Skip to main content

teddy bear and boy

image credit- exposure guide-adrian murray

ടെഡ്ഡി ബെയറുമായി കളിക്കാത്ത ബാല്യം ഇന്ന് , പ്രത്യേകിച്ചും കേരളത്തില്‍ നന്നേ കുറവായിരിക്കും. ഒന്നര വയസ്സു കഴിയുമ്പോഴേക്കും കുട്ടികള്‍ അത്യാവശ്യം ഭാവനയുടെ ലോകത്തിലേക്ക് ഊര്‍ജ്ജസ്വലമായി പ്രവേശിക്കും. പാവകളോടും മറ്റും അവര്‍ സംസാരിക്കും. ആ സംഭാഷണവും അവരുമായുള്ള കളിയും മുതിര്‍ന്നവര്‍ക്ക് , പ്രത്യേകിച്ചും അവരുടെ അച്ഛനമ്മമാര്‍ക്ക് വളരെ കൗതുകമുണര്‍ത്തുന്നതുമായിരിക്കും. ഏതാണ്ട് ഒന്നേമുക്കാല്‍ വയസ്സായ കുട്ടി. അവന്റെ ഉറ്റ സുഹൃത്താണ് തന്റെ തോള് വരെ വലിപ്പമുള്ള ടെഡ്ഡിബെയര്‍. ഒന്നുകില്‍ അത് അവന്റെ ഒക്കത്ത്, അല്ലെങ്കില്‍ അവന്‍ അവന്റേതായ വീടുണ്ടാക്കുകയാണെങ്കില്‍ അതിലെ അംഗം. ടിയാന്‍ മിക്ക സമയവും ടെഡ്ഡിയുമായി സംസാരിച്ചുകൊണ്ടുമിരിക്കും.
      

 

അവന്റെ സംഭാഷണം വാചക രൂപം പ്രാപിച്ചു വരുന്ന സമയമേ ആയിട്ടുള്ളൂ. മൂന്നു വാചകങ്ങള്‍ മാത്രം ഘടനാപരമായി തെറ്റില്ലാതെ ടിയാന്‍ സംസാരിക്കും. ഈ സംഭാഷണം ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവന്റെ അമ്മയും അച്ഛനും തമ്മിലുള്ള സംഭാഷണമായിരിക്കും മിക്കവാറും അവന്‍ ആവര്‍ത്തിക്കാറ്. ഒരിക്കല്‍ അവന്‍ ടെഡ്ഡിയെ എടുത്ത് ഒക്കത്തു വച്ചിട്ട് ടെഡ്ഡിയെ ആശ്വസിപ്പിക്കുന്നു' ടെഡ്ഡി, കരയല്ലേ, കരയല്ലേ' എന്നു പറഞ്ഞുകൊണ്ട്, ആശ്വാസ വാക്കിനൊപ്പം തടവുകയും ചെയ്യുന്നുണ്ട്. സംശയമില്ല, അവന്‍ കരയുമ്പോള്‍ അവന്റെ അച്ഛനും അമ്മയും ആശ്വസിപ്പിക്കുമ്പോള്‍ അവനറിയുന്ന സ്വാന്തന സുഖം അവന്‍ ടെഡ്ഡിക്കും പകര്‍ന്നു നല്‍കുകയാണ്. അതേ സമയം ഒരു സമൂഹത്തെ ഒന്നാകെ അവന്‍ അതിലൂടെ ഏറ്റുവാങ്ങുകയും ചെയ്തു കഴിഞ്ഞു.
     

