുഭവത്തിലുള്ളതിനെ ഒന്നുകൂടി പരിചയപ്പെടുന്നു. ആ അനുഭവമില്ലാത്ത കുട്ടിക്ക് തലയിലും പുസ്തകത്തിലും പിന്നെ ഭക്ഷണത്തിലും മാത്രം കുടികൊള്ളുന്ന പ്രതിഭാസമായി ഉപ്പു നിലനില്‍ക്കും.