Skip to main content

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ല. ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജ ദില്ലിയില്‍ പറഞ്ഞു. എന്നാല്‍ താനും പാര്‍ട്ടി ഭരണഘടന വായിക്കാറുണ്ടെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. സി.പി.ഐ സംസ്ഥാന ഘടകവും ജനറല്‍ സെക്രട്ടറിയും തമ്മില്‍ തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍ കടക്കുന്നത്. 

ആനി രാജയുടെ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനത്തെയും ജനറല്‍ സെക്രട്ടറിയുടെ പിന്തുണയേയും നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ ദേശീയ നേതാക്കള്‍ സംസ്ഥാന വിഷയത്തില്‍ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന സമിതി യോഗം ചേര്‍ന്നപ്പോഴും ആനി രാജക്കും പിന്തുണച്ച ജനറല്‍ സെക്രട്ടറിക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ കൗണ്‍സിലിന് ശേഷം ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ കാനത്തെ പരസ്യമായി തള്ളി ഡി രാജ രംഗത്തെത്തിയത്.

ആനി രാജയുടെ പരാമര്‍ശങ്ങള്‍ക്കുള്ള പിന്തുണ വാര്‍ത്തസമ്മേളനത്തില്‍ ഡി രാജ ആവര്‍ത്തിച്ചു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ലെന്ന് ഡി രാജ പറഞ്ഞു. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ദേശീയ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ഡി രാജ വിമര്‍ശിച്ചു. കേരള ഘടകം എതിര്‍പ്പ് അറിയിച്ചിട്ടില്ല. മാധ്യമവാര്‍ത്തകള്‍ മാത്രമേ ഉള്ളൂവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യം പരിശോധിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തെയും ഡി രാജ തള്ളി. കനയ്യയുടേത് വഞ്ചനായാണെന്നത് തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് രാജ വ്യക്തമാക്കി. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനയ്യ കുമാറിന്റെ കാര്യത്തില്‍ വസ്തുത മനസ്സിലാക്കണമായിരുന്നുവെന്നും കാനത്തിന്റെ പരാമര്‍ശം ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.