Skip to main content

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് പടിഞ്ഞാറോട്ട് നീങ്ങിയതോടെയാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നവംബര്‍ 1 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ കേരള തീരം മുതല്‍ കര്‍ണാടക തീരം വരെ നിലവിലുള്ള ന്യൂനമര്‍ദ്ദ പാത്തി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയായി മാറി. ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും, ഇടിമിന്നലിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് രാത്രിമുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.