 

ടെഡ്ഡി, കരയല്ലേ എന്നു പറഞ്ഞാശ്വസിപ്പിച്ചതില്‍ അവന്റെ അച്ഛനമ്മമാരിലൂടെ ഉള്ളില്‍ പ്രവേശിച്ചത് സമൂഹത്തിന്റെ അക്ഷമയാണ്. ഒരു വ്യക്തി, കുഞ്ഞായാലും വലുതായാലും കരയുന്നത് വിഷമം കൊണ്ടാണ്. കുഞ്ഞുങ്ങളാണെങ്കില്‍ അസൗകര്യം മൂലം അവര്‍ അനുഭവിക്കുന്ന വിഷമത്തെ ചുറ്റുപാടുമുള്ളവരുമായി സംവദിക്കാനാണ് കരയുന്നത്. കാരണം കുഞ്ഞിന്റെ മുഖ്യ സംവേദന ഭാഷ കരച്ചിലാണ്. മിക്ക മാതാപിതാക്കള്‍ക്കും ഒരു പരിധി വരെ അവരുടെ കരച്ചിലില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയും. പക്ഷേ ചില ചിട്ടവട്ടങ്ങള്‍ സമൂഹം ഉറപ്പിച്ചു വച്ചിട്ടുണ്ട്. അത് തലമുറകളായി അറിയാതെ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു കൊടുക്കപ്പെടുന്നു.
      

 

കുഞ്ഞുങ്ങള്‍ കരയുന്നത് മുതിര്‍ന്നവര്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതവരോടുള്ള സ്‌നേഹവും കരുതലും കൊണ്ടാണ് സംശയമില്ല. എന്നാല്‍ ഒരു കുഞ്ഞ് ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നിര്‍ത്താതെ വരുമ്പോള്‍ അച്ഛനമ്മമാര്‍ പറയും കരയാതെ മോനേ, മോളേ എന്ന്. പക്ഷേ കുഞ്ഞ് സാംസ്‌കാരിക ജീവി ആയിട്ടില്ലാത്തതിനാല്‍ സ്ഥലകാല ഭേദം നോക്കാതെ കരഞ്ഞുകൊണ്ടിരിക്കും. ആ സമയം സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്താതിരിക്കാനുളള കാരണം അറിയാനും കഴിയും.പക്ഷേ മുതിര്‍ന്നവര്‍ കരയാതെ, കരയാതെ എന്നു പറഞ്ഞുകൊണ്ടിരിക്കും. കാരണം കുഞ്ഞിന്റെ കരച്ചില്‍ മുതിര്‍ന്നവര്‍ക്ക് വിശേശിച്ചും അവന്റെ അച്ഛനമ്മമാര്‍ക്ക് സഹിക്കാന്‍ പറ്റില്ല. കാരണം അതാണ്. കരച്ചില്‍ നിര്‍ത്താതെ വരുന്ന കുട്ടികളെ ശാസിക്കുകയോ, ശാസനാ രൂപത്തില്‍ കരയാതെ കൊച്ചേ എന്ന് ഉറക്കെപ്പറയുകയോ ഒക്കെ ചെയ്യുന്നത് കൊടിയ പാപമാണ്. ആ കുഞ്ഞിനോടും അവനനവനോടും സമൂഹത്തോടും ചെയ്യുന്ന പാപം.

      

