Skip to main content

അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കി. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. പരാതിയില്‍ കഴമ്പുണ്ടോയെന്നായിരുന്നു പ്രാഥമിക പരിശോധന. വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

കെ.കരുണാകരന്‍ ട്രസ്റ്റ്, കണ്ണൂര്‍ ഡി.സി.സി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു ആരോപണം. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാല ജൂണ്‍ ഏഴിന് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇനിയുള്ള തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്.

1987 മുതല്‍ 93 വരെ സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു പിന്നീട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്‍ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയില്‍ ഉള്‍പ്പെടെ കെ സുധാകരന്‍ ക്രമക്കേട് നടത്തി എന്നാണ് ബാബുവിന്റെ ആരോപണം. തന്റെ കൈയില്‍ എല്ലാ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു.