Skip to main content

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചത്. എം.ശിവശങ്കറിന് തിരുവനന്തപുരം സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ് കുറ്റപത്രം. ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രത്തില്‍ 29-ാം പ്രതിയായാണ് ശിവശങ്കറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. ഏതെങ്കിലും മന്ത്രിമാര്‍ക്കോ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കോ സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കസ്റ്റംസിനായിട്ടില്ല. സ്വര്‍ണക്കടത്തിന്റെ മറ്റൊരു ഇടനിലക്കാരനായ ഫൈസല്‍ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നതില്‍ പിന്നീട് തിരുമാനമെടുക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത അറ്റാഷെയും കോണ്‍സുല്‍ ജനലറും നിലവില്‍ പ്രതികളല്ല. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തു നില്‍ക്കുകയാണെന്ന് കസ്റ്റംസ് പറയുന്നു. സ്വര്‍ണക്കടത്തിന് ഒത്താശയും സഹായവും ചെയ്ത സ്വപ്ന സുരേഷും പിആര്‍ സരിത്തും സന്ദീപ് നായരും അതില്‍ നിന്നുള്ള ലാഭം കൈപ്പറ്റിയെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറികള്‍ക്കാണ് സ്വര്‍ണം കൈമാറിയത്. ജൂവലറികളുടെ ഉടമകളടക്കമുള്ളവരെ കസ്റ്റംസ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനുണ്ടായിരുന്നു. ഇത്രയും ഉന്നത പദവിയിലുള്ള ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ മറ്റേതെങ്കിലും തരത്തില്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ നിന്നും സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താന്‍ കസ്റ്റംസിനായിട്ടില്ല.