എല്ലാവരും സന്തോഷം വന്നാല്‍ ചിരിക്കും. തമാശ കേട്ടാല്‍ ചിരിക്കും. പക്ഷേ വിഷമം വന്ന് കരയുകയാണെങ്കില്‍ അതിനു ചില മാനദണ്ഡങ്ങളുണ്ട്. ദുര്‍ബലരായ സ്ത്രീകള്‍ പെട്ടെന്നു കരയും. സ്ത്രീവിമോചനവാദികളാണെങ്കില്‍ കരച്ചിലിനു പകരം കലിതുള്ളും. ആണുങ്ങളാണെങ്കില്‍ കരയാന്‍ പാടില്ല. ഇങ്ങനെയൊക്കെയുള്ള ചിട്ടവട്ടങ്ങള്‍. ഉള്ളില്‍ ഉണ്ടാകുന്ന വേദനയാല്‍ ഉറഞ്ഞുകൂടുന്ന ഊര്‍ജ്ജത്തെ പുറംതള്ളലാണ് കരച്ചില്‍. വേദന അസഹ്യമാകുമ്പോള്‍ വര്‍ദ്ധിതമായി ഉറഞ്ഞു കൂടുന്ന ഊര്‍ജ്ജത്തെ പുറത്തേക്കു ചീറ്റിച്ചു വിടീലാണ് ദേഷ്യം. കരച്ചിലിലേക്കു വരാം. കരയുന്നവര്‍ വിഷമം സഹിക്കാതെ ആശ്വാസത്തിനായി കരയുമ്പോഴാണ് അടുത്തു നില്‍ക്കുന്നവര്‍ ഓടിയെത്തി പറയും. കരയാതെ ,കരയാതെ എന്ന്. ഇത് കേള്‍ക്കുന്ന വ്യക്തിയും പറയുന്ന വ്യക്തിയും കരുതുന്നത് ആശ്വസിപ്പിക്കലാണെന്നാണ്. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. ഉറഞ്ഞുകൂടിയ വികാരത്തെ കരഞ്ഞു പുറത്തേക്കു വിടാനും പറ്റില്ല, കരയരുതെന്ന് അടുത്തയാള്‍ പറഞ്ഞത് അനുസരിക്കുകയും വേണം. അതാണ് പലപ്പോഴും ആള്‍ക്കാരെ വിങ്ങിപ്പിക്കുന്നത്. കരയുന്നത് കാണുമ്പോഴുണ്ടാകുന്ന സഹനമില്ലായ്മയാണ് അവരെ ആശ്വസിപ്പിക്കലിലേക്ക് നയിക്കുന്നത്.
      

 

ചിരിക്കുന്നതുപോലുളള പ്രക്രിയ തന്നെയാണ് കരച്ചിലും. വിഷമം വരുമ്പോള്‍ തടഞ്ഞുനിര്‍ത്താതെ കരയാനുള്ള അവകാശം ആര്‍ക്കുമുണ്ട്. കരയുന്നത്, കരച്ചില്‍ വന്നിട്ട് കരയാതിരിക്കുന്നതിനേക്കാള്‍ എത്രയോ ഉദാത്തമാണ്. ഒന്നുകില്‍ വൈകാരികമായ സത്യസന്ധതയെങ്കിലും സംഭവിക്കുന്നു അവിടെ. മാത്രമല്ല കരഞ്ഞുകഴിഞ്ഞാല്‍, കരയുന്നവര്‍ക്ക് ആശ്വാസവും ലഭിക്കും. കരയുന്നവരുടെ ദേഹത്തു പിടിക്കുന്നതും, സമീപത്തെത്തുന്നതും അനുതാപപൂര്‍വ്വം നോക്കുന്നതുമൊക്കെ കരയുന്നവര്‍ക്ക് ആശ്വാസമാണ്. അതേ സമയം അവരെ കരയാന്‍ കൂടി അനുവദിക്കുകയാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കുകയും അവര്‍ താമസിയാതെ കരച്ചില്‍ നിര്‍ത്തി വൈകാരിക സന്തുലിതത്വം നേടുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന മാനസികാവസ്ഥയ്ക്കു പകരം, അവരെ നിയന്ത്രിക്കാനുള്ള സാമൂഹ്യസ്വഭാവമാണ് കരയരുത് എന്ന പറച്ചിലില്‍ പ്രകടമാകുന്നത്. പറയുന്നവരുടെ അസ്വസ്ഥത അകറ്റുന്നതിന് കരയുന്നവരെ ഉപാധിയാക്കുന്നു.
      

