Skip to main content

ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം. മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി എടുക്കാന്‍  ഇടപെടണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് കേരളം കത്തയച്ചത്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് അത്തരം പരാമര്‍ശം നടത്തിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്ന, ദില്ലി സര്‍വ്വകലാശാല അധ്യാപകന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്.ആര്‍.സി.സി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു.  ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് അധ്യാപകന്‍ ആരോപിച്ചത്. കിരോഡി മാല്‍ കോളേജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍.എസ്.എസ് ബന്ധമുള്ള അദ്ധ്യപക സംഘടനയുടെ മുന്‍ പ്രസിഡന്റാണ് പാണ്ഡെ. ഡല്‍ഹിയില്‍ വന്നു പഠിക്കാനായി കേരളത്തിലുള്ളവര്‍ക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.

മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ അധ്യാപകനായ രാകേഷ് പാണ്ഡെയെ അധ്യാപക സംഘടന തള്ളി. മുന്‍ പ്രസിഡന്റായ അധ്യാപകന്റെ പ്രസ്താവനയുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍.എസ്.എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണല്‍ ഡെമേക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ അവസരമാണ്. മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് അനുകൂലമാണ് എന്നും സംഘടന വ്യക്തമാക്കി.