 

ഇവിടുത്തെ ടെഡ്ഡിയുടെ കൂട്ടുകാരന്‍ കരയുമ്പോഴും അവന്‍ കേള്‍ക്കുന്നുണ്ടാവും കരയാതെ മോനെ എന്ന്. പകരം അവന്റെ കരച്ചിലിലേക്ക് വാത്സല്യപൂര്‍വ്വം ശ്രദ്ധിക്കുകയാണെങ്കില്‍ അവന്‍ മിക്കവാറും കരച്ചില്‍ നിര്‍ത്തും. നിര്‍ത്തിയില്ലെങ്കില്‍ എന്തിനാണ് കരയുന്നതെന്ന് അവനെ ശ്രദ്ധിച്ചും ചില ഒബ്ജകടീവ് ടൈപ്പ് ചോദ്യങ്ങള്‍ ചോദിച്ചും മനസ്സിലാക്കാം. അതൊരു നല്ല പരിശീലനം കൂടിയാണ്. മറ്റൊരു വ്യക്തിയെ മനസ്സിലാക്കാനുള്ള ബാലപാഠങ്ങളും മറ്റുള്ളവരെ ശ്രദ്ധയോടെ കേള്‍ക്കാനുമുള്ള ശീലം അവനില്‍ രൂപപ്പെടും. അതവന്റെ നേതൃത്വപാടവത്തിലും സഹാനുഭൂതി സൃഷ്ടിക്കുന്നതിലും സര്‍വ്വോപരി അവന്റെ സ്വാതന്ത്ര്യബോധത്തേയും ഗുണകരമായി സ്വാധീനിക്കും. ഇങ്ങനെയുള്ള സ്വാതന്ത്ര്യം ലഭ്യമാകുമ്പോഴാണ് കുട്ടികളില്‍ സര്‍ഗ്ഗാത്മകതയും ധൈര്യവും സംഭവിക്കുക. സമൂഹം ഉറപ്പിച്ചിട്ടുള്ള മാമൂലുകളില്‍ നിന്ന് അവനും അവളും പുറത്തു വരികയും ചെയ്യും.
    

 

ടെഡ്ഡി കരയല്ലേ  എന്ന് ഒന്നേമുക്കാല്‍ വയസ്സുകാരന്‍ പറയുമ്പോള്‍ കേട്ടു നില്‍ക്കുന്ന മുതര്‍ന്നവര്‍ ' ടെഡ്ഡിക്ക് വിഷമം വന്നിട്ടാകും മോനെ, അവന്‍ കരഞ്ഞുകൊളളട്ടെ ' എന്നു പറയുകയാണെങ്കില്‍ ഒറ്റത്തവണകൊണ്ട് സമൂഹത്തിന്റെ ഒരു ശീലത്തെ അവനില്‍ നിന്നും സന്തോഷത്തോടെ ഒട്ടും നോവില്ലാതെ പിഴുതെറിയാന്‍ കഴിയും. മാത്രമല്ല, ടെഡ്ഡി കരയരുതെ എന്നു പറയുന്നത് അവന്റെ ഭാവനയില്‍ നിന്നാണ്. മുതിര്‍ന്നവര്‍ കരഞ്ഞോട്ടെ മോനെ, എന്നു പറയുമ്പോള്‍ അവന്‍ സൃഷ്ടിച്ച ഭാവനാ ലോകത്തില്‍ മറ്റുള്ളവരും പങ്കുകൊണ്ടു എന്നവനറിയും. അതുവഴി അവനോടൊപ്പം മുതിര്‍ന്നവരും കളിക്കുന്നു, എന്നും അറിയും, അബോധമായി താന്‍ ശ്രദ്ധിക്കപ്പെടുന്നു എന്ന ബോധം അവനിലുളവാക്കും. അതിലൂടെ അവന് അവനെക്കുറിച്ച് മതിപ്പുണ്ടാകും. അത് അവന്റെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ദൃഢീകരിക്കും. മാത്രമല്ല സഹാനുഭൂതി എന്ന ഭാവം അവനില്‍ വളരുകയും ചെയ്യും. കുഞ്ഞിന്റെ വൈകാരികാരോഗ്യം വര്‍ദ്ധിക്കുന്നതിനൊപ്പം വലിയ സാമൂഹ്യ ദൗത്യം കൂടിയാണ് ഇവ്വിധമുള്ള വീടിനുളളിലെ മാതാപിതാക്കളുടെ കുഞ്ഞുകുഞ്ഞു ഇടപെടലുകള്‍.

 

Tags